നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ കഴിഞ്ഞ ജൂലൈയിലാണ് തിരികെ കേരളത്തില്‍ എത്തിച്ചത്. ഭാര്യ: പ്രമീള, രവിരാജ് ഏകമകനാണ്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ഓമല്ലൂരില്‍ 1950 ജൂണ്‍ 27നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 21-ാമത്തെ വയസ്സില്‍ സൈനികനായി ഇന്ത്യന്‍ ആര്‍മിയില്‍ പ്രവേശിച്ച ക്യാപ്റ്റന്‍ രാജു വിരമിച്ച ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് ക്യാപ്റ്റന്‍ രാജു ഭൂരിഭാഗം സിനിമകളിലും പ്രത്യക്ഷപ്പെട്ടത്.
1981-ല്‍ പുറത്തിറങ്ങിയ രക്തം ആദ്യചിത്രമാണ്. ആവനാഴി, ആഗസ്റ്റ് 1, നാടോടിക്കാറ്റ്, ഒരു സിഐഡി ഡയറിക്കുറുപ്പ്, മുദ്ര, കാബൂളിവാല, ഒരു വടക്കന്‍ വീരഗാഥ, ഉദയപുരം സുല്‍ത്താന്‍, സി.ഐ.ഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അദ്ദേഹം നിര്‍ണ്ണായകമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസാണ് ഒടുവില്‍ അഭിനയിച്ച മലയാളസിനിമ. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി 99.99 എന്നീ ചിത്രങ്ങള്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളാണ്.
Comments are closed.