നടന്‍ കൊല്ലം അജിത് അന്തരിച്ചു
നടന്‍ കൊല്ലം അജിത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അജിത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്.
സംവിധായകന്‍ പത്മരാജന്റെ സഹായിയാകാന്‍ അവസരം ചോദിച്ചെത്തിയതുമുതലാണ് അജിതിന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പത്മരാജന്‍ 1983 ല്‍ പുറത്തിറങ്ങിയ തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അജിത്തിന് അവസരം നല്‍കുന്നതോടെ വെള്ളിത്തിരയിലെ താരമായി മാറുകയായിരുന്നു അജിത്.
1989 ല്‍ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയില്‍ അജിത് നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കളാണ്. രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും.
Comments are closed.