നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിയ്ക്കുവാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്നെ കുടുക്കാന്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടത്തിയിട്ടുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിയുടെ ജൂനിയറായ രജ്ജീത റോത്ഗിയാണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിസ്തുമസ് അവധിക്കു പിരിയുന്നതിനു മുമ്പായി ഹര്‍ജി കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.
ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജികള്‍ നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.തെളിവുകള്‍ കൈമാറാനാവില്ലെന്ന പൊലീസ് നിലപാടിനോട് യോജിച്ചായിരുന്നു കോടതി നടപടി. കുറ്റപത്രത്തിനൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്കു കൈമാറണമെന്ന് ഹൈക്കോടതിയോട് ദീലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഏഴു രേഖകള്‍ കൈമാറാനാവില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
Comments are closed.