DCBOOKS
Malayalam News Literature Website

സാമ്പത്തികശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക്

സ്റ്റോക്‌ഹോം: 2019-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയടക്കം മൂന്നു പേര്‍ക്ക്. അഭിജിത് ബാനര്‍ജിയുടെ ഭാര്യ എസ്തര്‍ ഡുഫ്‌ലോ, അമേരിക്കക്കാരനായ മൈക്കിള്‍ ക്രെമര്‍ എന്നിവരാണ് പുരസ്കാരത്തിനര്‍ഹരായ മറ്റു രണ്ടു പേര്‍.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മകമായ പുതുസമീപനത്തിനാണ് പുരസ്‌കാരം. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തികശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നോബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അഭിജിത് ബാനര്‍ജി. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് 1983-ല്‍ ജെ.എന്‍.യുവില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1988-ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് പി.എച്ച്.ഡിയും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്.

ഫ്രഞ്ച് വംശജയായ അഭിജിത് ബാനര്‍ജിയുടെ ഭാര്യ എസ്‌തേറിനും അമേരിക്കന്‍ പൗരത്വമാണുള്ളത്. സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡാണ് പുരസ്‌കാരത്തിലൂടെ ഇരുവരേയും തേടിയെത്തിയത്.

Comments are closed.