DCBOOKS
Malayalam News Literature Website

നഗരത്തിന്റെ സൂക്ഷിപ്പുകാരൻ: ജോണ്‍ എബ്രഹാമിന്റെ ചെറുകഥ

ABHINAVAKATHAKAL-JOHN ABRAHAM By JOHN ABRAHAM

ആ കാണുന്ന ശവക്കോട്ടയിൽ, കുരിശു മരണങ്ങളുടെ ഓർമ്മകൾ അടിയറവു പറഞ്ഞു സ്വന്തം കുറ്റബോധത്തിൽ മരിച്ചു കിടക്കുന്ന ആത്മാക്കളുടെ മുകളിൽ സിമൻ്റും കമ്പിയുംകൊണ്ടു വാർത്ത കുരിശിൽ ചാരിയിരുന്നു പുകവിടുന്ന മനുഷ്യനാണ് ഈ നഗരത്തിന്റെ സൂക്ഷിപ്പുകാരൻ. അയാൾക്കു കാലത്തോളംതന്നെ പഴക്കമുണ്ട്. സംശയമുണ്ടെങ്കിൽ അന്തേവാസികളായ ഈ എല്ലുകളോടു ചോദിച്ചാൽ മതി.

രണ്ടായിരം വർഷം കഴിഞ്ഞാൽ കർത്താവ് കള്ളനെപ്പോലെ കാഹളധ്വനിയോടെ തിരിച്ചുവരികയും എല്ലുകൾക്ക് ഇറച്ചി വയ്ക്കുകയും രണ്ടാമത് ജനിച്ച് വീണ്ടും പഴയ പാപങ്ങളും ജീവാത്മാക്കളുടെ ക്രയവിക്രയങ്ങളും തന്നെ ചെയ്യാം എന്നു കൊതിച്ചു മരിച്ചു കിടക്കുന്നവരുടെ ഈ ശവക്കോട്ടയിലാണ് നഗരത്തിന്റെ സൂക്ഷിപ്പുകാരൻ ഇരുന്നു കഞ്ചാവുബീഡി വലിച്ചുകൊണ്ടിരിക്കുന്നത്.

സൂക്ഷിപ്പുകാരാ…

നീ ആരെയാണു കാത്തുസൂക്ഷിക്കുന്നത് കാത്തുസൂക്ഷിക്കുന്നത്? നിനക്കു കാലത്തിൻ്റെ പഴക്കമുണ്ടല്ലോ. കാലപ്പഴക്കം എന്നു പറഞ്ഞാൽ എൻ്റെ ഓർമ്മ, തടിച്ചുകൊഴുത്തതും മെലിഞ്ഞു നീണ്ടതുമായ ഒരു തൂക്കുമരത്തെക്കുറിച്ചും അതിൽ തൂങ്ങുന്ന കയറിൽ, കഴുത്തിൽ കുരുക്കുമായി ചത്ത ഒരു രൂപത്തെക്കുറിച്ചും… ഓർമ്മകളുണ്ടെങ്കിൽ അതു ചിലപ്പോൾ പഴയ ഓർമ്മകൾ മാത്രമായിത്തീരും.

അതു പോകട്ടെ,

സൂക്ഷിപ്പുകാരാ…

നീ എന്താണ് ഈ കാത്തുസൂക്ഷിക്കുന്നത്? ഈ നഗരത്തിന്റെ തിന്മകളെയാണോ അതോ നന്മകളെയാണോ? ഈ നഗരത്തിന്റെ നന്മ കണ്ടുമടുത്ത ഒരു പിശാചാണ് നിന്നോട് ചോദിക്കുന്നത്.

നീ ഈ നഗരത്തെയാണോ നരകത്തെയാണോ കാത്തുസൂക്ഷിക്കുന്നത്? പറയൂ, എനിക്കു കേൾക്കാൻ തിടുക്കമുണ്ട്.

സൂക്ഷിപ്പുകാരാ…

ഒഡേസാ തുറമുഖത്തെ മനുഷ്യഹത്യയുടെ ചരിത്രപരമായ ചിത്രീകരണം നീ ഓർക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിന്നെ കാണിക്കാൻ ഞാൻ കടപ്പെട്ടവനാണ്. ഞാൻ നിൻ്റെ കൂടെ കാഴ്ചകളിലേക്കു വരാൻ താൽപര്യപ്പെടുന്നു. ഒരുമ്പെടുന്നു. വിശ്വാസമുള്ളതുകൊണ്ടാണ് ഞാൻ നിന്നിലൂടെ നീ സൂക്ഷിക്കുന്ന ഈ നഗരത്തിൻ്റെ സൂക്ഷിപ്പുവേല കാണാൻ ആഗ്രഹിക്കുന്നത്. നമുക്കു കണ്ടു തുടങ്ങാം.

ഞാൻ ആദ്യം പറഞ്ഞല്ലോ ഒഡേസാ നഗരത്തിലുണ്ടായ നരഹത്യയെക്കുറിച്ച്. അല്ലെങ്കിൽ അതിൻ്റെ ചലച്ചിത്രാവിഷ്‌കാരത്തെക്കുറിച്ച് ആയിരത്തിത്തൊള്ളായിരത്തി അഞ്ചിൽ നടന്ന ഈ ചരിത്രമർദ്ദനത്തിൻ്റെ ചലച്ചിത്രാവിഷ്‌കരണം ഉണ്ടായത് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയഞ്ചിലാണ്. അതു ചലച്ചിത്രാവിഷ്കരണത്തിൻ്റെ ഒരു സംഭവമായിരുന്നു.

ഐൻസ്റ്റീൻ, പെരാമ്പുലേറ്റർ, പൊട്ടിയ കണ്ണാടി തള്ളയുടെ കണ്ണുകൾ, പട്ടാളത്തിൻ്റെ ബൂട്‌സുകൾ, ഒഴുകിപ്പോകുന്ന മരണങ്ങൾ, നടയിറങ്ങുന്ന ചിന്തകൾ, നരകയറുന്ന ഓർമ്മകൾ. സൂക്ഷിപ്പുകാരാ നീ ഇതു സൂക്ഷിച്ചുവയ്ക്കാറുണ്ടോ?

ഞാൻ മുമ്പേ പറഞ്ഞില്ലേ, നമുക്ക് ഒന്നിച്ചുകാണാം. കാഴ്‌ പ്പാടുകൾവരെ മതി. അതിനപ്പുറം വേണ്ട. ദർശനങ്ങളുടെ അവസാനത്തിൽ നമുക്ക് അന്തർദർശനങ്ങളിലേക്കു മടങ്ങാം. ഇതു പോലെ കാലപ്പഴക്കമുള്ള ശവക്കോട്ടയിൽ, സിമൻറും കമ്പിയും കൊണ്ടുനിർമ്മിച്ച കുരിശുള്ള ശവക്കല്ലറയിൽ ചാരിയിരുന്നു കാണാൻ ശ്രമിക്കാം. പഴയതും പുതിയതും അപ്പോൾ പ്രവാസകാലമായിമാറും. കാലം പഴയതുപോലെ നിശ്ചലമായിരിക്കും.

സൂക്ഷിപ്പുകാരാ…

നമുക്കൊന്നിച്ചു നോക്കാം. ആരെയാണു നോക്കേണ്ടതെന്ന് അറിയാമോ? കാണുന്നവരെമാത്രം നോക്കിയാൽ പോരാ. നോക്കുന്നവരും കാണുകയും വേണം. അങ്ങനെയാണെങ്കിൽ കാണുന്നവരെ കാണുകയും വേണം. കാഴ്‌ചപ്പാടുകൾ അന്യോന്യം ആകുന്നതുവരെ.

സൂക്ഷിപ്പുകാരാ…

ഞരമ്പുപോലെ മേൽക്കൂര പിടിച്ചുവലിച്ചു പണയംവച്ച് ആണത്തം പറയുന്ന തറവാടികളുടെ ആറാട്ടുകണ്ടിട്ടുണ്ടോ?

പൂരമാം പൊടിപൂരമാം, പൂയമായ് പൂരാടമായ് എന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ. എന്നാലും അങ്ങനെ അല്ലല്ലോ.

ഒരു സുഹൃത്തു പറഞ്ഞ ഓർമ്മ പെട്ടെന്നു വന്നു: ‘നല്ല മരമാ. ഈസിലി ഫോർ ത്രീ ലാക്സ‌്. ആന്റ്റിക്ക് ഇൻ്ററസ്റ്റുണ്ട്. ആ തടി പോലെ മരിച്ച പഴമയുള്ള കഴക്കോൽ പറഞ്ഞ തുകയ്ക്കു സാക്ഷിനിന്നും.

സൂക്ഷിപ്പുകാരാ…

നമുക്കു കുറച്ചുകൂടി സൂക്ഷ്മ‌മായി ഒന്നു നോക്കാം. കാണുന്നത്രയും മതി. ഈ കാണുന്നത് റിട്ടയർ ചെയ്‌ത അനന്തരാമൻ അല്ലേ…. അതാ നോക്കൂ, റിട്ടയർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ഏതാണു ശരി.

സൂക്ഷിപ്പുകാരാ…

നമുക്ക് അനന്തരാമനെ ഒന്നുകൂടി നോക്കാം. അനന്തരാമൻ കിടക്കുന്നത് ഒരു കട്ടിലിലാണെന്നുള്ളത് വെറും ഒരു വാസ്തവമല്ലേ. നീ കാണുന്നതുപോലെതന്നെയല്ലേ?

സൂക്ഷിപ്പുകാരാ…

ഒന്നുകൂടി നോക്കിക്കേ. എന്തിനാണ് അനന്തരാമന്റെ ക്ഷീണിച്ച വിരലുകൾ പുറകിലുള്ള മേശയിൽനിന്ന് കണ്ണട തപ്പിത്തേടുന്നത്? കാഴ്ചക്കുറവുകൊണ്ടല്ല, കാഴ്‌ചപ്പാടിൻ്റെ കുറവുകൊണ്ടായിരിക്കും. അനന്തരാമന്റെ കാഴ്‌ചപ്പാടിനു കുറവുണ്ടാക്കിയ കാരണങ്ങളുടെ ഏതാനും ഭാഗങ്ങൾ നമുക്കു കാണാം.

ഒരു ചിരി സഞ്ചി നിറയെ സന്തോഷം ആത്മാവിൽ എയർകണ്ടീഷൻ ബോൾ, ആനന്ദലബ്‌ധിക്കിനിയെന്തുവേണം… കഥ രാഘ വീയതമായതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

മാരിയമ്മൻകൂത്തു തുടങ്ങിയപ്പോഴാണ് വസൂരിയെക്കുറിച്ചുള്ള ഓർമ്മകൾവന്നതും മൺമറഞ്ഞതും.

സൂക്ഷിപ്പുകാരാ..

നിന്റെയല്ല, നാറുന്ന ശവശരീരങ്ങളുടെ ഇതിഹാസമരണം നിനക്കറിയുമോ? നീ ഇതു കണ്ടിട്ടുണ്ടോ? നടകൾ പഴയതായിരിക്കും. ഓർമ്മകൾ പുതിയ പടവുകളേക്കുറിച്ചുള്ളതാണ്.

സൂക്ഷിപ്പുകാരാ…

ഈ നാട്ടിലെ വൈകൃതങ്ങളിലേക്കു നമ്മൾ നോക്കണോ? നോക്കിയാൽ ഒരു കുഴപ്പമുണ്ട്…. നമ്മൾ കാണിക്കുന്ന വൈകൃതങ്ങൾ കുമ്പസാരത്തിന്റെ കുരിശുമരണം പോലെ, ഈ കാലപ്പഴക്കമുള്ള, നീ സാധാരണ ഇരിക്കുന്ന, സിമൻ്റും കമ്പിയും കൊണ്ടുണ്ടാക്കിയ ഈ വെള്ളതേച്ച ശവക്കല്ലറകളുടെ വർണചിത്രം കാണുന്നില്ലേ?

പാപങ്ങളുടെ സുന്നഹദോസുകളിൽ നീ പങ്കെടുത്തിട്ടുണ്ടോ? നീ അതു സൂക്ഷിച്ചിട്ടുണ്ടോ സൂക്ഷിപ്പുകാരാ… ഇരുട്ടിൽ സംഭവിക്കുന്നതു കാണുവാനുള്ള ദൃശ്യബോധം സൂക്ഷിപ്പുകാരന് ഇല്ലാതെ വരുവാൻ പാടുള്ളതല്ലല്ലോ?

മേൽപ്പറഞ്ഞപോലെയും ‘ടി’ യാനായ ശ്രീ വെങ്കിട്ടരാമൻ കണ്ണാടി തപ്പിയതിനെക്കുറിച്ചുള്ള അന്വേഷണക്കുറിപ്പാണ് ചുവടെ ചേർക്കുന്നത്. മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് വെങ്കിട്ടരാമന്റെ കണ്ണടയുടെ ലെൻസിൻ്റെ പവർ അനുസരിച്ചുള്ള കാഴ്‌ചപ്പാടേ തുടർന്നുള്ള കാഴ്ചകളിൽ നമുക്ക് ഉണ്ടാകുകയുള്ളൂ. എന്നു സൂക്ഷിപ്പുകാരന് മനസ്സിലാകുമെന്ന് ഞാൻ വിശ്വസിക്കട്ടെ സൂക്ഷിപ്പുകാരാ…

നീ പട്ടണത്തിലേക്കു കടത്തിവിട്ട ആ ചെറുപ്പക്കാരനെ നിനക്കോർമ്മയുണ്ടോ? അവൻ്റെ കണ്ണുകൾ നിനക്കോർമ്മയുണ്ടോ? കണ്ണിൻ്റെ പുറകിലെ ഞരമ്പുകൾ മുറിഞ്ഞ കഥകൾ കാണാൻ പറ്റുമോ? കർക്കിടമഴകൊണ്ടു നനഞ്ഞു പായൽ പിടിച്ച ഈ പടവുകളിൽ വഴുതി വീഴുമോ എന്ന ഭയം സൂക്ഷിപ്പുകാരാ നീ കണ്ടു മണത്തറിഞ്ഞിട്ടുണ്ടോ?

ഒരു രാത്രിയിൽ ‘ഒരു മനുഷ്യൻ’ ഒരു സ്ഥലത്ത് ഒരു ഗ്രാമത്തിൽ ഒരു വീട്ടിൽ കയറിച്ചെല്ലുന്നു. അതിനു തലേനാളിൽ, ക്ഷമിക്കണം, ചിലപ്പോൾ പിറ്റന്നാൾ ആയിരിക്കാം. കഥയ്ക്കു കാലപ്പഴക്കമുള്ളതിനാൽ ഇതിൻ്റെ കാലവ്യാകരണത്തെക്കുറിച്ചു ഞാൻ തർക്കിക്കുന്നില്ല.

സൂക്ഷിപ്പുകാരാ…

നീ പറയേണ്ട കാര്യങ്ങൾ അല്ലെങ്കിൽ നീ കാണേണ്ട കാര്യങ്ങൾ കാണാൻ എന്നെ ഏൽപ്പിക്കുക എന്നു പറഞ്ഞാൽ നിന്റെ ഒരു ആത്മീയ സൂക്ഷ്‌മതക്കുറവല്ലെ അത്?

പാപികളെ മാത്രമേ രക്ഷിക്കയുള്ളൂ എന്ന ദൃഢനിശ്ചയം ചെയ്തിട്ടുള്ള പള്ളികളുടെ മണിമുഴക്കം പഴഞ്ചനാണെങ്കിലും പരിചയമുള്ളതാണല്ലോ. അതേ മണിതന്നെയാണു സൂക്ഷിപ്പുകാരാ, നിൻ്റെ പുകയുടെ താഴെ, സിമൻ്റും കമ്പിയും കൊണ്ടുണ്ടാക്കിയ കുരിശിന്റെ താഴെ, വെള്ളപൂശിയ ശവക്കല്ലറയുടെ താഴെ ഇരിക്കുന്ന നഗരത്തിൻ്റെ സൂക്ഷിപ്പുകാരാ… ഇനിയുമുണ്ടു ശബ്ദ‌ങ്ങൾ.

കേട്ടുപഴക്കമുള്ള മരണമണിയുടെ ശബ്ദങ്ങൾ.

സൂക്ഷിപ്പുകാരാ…

 

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply