മാറ്റത്തിന്റെ വരിത്താളം
എസ് കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന് വിനീത എം എം എഴുതിയ വായനാനുഭവം (ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)
ചലനത്തിലൂടെ മാറ്റത്തിൻ്റെ പ്രവാഹങ്ങൾ ഉയിരെടുക്കുന്നു. ഈ പ്രവാഹങ്ങളുടെ സ്പർശത്താൽ പുതിയ വീഥികൾ തുറക്കകപ്പെടുന്നു. ഈ വീഥികളിലൂടെയുള്ള യാത്രകൾക്ക് ആഴമേറെ. തിരിച്ചറിവുകളും ഓർമ്മപ്പെടുത്തലുകളും തിരുത്തലുകളുമെല്ലാം ഈ യാത്രകളിൽ ചൂണ്ടുപലകകളാകുന്നു. കണ്ണ് തുറപ്പിക്കുന്ന ചൂണ്ടുപലകകൾ. ചലനവും മാറ്റത്തിൻ്റെ താളവും പ്രമേയങ്ങളാകുന്ന ശക്തമായ വായനാനുഭവമാണ് എസ്. കലേഷിൻ്റെ ” ആട്ടക്കാരി ” എന്ന കൃതി. ഇപ്പോൾ മനസ്സിൽ തെളിയുന്നത് ഒരു ശലഭത്തിൻ്റെ രൂപം. മാറ്റത്തിൻ്റെയും രൂപാന്തരത്തിൻ്റെയും പ്രതീകമാണ് ചിത്രശലഭം. ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന ആട്ടക്കാരി ( Abisara echerius ) എന്ന ശലഭത്തിന് സ്വന്തം ഉടൽ ഒരു പ്രത്യേക രീതിയിൽ ചലിപ്പിച്ച് ശത്രുക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കഴിയും. ഇവിടെ ചലനം കവചമാകുന്നു, അതിജീവനത്തിന് അനിവാര്യമായ കവചം. മനുജനും ചലനത്തെ കവചമാക്കാറുണ്ട്. പാരതന്ത്ര്യത്തിൻ്റെയും അജ്ഞതയുടെയും തമസിനെതിരെയുള്ള പ്രതിരോധം. ഈ പ്രതിരോധപ്രവർത്തനത്തിൽ തൂലികയുടെ പങ്ക് വലുതാണ്. ചിത്തങ്ങളെ തൊടുന്ന തൂലികയുടെ ചലനത്തിൽ ഉണർവും അറിവുകളും മൂർച്ചയേറിയ ചോദ്യങ്ങളും അന്തർലീനമത്രെ.
” ആട്ടക്കാരി ” യിലെ കവിതാലോകത്തിൽ മാനവൻ്റെ ചലനം ചിന്താവിഷയമാകുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചലിക്കുന്ന മനുഷ്യർ ഈ കവിതകളിൽ നിറയുന്നു. ഈ നിറവ് അനുവാചകരെ ചിന്തിപ്പിക്കും. സ്ഥാനചലനം മാത്രമല്ല ഇവിടെ നാം കാണുന്നത്. മനുഷ്യരുടെ കാഴ്ചപ്പാടുകളിലും സാമൂഹ്യജീവിതത്തിലും സംഭവിക്കുന്ന ചലനങ്ങൾ കവി വ്യക്തമായി അടയാളപ്പെടുത്തുന്നു. വിമോചനത്തിലേക്കും വളർച്ചയിലേക്കും മനുഷ്യനെ നയിക്കുന്ന ചലനങ്ങൾ. ” ഒരിക്കൽ നടക്കാനാവാതിരുന്ന വഴിയിലൂടെ കാറോടിച്ചുപോയി കാലുകളുടെ കലയാണ് കാറോട്ടം അമ്പലങ്ങൾക്ക് മുന്നിലൂടെ ഹോൺ മുഴക്കി ഓടിയിട്ടുണ്ട് വയലുകൾ നികത്തിയ പാതകളിൽ പറവയായ ഞാൻ ചെങ്കുത്തായ കയറ്റങ്ങളിലേക്കു ചിറകടിച്ചു. ” ഈ വരികളിൽ മുഴങ്ങുന്നത് മാറ്റിനിർത്തലിനതീതമായ മാറ്റത്തിൻ്റെ ശബ്ദം. ഐതിഹ്യങ്ങൾക്ക് പകരം ചരിത്രയാഥാർത്ഥ്യങ്ങൾ മനുഷ്യമനസ്സിൽ പ്രാധാന്യം നേടുന്ന രംഗം ” കടൽലീല ” എന്ന കവിതയിൽ കാണാം. ഇവിടെ കടൽ കാലത്തിൻ്റെ പ്രതീകമാകുന്നു. ധനുഷ്കോടി കാണാൻ പോകവെ സ്മരിക്കപ്പെടുന്നത് 1918 ൽ നാരായണഗുരു സിലോണിലേക്ക് നടത്തിയ യാത്രയാണ്. അച്ഛൻ മകനോട് പറയുന്ന കഥകളിൽ നിറയുന്നത് ധനുഷ്കോടിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളല്ല. ചരിത്രസംഭവങ്ങളാണ്. 1964ൽ പ്രകൃതിദുരന്തത്തിൻ്റെ പ്രഹരമേറ്റ ധനുഷ്കോടിയുടെ പൊള്ളുന്ന സ്മൃതികൾ അയാൾ മകന് കൈമാറുന്നു. പുതിയ തലമുറയിലേക്ക് പകർന്നുനൽകപ്പെടുന്ന അറിവുകളിൽ ചരിത്രത്തിൻ്റെ ഇടമെന്ത് എന്നതും ഇവിടെ ചിന്താവിഷയമാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി കാപട്യത്തിൻ്റെ നിറങ്ങളാൽ ഭൂതകാലത്തിൻ്റെ ചിത്രം ചമയ്ക്കുന്നവർ ഏറുന്ന ഇന്ന് ചരിത്രത്തെപ്പറ്റി ശരിയായ അറിവുകൾ ആർജ്ജിക്കേണ്ടതും പകർന്നുനൽകേണ്ടതും അനിവാര്യമാകുന്നു.
സങ്കുചിതചിന്തകൾക്കെതിരെയുള്ള പ്രതിരോധമാണ് ഈ അറിവുകൾ. ഓർമ്മകളും മർത്യജീവിതവും തമ്മിലുള്ള ബന്ധം ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇവിടെ സ്മരണകൾ ചങ്ങലകളല്ല ഊർജ്ജേസ്രോതസ്സുകളാണ്. ഭൂതകാലത്തെപ്പറ്റിയുള്ള ബോധ്യങ്ങളിൽ നിന്ന് ഊർജ്ജം നേടി മുന്നേറുന്ന മനുഷ്യൻ്റെ ചിത്രമാണ് ഇവിടെ നാം കാണുന്നത്. ഗൃഹാതുരത്വത്തിൻ്റെയും കാൽപനികതയുടെയും നിറങ്ങൾ ഈ കവിതകളുടെ വീഥിയിൽ കാണാനാവില്ല. പ്രണയം ഇവിടെ സങ്കീർണമായൊരു യാഥാർത്ഥ്യമാണ്. പുതു ചിന്തകളുടെ വെളിച്ചത്തിൽ മുന്നോട്ട് എന്ന് പറയുമ്പോഴും ചില സങ്കുചിതവീക്ഷണങ്ങളിൽ നിന്ന് സമൂഹം ഇന്നും മുക്തമല്ല. ജാതിചിന്ത മൂർച്ചയേറിയ ഒരു ഉദാഹരണമാണ്. ഈ നേരിൻ്റെ തിക്തതയോട് ചേർത്ത് കവിതയിലെ നഷ്ടപ്രണയത്തെ വായിക്കുമ്പോൾ ചില ഓർമ്മപ്പെടുത്തലുകളും ആ വായനയുടെ പൊരുളാകുന്നു. ” വിയർപ്പിലുലയും ഉടലുകളെഴുതി കലർപ്പിൻ കളി അക്കളി തുടരെ പാട്ടിൻ്റെ വരികൾ തീർന്നുപോയി വിതച്ചിട്ട താളം കപ്പലേറി അവൾ മുറിക്കുള്ളിലേക്കും ” ഇവിടെ മുറി ഒരു പ്രതീകമാകുന്നു. കലർപ്പിനെ വിലക്കുന്ന സാമൂഹിക ചുറ്റുപാടിൻ്റെ പ്രതീകം. നാസിക് ഡോളിൻ്റെ നാദം മുഴങ്ങുന്ന പുതിയ കാലത്തിൻ്റെ ആട്ടക്കഥ അനുവാചകർക്ക് അവിസ്മരണീയമായ അനുഭവമാകുന്നു. മനുഷ്യർ ചടുലതാളത്താൽ ചുറ്റപ്പെട്ട് ചുവടുകളായി പരിണമിക്കുന്ന ദൃശ്യം വരികളിൽ തെളിയുന്നു. ഈ ആട്ടക്കഥയിൽ പുരാണങ്ങൾക്ക് ഇടമില്ല. ഇന്നിൻ്റെ അരങ്ങിൽ കിടുതാളത്തിൻ്റെ നിറവിൽ പുതിയ കാഴ്ചകൾ അനാവൃതമാകുന്നു. കവി ഈ താളുകളിൽ നഗരത്തെ വരയ്ക്കുന്ന രീതിയും വേറിട്ടതാണ്. ഇവിടെ വർണ്ണാഭമായ നഗരക്കാഴ്ചകളുടെ മായികസ്പർശമില്ല. നഗരജീവിതം സമൃദ്ധിയുടെ പര്യായമാകുന്നില്ല. ”
പീടികയ്ക്ക് പിന്നിൽ പുറമ്പോക്ക് ചെറിയ വീടുകൾ ഇടുങ്ങിയ മുറ്റത്ത് പന്തുമായ് പിടഞ്ഞോടും ഇരുണ്ട കുട്ടികൾ ആ പന്തുരുണ്ടുചെന്നുവീഴും കനാൽ അവിടെ പുളയ്ക്കും പിലോപ്പികൾ മണം കാറ്റിൽ പരക്കുന്നു പുഴുകിയ മണം കനാലിന്നൊഴുക്ക് കെട്ടിയടച്ച മതിൽ അതിന്നുൾവശത്ത് കെട്ടി ക്കെട്ടി ക്കെട്ടി ക്കെട്ടി ഉയർത്തിയ ബഹുനിലയാകാശം ” മർത്യൻ്റെ മാറ്റത്തിൻ്റെ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്നാണല്ലോ നഗരജീവിതം. അവസരങ്ങളുടെയും വേഗതയുടെയും യാന്ത്രികതയുടെയും ലോകമാണ് നഗരം. യന്ത്രത്താൽ മെരുക്കപ്പെട്ട് കോൺക്രീറ്റ് വനങ്ങളിൽ ജീവിക്കുന്ന മനുഷ്യർ. ഒരാളിൽ ഒരാൾക്കൂട്ടം അന്തർലീനമത്രെ. വികസനത്തിൻ്റെ സരണിയിൽ മുന്നേറവെ മർത്യൻ പ്രകൃതിയെ സമീപിക്കുന്ന രീതിയിലും മാറ്റങ്ങളേറെ. ഭീതിയുടെയും ആരാധനയുടെയും ഭാഷയിലല്ല ഇന്ന് അവൻ പ്രകൃതിയെ വ്യാഖ്യാനിക്കുന്നത്. ” ചതുപ്പായ ചതുപ്പെല്ലാം കെട്ടിടങ്ങൾ കെട്ടിപ്പൊക്കി അവയ്ക്കു മോളിൽ വിത്തിറക്കുന്നു കൃഷിക്കാരൻ ” ഇങ്ങനെയൊക്കെയാണ് ഇന്ന് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം. കരയിലെ ഏറ്റവും വലിയ ജീവി മനുഷ്യനാൽ നിയന്ത്രിക്കപ്പെട്ട് നഗരത്തിലൂടെ കടന്നുപോകുമ്പോൾ ആ ജീവിയും ഒരു വാഹനമായി മാറുകയാണ്. മനുഷ്യൻ എത്രത്തോളം മാറിയിട്ടുണ്ട് എന്നതിൻ്റെ അടയാളപ്പെടുത്തലാകുന്നു ഈ താളുകളിലെ വരികൾ. മിത്തുകൾക്ക് പകരം യുക്തിയെ പുണരുന്ന, ഭൂതകാലത്താൽ തടവിലാക്കപ്പെട്ട് നിഷ്ക്രിയരാവാത്ത, പുതിയ പാതകളിലൂടെ മുന്നേറി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മനുഷ്യരുടെ നിറവ് ഈ കൃതിയുടെ ഉയിരാകുന്നു. മലയാളകവിത എന്ന നർത്തകി കാൽപനികതയുടെ ചമയങ്ങളണിയാതെ വേറിട്ട താളത്തിൽ ചുവടുവയ്ക്കുകയാണ്. ആ ചുവടുകൾക്ക് നദിയുടെ ഭാവമുണ്ട്. നദികൾ സംസ്കാരങ്ങൾക്ക് ഉയിര് നൽകിയത് പോലെ ഈ ചുവടുകൾ അനുവാചകചിത്തങ്ങളിൽ ചിന്തയുടെ പുതിയ വഴികൾ തുറക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.