നടി ജമീല മാലിക് അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ ആദ്യകാല നടി ജമീല മാലിക് (73) അന്തരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയായിരുന്നു ജമീല മാലിക്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം പാലോടുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
1946-ല്‍ ആലപ്പുഴയിലെ മുതുകുളത്തായിരുന്നു ജമീല മാലിക്കിന്റെ ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം തിരികെയെത്തിയ ജമീലയുടെ ആദ്യചിത്രം 1972-ല്‍ പുറത്തിറങ്ങിയ റാഗിങ് ആണ്. ജി.എസ്.പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്നു. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. വിവിധ ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ജമീല മാലിക് അനേകം റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.
Comments are closed.