എല്ലാവരാലും അംഗീകരിക്കപ്പെടുന്നവനല്ല തിരസ്‌ക്കരിക്കപ്പെടുന്നവനാണ് ഞാന്‍ തിരഞ്ഞെടുത്ത നായകന്‍ : കേശവ ഗുഹ
സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം വേദി 5 അക്ഷരം വ്യത്യസ്തമായ നിരവധി വിഷയാവതരണങ്ങളാലും സംവാദങ്ങളും സജീവമാകുന്നു. എഴുത്തുകാരനായ കേശവ ഗുഹയുടെ ‘ആക്‌സിഡന്റല്‍ മാജിക് എന്ന പുസ്തക പരിചയ സെഷന്‍ കാണികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
“ഞാന്‍ വളര്‍ന്നുവന്നത് ഹാരിപോട്ടര്‍ പുസ്തകങ്ങളിലൂടെയാണ്. എല്ലാ പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.” ആക്‌സിഡന്റല്‍ മാജിക് എന്ന തന്റെ പുസ്തകത്തില്‍ കണ്ണന്‍, മാലതി, റെബേക്ക, കേര്‍ട്ടിസ് എന്നീ നാല് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവരെ കൂട്ടിയിണക്കുന്ന ഘടകം ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ ആണ്. ജെ. കെ. റൗളിംഗ് തന്റെ പുസ്തകമായ ഹാരിപോട്ടര്‍ പുറത്തിറക്കാനുള്ള യാത്രയില്‍ ആദ്യഘട്ടത്തില്‍ എത്തരത്തിലാണോ തിരസ്‌കരിക്കപ്പെട്ടത് അത്തരത്തില്‍ തന്റെ പുസ്തകം പബ്ലിഷ് ചെയ്യാനുള്ള യാത്രയില്‍ താനും തിരസ്‌ക്കരിക്കപ്പെട്ടു എന്ന് എഴുത്തുകാരനായ കേശവ ഗുഹ പറഞ്ഞു.
എല്ലാ സാഹിത്യകൃതികളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തിലുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. ഫിക്ഷനുകള്‍ വായനക്കാര്‍ക്ക് ഏറെ ആസ്വാദ്യമാണ് എന്നതിനപ്പുറം അവ മനുഷ്യന്റെ മനസാക്ഷിയെ മനസ്സിലാക്കാന്‍ സാധിക്കുന്നു, പ്രായഭേദമില്ലാതെ എല്ലാ ഹാരിപോട്ടര്‍ ആസ്വാദകര്‍ക്കും ഒപ്പം ഹാരിപോട്ടര്‍ ആസ്വാദകര്‍ അല്ലാത്തവര്‍ക്കും ഈ കൃതിയെ ആസ്വദിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു എന്നും എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു.
തീര്‍ത്തും മാന്ത്രികമായ ഹാരിപോട്ടര്‍ കഥകളെ മദ്രാസ്സിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ആക്‌സിഡന്റല്‍ മാജിക് എന്ന കൃതിയിലൂടെ എഴുത്തുകാരന്‍ ചെയ്യുന്നത്. പുരുഷ കഥാപാത്രങ്ങളെക്കാള്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ആണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. എങ്കിലും എല്ലാവരാലും അംഗീകരിക്കപ്പെടുന്ന മാലതിമാരുടെ കഥകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും അവഗണിക്കപ്പെടുന്ന, സ്‌നേഹിക്കപ്പെടാതെ പോകുന്ന കണ്ണനെ പോലുള്ളവരുടെ കഥകള്‍ ഉണ്ടാവുന്നില്ലെന്നും അത്തരത്തിലൊരു കഥ പറയാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും എഴുത്തുകാരന്‍ പറഞ്ഞു.
കൃത്യമായ ചോദ്യങ്ങളാല്‍ സോമക് ഘോഷാല്‍ സെഷന് ജീവന്‍ നല്‍കി. തന്റെ കൃതിയിലെ പ്രധാന ഭാഗം എഴുത്തുകാരന്‍ അവതരിപ്പിച്ചത് നിറഞ്ഞ കയ്യടികളോടെ കാണികള്‍ സ്വീകരിച്ചു.
Comments are closed.