നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കായി വനിതാ ജഡ്ജി, ദിലീപിന്റെ ഹര്‍ജി തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗ്ഗീസിനായിരിക്കും വിചാരണ ചുമതല. ഒന്‍പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടാണ് വനിതാ ജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചിരിക്കുന്നത്. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും എറണാകുളത്ത് വനിതാ ജഡ്ജിയില്ലെന്ന കാരണത്താല്‍ ആവശ്യം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതിയെന്ന ആവശ്യവും വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന അപേക്ഷയും പരിഗണിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അതേസമയം വിചാരണക്കോടതി മാറ്റുന്നതിനെതിരെ മുഖ്യപ്രതികളായ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിചാരണ നടപടികള്‍ ഇനി എറണാകുളം സി.ബി.ഐ കോടതിയില്‍ നടക്കും.
Comments are closed.