വെളിച്ചം കിട്ടാത്ത ഒരാത്മാവ്
അധികാരത്തിന്റെ കൊട്ടാരക്കെട്ടുകളിൽനിന്നിറങ്ങി മൗനപഞ്ജരത്തിൽ വസിച്ച സി അച്യുത മേനോന്‍ എന്ന ഭരണാധികാരിയുടെ ഓർമ്മകളും നിരീക്ഷണങ്ങളും പകർത്തിയ വിവാദഗ്രന്ഥമാണ് തെക്കുംഭാഗം മോഹന്‍ രചിച്ച ‘അച്ചുതമേനോന്‍ മുഖംമൂടിയില്ലാതെ ‘. ഏറെ നാളിലെ മൗനത്തിനുശേഷം ചരിത്രത്തെരൂപപ്പെടുത്തിയ സംഭവവികാസങ്ങൾക്കു പിന്നിലെ അറിയാക്കഥകളെ തുറന്നെഴുതുന്ന പുസ്തകം.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഏതു പവിത്രകര്‍മ്മത്തിനും പാപക്കറകളുടെ കുറെ പുരാവൃത്തങ്ങള്‍ പറയാനുാകും. പവിത്രമായ ജനാധിപത്യപ്രക്രിയയ്ക്കും ചില ചതിക്കുഴികളുണ്ട്. ആര്‍ക്കും രക്ഷപെടാനാകാത്ത—ധര്‍മ്മബോധമുള്ളവരെ ആയുഷ്‌ക്കാലം നെരിപ്പോടിലേക്കു വലിച്ചെറിഞ്ഞുനീറ്റാന്‍—കാലം ഒരുക്കിവച്ചിരിക്കുന്ന ചതിക്കുഴികള്‍. അവയെ ജനാധിപത്യ സംവി ധാനത്തിന്റെ അനിവാര്യമായ ദുരന്തങ്ങളായി കണ്ടു സമാധാനിക്കയേ നിവൃത്തിയുള്ളു. എങ്കിലും താങ്കള്‍ അതു ചെയ്യിച്ചല്ലോ എന്നു നാമോരോരുത്തരും അറിയാതെ പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ ഇത്തിരിബോധം തീര്‍ക്കുന്ന പ്രതിക്കൂട്ടില്‍ നിറുത്തി ഭരണാധികാരിയെ കുറ്റവിചാരണ നടത്തുമ്പോള്‍ ആ മനുഷ്യന്റെ നിസ്സഹായതയും നിരപരാധിത്വവും വേണ്ട വിധത്തില്‍ ബോധ്യപ്പെടാറില്ല. ഇന്നും അച്ചുതമേനോനിലെ ഭരണാധികാരിയെ നാം പ്രതിക്കൂട്ടില്‍ നിറുത്തുന്നു. അദ്ദേഹം നയിച്ച ജനാധിപത്യത്തിന്റെ തേരുരുള്‍ച്ചക്രങ്ങളില്‍പ്പെട്ടു ചതഞ്ഞരഞ്ഞു
പോയ ‘രാജന്‍’ എന്ന എന്‍ജിനീയറിംഗ് കോളേജു വിദ്യാര്‍ത്ഥിയുടെ പേരില്‍ അതിന്റെ പേരില്‍ ആ മഹാനായ ഭരണാധികാരിയെ ആയുഷ്‌ക്കാലം മുഴുവന്‍ നാം നടത്തിയ വിചാരണകളൊക്കെ ഏകപക്ഷീയമായിരുന്നു. സ്വന്തം വീടിന്റെ കോലായില്‍ ഒന്നും പറയാതെ തലകുനിച്ചിരുന്ന ആ മഹാമുനിയുടെ മുന്നിലൂടെ കേഴുകകേഴുക മഹാമുനേ എന്നു പാടിക്കൊ് മഹാകവികള്‍ വരെ കടന്നുപോയി. എന്നിട്ടും അതേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ഒന്നും.
എല്ലാവരെയും ഭയന്നാണ് അന്നും—എന്നും—അദ്ദേഹം മൗനം പാലിച്ചത്. വേദനിപ്പിക്കാന്‍ മനസ്സില്ലാത്ത, മനസ്സിന്റെ മൗനങ്ങളില്‍ തട്ടിത്തകരുന്ന വിങ്ങലുകളും തേങ്ങലുകളും, എന്തിനും ഏതിനും വ്യര്‍ത്ഥങ്ങളായ ആരവമുാക്കുന്ന ജനാധിപത്യത്തിന്റെ പ്രജകള്‍ക്ക് അനുഭവിക്കാനും കഴിഞ്ഞില്ല.
ആരെയും കുറ്റപ്പെടുത്തിയതുകൊണ്ടും കാര്യമില്ല. ഏതു പ്രക്രിയയ്ക്കും നന്മയും തിന്മയുമുണ്ട്. നന്മയുടെ സ്വാഭാവികമായ അവസ്ഥാന്തരമാണു തിന്മ. വിലയിരുത്തലിനും വിലമതിക്കലിനും വിധേയമാക്കുമ്പോള്‍ ചെയ്തുവച്ചതില്‍ ഏതാണു കൂടുതല്‍ എന്നു നോക്കാനാണു നാം തുനിയേണ്ടത്. അച്ചുതമേനോന്‍ എന്ന ഭരണാധികാരി ജനാധിപത്യകേരളത്തിനു ചെയ്തുവച്ച നല്ല കാര്യങ്ങള്‍ക്കു മുന്നില്‍ ഇങ്ങനെ ഒന്നോ രണ്ടോ കോലക്കേടുകളല്ലാതെ എടുത്തു കാട്ടാന്‍ നമുക്കില്ല എന്ന സത്യം അംഗീകരിക്കാന്‍ എന്തിനു മടിക്കണം? ഏറെ നന്മകള്‍ക്കിടയില്‍ കുരുക്കുന്ന കളകള്‍ മാത്രം പറിച്ചെടുത്ത് ഇത്രയും കളകള്‍ എന്നു നാം പറഞ്ഞു നടന്നപ്പോഴും യാതൊരു പരാതികളുമില്ലാതെ ആ മഹാമുനി സാകേതത്തിന്റെ നിഴലുകളില്‍ എവിടെയോ ഒതുങ്ങി.
അപ്പോഴും ആ മനസ്സില്‍ രാജനുണ്ടായിരുന്നു; ഒരു മഹാദുഃഖമായി. ഒരിക്കല്‍ രാജനുവേണ്ടി കലിതുള്ളിയ നാം വര്‍ത്തമാനകാലത്തിന്റെ തിരക്കിലും ജാടയിലുംപെട്ട് രാജനെ മറന്നപ്പോഴും ഇവിടെ രാജനെ മറക്കാതെ ജീവിച്ച നാലഞ്ചുപേരില്‍ ഒരാള്‍ അച്ചുതമേനോനായിരുന്നു.
ശവമഞ്ചത്തിലേറ്റി ആ കര്‍മ്മയോഗിയെ നാം ചുടുകാട്ടിലേക്കു കൊുപോയപ്പോഴും ആ നെഞ്ചിനുള്ളിലെവിടെയോ ആ ദുഃഖ ബിന്ദുവുമുായിരുന്നു. അതറിഞ്ഞവര്‍ വിരളം; അനുഭവിച്ചവരും. രാജന്‍സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് എല്ലാമറിയാം എന്നു തീര്‍ത്തും വിശ്വസിച്ചവരാണു നാമേറെയും. അതുകൊണ്ടാണ് ആ നാളുകളില്‍ അതിനെക്കുറിച്ചെന്തെങ്കിലുമൊക്കെ അദ്ദേഹത്തെക്കൊണ്ടു പറയിക്കാന്‍ നാം ശ്രമിച്ചത്. ആ കാലങ്ങളില്‍ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അതാതു സന്ദര്‍ഭങ്ങളില്‍, തന്റേതായ ശൈലിയില്‍, പരിമിതമായ വാക്കുകളില്‍ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. എങ്കിലും വിശദമായി അദ്ദേഹം ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല.
മുഖപടമില്ലാതെ അച്ചുതമേനോനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഞാനെന്ന ചരിത്രവിദ്യാര്‍ത്ഥിക്ക് ആ സംഭവത്തെക്കുറിച്ചും ഏറെ അറിയേണ്ടതുണ്ടായിരുന്നു. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ തനിക്കറിയാവുന്നിടത്തോളം അദ്ദേഹം എന്നോടു പറഞ്ഞു.
തീര്‍ച്ചയായും ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാ ബദ്ധത ഒന്നുകൊണ്ടു മാത്രമാകാം ഇതൊക്കെ എന്നോടു പറയാന്‍ അദ്ദേഹം തയ്യാറായതെന്ന് ഇന്നും ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. അങ്ങനെ പലതുമെന്നപോലെ രാജന്‍ സംഭവത്തെക്കുറിച്ചും എനിക്ക് ഒരു കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി.
Comments are closed.