DCBOOKS
Malayalam News Literature Website

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക മേരി റോയ് (86) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി മേരി റോയ് ചരിത്രത്തില്‍ ഇടം നേടി.

പിതൃസ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്.

കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെയും മകളായി 1933-ല്‍ ജനിച്ച മേരി ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലും ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്.

തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയില്‍ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മേരിക്ക് 1966-ല്‍ ഇഷ്ടദാനമായി നല്‍കിയിരുന്നു. ആ വീട് വിറ്റ് 1967-ല്‍ കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി ഹൈ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്‌കൂളിന്റെ നിര്‍മ്മാണ ചുമതല. തുടക്കത്തില്‍, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ ഏഴുപേരാണ് സ്‌കൂള്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിലെ കോട്ടേജില്‍ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവര്‍ സ്‌കൂള്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂള്‍ രാജ്യത്തെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ്.

ബുക്കര്‍ സമ്മാനം നേടിയ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ് (കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍)’ അരുന്ധതി റോയ് സമര്‍പ്പിച്ചത് അമ്മയ്ക്കായിരുന്നു.

Comments are closed.