DCBOOKS
Malayalam News Literature Website

അക്കാമ്മ ചെറിയാൻ എന്ന സ്വാതന്ത്ര്യ സമര സേനാനി

അക്കാമ്മ ചെറിയാൻ, തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ  കേരളത്തിന്റെ സംഭാവനയായ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്നു അക്കാമ്മ.

ജീവിതരേഖ

തൊമ്മന്‍ ചെറിയാന്റെയും അന്നമ്മ കരിപ്പാപ്പറമ്പിലിന്റെയും രണ്ടാമത്തെ മകളായി തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയില്‍ 1909 ഫെബ്രുവരി 14 -നാണ് അക്കാമ്മ ജനിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പിന്നീട് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിഎ ബിരുദം നേടിയ അവര്‍ 1931-ല്‍ എടക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപികയായി. പിന്നീട് ഈ സ്‌കൂളിന്റെ പ്രഥാന അധ്യാപികയായി ആറു വര്‍ഷം സേവനമനുഷ്ഠിച്ചു.

സമര ചരിത്രം

1938 ഫെബ്രുവരിയില്‍ രൂപീകൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് അക്കാമ്മ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ അന്ന് ഉത്തരവാദ ഭരണത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26 -ന് അയ്യര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിരോധിച്ചു കളഞ്ഞു.

ഇത് കേരളത്തില്‍ ആദ്യമായി ഒരു നിസ്സഹകരണ പ്രസ്ഥാനത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്ടം എ. താണുപിള്ള ഉള്‍പ്പടെ വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടച്ചതിനെ തുടര്‍ന്നാണ് സമരരീതി മാറ്റാന്‍ തീരുമാനിച്ചത്. വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിടുമ്പോള്‍ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പ്രസിഡന്റിന് സ്വതന്ത്ര അധികാരം നല്‍കി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പതിനൊന്ന് പ്രസിഡന്റുമാര്‍ ഒന്നൊന്നായി അറസ്റ്റിലാവുകയും പ്രസ്ഥാനം ചീട്ടുകൊട്ടാരം പോലെ വീഴുകയും ചെയ്തു. അറസ്റ്റിന് മുമ്പ് പതിനൊന്നാമത് പ്രസിഡന്റായിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ള തന്റെ പിന്‍ഗാമിയായി അക്കാമ്മ ചെറിയാനെ നാമനിര്‍ദേശം ചെയ്തു. ഒരു സ്ട്രൈക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചു, ധീരയായ അക്കാമ്മയില്‍ കോണ്‍ഗ്രസ് അവരുടെ പുതിയ നേതാവിനെ കണ്ടെത്തി.

അന്ന് അക്കാമ്മയ്ക്ക് വെറും 29 വയസ് മാത്രമായിരുന്നു പ്രായം. അവര്‍ തന്റെ ആത്മകഥയില്‍ ഇതേക്കുറിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു, ‘ഏല്‍പ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെ കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെ കുറിച്ചും എനിക്ക് അറിയാമായിരുന്നു. പക്ഷേ, എന്നിട്ടും ഞാന്‍ അത് ഏറ്റെടുത്തു.’

1938 ഒക്ടോബറില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, ദേശസേവിക സംഘം (സ്ത്രീ വളണ്ടിയര്‍ കോര്‍പ്‌സ്) സംഘടിപ്പിക്കാന്‍ അക്കാമ്മ ചെറിയാനെ ചുമതലപ്പെടുത്തി.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിന് 1939 ഡിസംബര്‍ 24 -ന് സഹോദരി റോസമ്മ പുന്നൂസിനോടൊപ്പം അക്കാമ്മയും അറസ്റ്റിലായി. ഒരുവര്‍ഷം അവര്‍ തടവില്‍ കഴിഞ്ഞു, അവിടെ അവര്‍ ഉപദ്രവിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തു.

1942 ഓഗസ്റ്റ് 8-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനത്തില്‍ പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ അവര്‍ സ്വാഗതം ചെയ്തു. നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനും സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പ്രക്ഷോഭത്തിനും അതിനുശേഷം നിരവധി അറസ്റ്റുകള്‍ അവര്‍ നേരിട്ടു.

പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 -ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ അക്കാമ്മ തെഞ്ഞെടുക്കപ്പെട്ടു. 1951-ല്‍ സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂര്‍ കൊച്ചി നിയമസഭാംഗവുമായ വി.വി. വര്‍ക്കി മണ്ണംപ്ലാക്കലിനെ വിവാഹം ചെയ്തു. 1950 -കളുടെ തുടക്കത്തില്‍ അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1950 -കളുടെ തുടക്കത്തില്‍ പാര്‍ട്ടിയുടെ മാറുന്ന പ്രത്യയശാസ്ത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. എന്നാല്‍, 1967 -ല്‍ അവര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. പിന്നെ, ഒരു തെരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചില്ല.

1982 മെയ് അഞ്ചിനാണ് അക്കാമ്മ ചെറിയാന്‍ മരിക്കുന്നത്.

Comments are closed.