DCBOOKS
Malayalam News Literature Website

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും

ബംഗളൂരു: കമലഹാസനും രജനീകാന്തിനും പിന്നാലെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് അറിയിച്ചു.

പുതുവര്‍ഷപ്പുലരിയില്‍ ആരാധകര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച ട്വീറ്റിലാണ് താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ‘2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കും. ഏത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കും.’ അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യവും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നതായിരുന്നു 2014-ലെ ബി.ജെ.പിയുടെ മുദ്രാവാക്യം. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്നതിനോ സംബന്ധിച്ചോ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.

സിനിമാഭിനയത്തിനു പുറമേ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ഏറെ സജീവമാണ് പ്രകാശ് രാജ്. ബി.ജെ.പിയുടെ രാഷ്ട്രീയനയങ്ങളെയും മോദി സര്‍ക്കാരിന്റെ ഭരണത്തെയും നിരന്തരം വിമര്‍ശിക്കുന്ന പ്രകാശ് രാജ് ഉറ്റസുഹൃത്തും പത്രപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തോടെയാണ് കൂടുതല്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ ആരംഭിച്ചത്.

Comments are closed.