DCBOOKS
Malayalam News Literature Website

ആ സ്വപ്നമെങ്കിലും നമുക്ക് കാണാന്‍ കഴിയുമെങ്കില്‍…

ഡി സി ബുക്‌സിലൂടെ ഉടന്‍ പുറത്തിറങ്ങുന്ന സല്‍മാന്‍ റുഷ്ദിയുടെ ‘ആയിരത്തൊന്ന് രാവുകള്‍’ എന്ന പുസ്തകത്തിന് സല്‍മാന്‍ റുഷ്ദി എഴുതിയ ആമുഖത്തില്‍ നിന്നും

മ്മള്‍ യുക്തിചിന്തയുള്ള മനുഷ്യരായി മാറി എന്നു പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ട്. നമ്മുടെ വംശത്തെ നിര്‍വചിക്കുന്ന ആഖ്യാനം ഏറേക്കാലത്തേക്ക് ആ സംഘര്‍ഷമായിരുന്നുവെന്ന് നമുക്ക് ബോധ്യമുണ്ട്. പക്ഷേ, ആഖ്യാനത്തില്‍ മാറ്റം വരാമെന്ന് നാം കാണിച്ചുകൊടുത്തിട്ടുണ്ട്. വര്‍ഗ്ഗത്തിന്റെയും പ്രദേശത്തിന്റെയും ഭാഷയുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ നമുക്കിടയിലുള്ള വ്യത്യാസങ്ങള്‍ നമ്മളെ വിഭജിക്കാതായിട്ടുണ്ട്. അവ നമ്മളില്‍ താത്പര്യമുണര്‍ത്തുകയും പ്രവൃത്തികളില്‍ വ്യാപൃതരാക്കുകയും മാത്രം ചെയ്യുന്നു. നമ്മള്‍ ഒന്നാണ്, നാം എന്തായിത്തീര്‍ന്നോ അതില്‍ ഏറേക്കുറേ സംതൃപ്തരാണ് നാം. നമ്മള്‍ സന്തോഷത്തിലാണ് എന്നു പോലും പറയാം. നമ്മള്‍- നമ്മള്‍ നമ്മളെക്കുറിച്ച് ചുരുക്കത്തില്‍ സംസാരിക്കുന്നുണ്ട്, കൂടുതല്‍ വലിയ ‘നമ്മളെ’ ക്കുറിച്ചല്ല- മഹത്തായ നഗരത്തില്‍ ജീവിക്കുകയും അതിന്റെ സ്തുതികള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു. നദികളേ, മുന്നോട്ടൊഴുകൂ, പലയിടങ്ങളില്‍നിന്നുള്ള മനുഷ്യരുടെ പ്രവാഹങ്ങള്‍ കൂടിക്കലരുന്നതുപോലെ ഞങ്ങളും നിങ്ങള്‍ക്കിടയില്‍ ഒഴുകുകയും കൂടിക്കലരുകയും ചെയ്യട്ടെ! കടല്‍ക്കാക്കകള്‍ക്കിടയിലും ജനക്കൂട്ടങ്ങള്‍ക്കിടയിലും ഞങ്ങള്‍ നിങ്ങളുടെ കരകളില്‍ നില്‍ക്കുന്നുണ്ട്, ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ നഗരത്തിലെ സ്ത്രീകളേ, പുരുഷന്മാരേ, നിങ്ങളുടെ ഉടലിനോട് ഇറുകിക്കിടക്കുന്നതും മികച്ചതും നിറങ്ങളില്ലാത്തതുമായ വേഷവിധാനങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്; മഹത്തായ നഗരമേ, നിന്റെ വിഭവങ്ങളുംനിന്റെ ഗന്ധങ്ങളും ക്ഷിപ്രഗതിയിലുള്ള സുഖലോലുപതയും തീവ്രവികാരത്തോടെ തുടങ്ങുകയും ആസ്വദിക്കപ്പെടുകയും ഒടുങ്ങുകയും ചെയ്യുന്ന അഭിനിവേശങ്ങളും- നിങ്ങളെയെല്ലാം ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്. നാനാവിധ പൊരുളുകളോട് തോളുരുമ്മി തെരുവിലൂടെ അലയുന്ന പൊരുളുകളെയും അവയുടെ സ്രഷ്ടാക്കള്‍ ഉദ്ദേശിക്കാത്ത പുത്തന്‍ പൊരുളുകളിലേക്ക് അവയെ വളര്‍ത്തുന്ന ഉരസലുകളെയും ഞങ്ങള്‍ക്ക് ഇഷ്ടമാണ്, ഫാക്ടറികളും സ്‌കൂളുകളും വിനോദത്തിന്റെയും കുപ്രസിദ്ധിയുടെയും ഇടങ്ങളും ഞങ്ങളുടെ മഹാനഗരമേ, അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിപ്പെടുക നീ ഞങ്ങളുടെ ആനന്ദമാണ്. ഞങ്ങള്‍ നിന്റെയും. നമുക്കൊരുമിച്ച് നദികള്‍ക്കിടയിലൂടെ അപ്പുറം തുടക്കമില്ലാത്ത ഒടുക്കത്തിലേക്കും അതിനുമപ്പുറത്തേക്കും നീങ്ങാം. പ്രഭാതനഗരം സൂര്യരശ്മികളില്‍ തിളങ്ങിക്കൊണ്ടേയിരിക്കട്ടെ.

ഇരുലോകങ്ങളും പരസ്പരം മുദ്രവെച്ച് അടയ്ക്കപ്പെട്ടപ്പോള്‍ എന്തോ നമുക്കു മുകളില്‍ പതിച്ചു. ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി നീണ്ടപ്പോള്‍, ദശകങ്ങളും നൂറ്റാണ്ടുകളും കടന്നുപോയപ്പോള്‍ ഓരോ രാത്രിയും നമുക്കോരോരുത്തര്‍ക്കും, നമ്മളായിത്തീര്‍ന്ന വലിയ ‘നമ്മളിലെ’ ഓരോ അംഗത്തിനും ഒരിക്കലെങ്കിലും സംഭവിച്ചിരുന്ന ഒരു കാര്യം സംഭവിക്കാതെയായി. നാം സ്വപ്നങ്ങള്‍ കാണാതെയായി. ഇരുലോകങ്ങള്‍ക്കുമിടയിലെ പിളര്‍പ്പുകളും സുഷിരങ്ങളും അത്രമേല്‍ മുറുക്കിയടച്ചതിനാല്‍ യാതൊന്നിനും അതിലൂടെ അരിച്ചിറങ്ങാന്‍ കഴിയാതെയായല്ലോ. ഐതിഹ്യങ്ങള്‍ പറഞ്ഞതു പോലെ ഉറങ്ങുന്ന കണ്‍പോളകളില്‍ വീണ് നമുക്ക് രാത്രികാല മനോരാജ്യങ്ങള്‍ തന്നിരുന്ന ജിന്ന് ലോകത്തെ മന്ത്രജാലത്തിന്റെ തുള്ളികള്‍, സ്വര്‍ഗത്തേന്‍പോലും അതിലൂടെ ഒഴുകിയിറങ്ങാതെയായി. ഇപ്പോള്‍ ഉറക്കത്തില്‍ ഇരുട്ട് മാത്രമാണുള്ളത്. മനസ്സില്‍ ഇരുട്ടു വീണപ്പോള്‍ രാത്രിയുടെ മഹത്തായ തിരശ്ശീലയില്‍ അതിനു മുമ്പ് കണ്ടിട്ടില്ലാത്തത്രയും ഗംഭീരമായ പ്രകടനങ്ങള്‍ നാം പ്രതീക്ഷിച്ചു. പക്ഷേ, യാതൊന്നുംതന്നെ അതിലേക്ക് വിരുന്നു വന്നില്ല. ഓരോ തലമുറയുടെയും കടന്നുവരവോടെ വളരെ കുറച്ചുപേര്‍ക്കു മാത്രം സ്വപ്നം കാണാനുള്ള കഴിവ് അവശേഷിപ്പിച്ചു. അങ്ങനെ സ്വപ്നങ്ങള്‍ സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന ഒരു ലോകത്താണ് നാമിപ്പോളുള്ളത്, ആ സ്വപ്നമെങ്കിലും നമുക്ക് കാണാന്‍ കഴിയുമെങ്കില്‍. സ്വപ്നങ്ങളേ, പുരാതന പുസ്തകങ്ങളില്‍ ഞങ്ങള്‍ നിങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ട്. പക്ഷേ, സ്വപ്നത്തിന്റെ നിര്‍മാണശാലകള്‍ പൂട്ടിപ്പോയിരിക്കുന്നു. ഇതാണ് നാം സമാധാനത്തിനും സമൃദ്ധിക്കും ജ്ഞാനത്തിനും നന്മയ്ക്കും സത്യത്തിനും വിവേകത്തിനും ഒടുക്കേണ്ടി വന്ന വില. നമുക്കുള്ളില്‍ ഉറക്കം കെട്ടഴിച്ചു വിടുന്ന വന്യത മെരുക്കപ്പെട്ടിരിക്കുന്നു. രാത്രിയുടെ നാടകശാലയെ ഉദ്ദീപിപ്പിച്ച, ആത്മാവിലെ ഇരുട്ട് സമാശ്വസിപ്പിക്കപ്പെട്ടിരിക്കുന്നു.

നാം സന്തുഷ്ടരാണ്. നാം എല്ലാ കാര്യങ്ങളിലും ആനന്ദം കണ്ടെത്തുന്നു. മോട്ടോര്‍ വാഹനങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, നൃത്തങ്ങള്‍, പര്‍വ്വതങ്ങള്‍- എല്ലാം നമുക്ക് വലിയ ആനന്ദം നല്‍കുന്നു. ജലാശയങ്ങള്‍ക്കു നേരേ കൈയില്‍ കൈകോര്‍ത്ത് നാം നടക്കുകയും നമുക്കു മുകളില്‍ ആകാശത്ത് കിളികള്‍ വട്ടമിട്ട് പറക്കുകയും ചെയ്യുന്നു. കിളികളും ജലാശയവും നടത്തവും കൈകളില്‍ കോര്‍ത്ത കൈകളും നമുക്ക് ആനന്ദം കൊണ്ടുവരുന്നു.

പക്ഷേ, രാത്രികള്‍ മിണ്ടാട്ടമില്ലാതെ കടന്നുപോകുന്നു. ആയിരത്തൊന്ന് രാവുകള്‍ കടന്നുപോയേക്കാം, പക്ഷേ അവ മൗനത്തില്‍ മുങ്ങിയാണ് കടന്നുപോകുന്നത്.
പ്രേതസൈന്യങ്ങള്‍പോലെയാണവ. അവരുടെ കാലടികള്‍ ഒച്ചയില്ലാത്തവയാണ്. അവ ഇരുട്ടിലൂടെ അദൃശ്യരായി, ആരാലും കേള്‍ക്കപ്പെടാതെ, ആരാലും കാണപ്പെടാതെ കടന്നുപോകുന്നു. നമ്മളും അതുപോലെ ജീവിക്കുകയും വാര്‍ദ്ധക്യത്തെ ഏറ്റുവാങ്ങുകയും മരിക്കുകയും ചെയ്യുന്നു.

വലിയൊരളവില്‍ നമ്മള്‍ പ്രസന്നരാണ്. നമ്മുടെ ജീവിതങ്ങള്‍ മികച്ചവയാണ്. പക്ഷേ, ചില നേരങ്ങളിലെങ്കിലും സ്വപ്നങ്ങള്‍ തിരിച്ചുവരണമെന്ന് നാം ആശിക്കാറുണ്ട്. താന്തോന്നിത്തങ്ങളെ മുഴുവനായും തുടച്ചു കളയാത്തതുകൊണ്ട് ചിലപ്പോഴെങ്കിലും നാം ദുഃസ്വപ്നങ്ങള്‍ക്കുവേണ്ടിയും തീവ്രമായി കൊതിക്കാറുണ്ട്.

 

Comments are closed.