ഒരാളില്‍ ഒരാള്‍ക്കൂട്ടം: എഴുത്തനുഭവം പങ്കുവെച്ച് എസ്.കലേഷ്
ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന്റെ എഴുത്തനുഭവം എസ്.കലേഷ് പങ്കുവെക്കുന്നു
ഒറ്റയ്ക്കു നടക്കുന്ന ഒരാളെ, ഒരാള്‍ക്കൂട്ടമാക്കി മാറ്റും നഗരം. കാരണം, ചെന്നുതറയാനാകുന്നതും കണ്ടുതീര്‍ക്കാനാകാത്ത തുമായ അനേകം ഇടങ്ങള്‍ അയാള്‍ക്കു ചുറ്റും. നിരത്തിലിറങ്ങിയാല്‍ മഞ്ഞവെളിച്ചം നിഴല്‍ വരയ്ക്കാന്‍ മത്സരിക്കും. നടന്നു മടുക്കുമ്പോള്‍ ഇരിക്കാന്‍ പാര്‍ക്കു ബെഞ്ചുകളും അലഞ്ഞുചുറ്റാന്‍ കായല്‍ കനാല്‍ കരകളും വാക്ക് വേകളും മുന്നില്‍. ഗ്രാമനന്മക ളിലുള്ള വിശ്വാസം പണ്ടേ അവിശ്വാസമായതിനാല്‍ കൊച്ചിയി ലെത്തിയ കാലം മുതല്‍, ബോധത്തിലും അബോധത്തിലുംനഗരം എന്നെ സ്വാധീനിച്ചു. എന്നെപിന്തുടരുന്ന, ഞാന്‍ പിന്തുടരുന്ന മേലെഴുതിയതരം നിഴലുകളു മായി നടത്തിയ വിനിമയങ്ങളാണ് ആട്ടക്കാരിയിലെ കവിതകളില്‍ പലതും.അറബിക്കടല്‍ക്കാറ്റേ ല്‍ക്കും ജനല്‍ തുറന്നിട്ടാല്‍, നെറ്റിയില്‍ പേരുകളുള്ള നിരത്തുകളും ലെയിനുകളും സബ് സ്റ്റേഷനും ഗുരുദ്വാരയും തിയേറ്ററുകളും കലൂര്‍പള്ളിയും വള്ളങ്ങളും ബാര്‍ജുകളും കുട്ടവഞ്ചികളും ചീനവലകളും അറ്റ്‌ലാന്റിസ് റെയില്‍ഗേറ്റും വെണ്ടുരുത്തി -കതൃക്കടവ്-ചമ്പക്കര-തൈക്കൂടം പാലങ്ങളും കാണാനാകുന്ന പല മുറികളിലിരുന്നെഴുതിയ 25 കവിതകളാണ് ആട്ടക്കാരി. കൊച്ചിയുടെ 16 വര്‍ഷത്തെ ഭൂതകാലം കണ്‍മുന്നിലുണ്ട്.
ഞാന്‍ കൊച്ചിയിലെത്തിയനാള്‍ പിറന്നുവീണ പെണ്‍കുട്ടി പതിനാറുകാരിയായി ലായം റോഡ് മുറിച്ചു ദര്‍ബാര്‍ ഹാള്‍ മൈതാനത്തേക്കു കടക്കുന്നത് കവിതയില്‍ എനിക്കിപ്പോള്‍ കാണാനാകും. ഒരുകാലത്ത് തിക്കുകൂട്ടി നടന്ന എം. ജി. റോഡ്, മെട്രോയിലിരുന്നു താഴേക്കു നോക്കുമ്പോള്‍ ഒരു വെറും റോഡ് മാത്രം. മറൈന്‍ ഡ്രൈവ് വേണ്ടെന്നുവച്ച് ചാത്ത്യാത്ത് വാക്ക് വേയിലേക്ക് വേണമെങ്കില്‍ നടക്കാം. ബോള്‍ഗാട്ടിയിലെ പാര്‍ക്കിലേക്കു ടിക്കറ്റെടുക്കുമ്പോള്‍ ഫ്രീയായി കിട്ടിയിരുന്ന കട്‌ലെറ്റുകളും അന്നത്തെ കൂട്ടുകാരിയും ഇപ്പോ ഴില്ല. ചിറ്റൂര്‍ റോഡിലെയും ജോസ് ജങ്ഷനിലെയും കോഫീ ഹൗസുകളുമില്ല. ഷേണായീസും ലിറ്റില്‍ ഷേണായീസും പൊളിച്ചു പണിഞ്ഞിരിക്കുന്നു. ആയിരങ്ങള്‍ ആര്‍ത്തലച്ചിരുന്ന ലുലുവും മൈമൂണും പായലേറിയ പൗരാണിക സ്മാരകങ്ങളായി ചിറ്റൂര്‍ റോഡിലുണ്ട്. മള്‍ട്ടിപ്ലക്‌സുകള്‍ വന്നു കഴിഞ്ഞു. തീപ്പെട്ടിക്കൂടിനകത്തിരുന്നു സിനിമകാണുന്ന പ്രതീതി പകര്‍ന്ന സംഗീതാ തിയേറ്ററില്‍ കേറിയിരുന്നു വേണമെങ്കില്‍ ഭൂതകാലം ഓര്‍ത്തെടുക്കാം.
ഒരു തനി വരത്തനായിരുന്നിട്ടും ഈ നഗരത്തിന്റെ ആശങ്കകളും ആഹ്ലാദങ്ങളും എന്റേതുമായി തീര്‍ന്നിരിക്കുന്നു. ഒരു നഗരത്തിലും കിട്ടാത്ത സുരക്ഷിതത്വത്തില്‍ അടക്കം ചെയ്ത സ്വാതന്ത്ര്യബോധവും ഉന്മാദവും കൊച്ചിയിലുണ്ട്. ആ വിചാരവികാരങ്ങളുടെ നിഴലുകള്‍ എന്റെ കവിതകള്‍ക്കും ചേരുവകളായിട്ടുണ്ടാകാം.
Comments are closed.