DCBOOKS
Malayalam News Literature Website

മലയാളിയുടെ ആസക്തികള്‍

ജോണ്‍സണ്‍-ന്റെ ‘ആരോഗ്യത്തിന് ഹാനികരം-മലയാളിയുടെ ആസക്തികള്‍’ എന്ന പുസ്തകത്തില്‍ നിന്നും

‘മാന്‍ ഈസ് എ റേഷണല്‍ അനിമല്‍’ എന്ന, മനുഷ്യനെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ നിര്‍വചനം അടിസ്ഥാനമാക്കിയാണ് ആധുനിക മനുഷ്യന്റെ സദാചാരബോധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയും നടന്നിട്ടുള്ളത്. മറ്റു മൃഗങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിക്കുന്നത് അവന്റെ ചിന്താശേഷിയാണ്. പക്ഷേ, ഈ നിര്‍വ്വചനം നൂറുശതമാനവും ശരിയാണെന്ന് ശഠിക്കുന്നതിനുമുന്‍പ്, നമുക്കീ നിര്‍വ്വചനമൊന്ന് ഇഴകീറി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രാഥമികമായി മനുഷ്യന്‍ ഒരു മൃഗമാണ് എന്ന വസ്തുത പലപ്പോഴും നാം സൗകര്യപൂര്‍വ്വം വിട്ടുകളയാറാണ് പതിവ്. ‘മനുഷ്യനൊരു സുഖാനേ്വഷിയായ മൃഗമാണ്’ എന്ന് പുതിയതായൊരു നിര്‍വ്വചനമുണ്ടാക്കിയാല്‍ നൂറുശതമാനവും തെറ്റാണെന്നുപറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ‘മാന്‍ Textഈസ് എ പ്ലഷര്‍ സീക്കിങ് അനിമല്‍’ തന്നെയാണ്. ബെഞ്ചിലിരിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ചാരുകസേരയിലിരിക്കുന്നതാണ്.  കാരണം, അതാണ് കൂടുതല്‍ സുഖപ്രദം. പച്ചമാംസം ഭക്ഷിച്ചിരുന്ന മനുഷ്യന്‍ തീ കണ്ടുപിടിച്ചതോടുകൂടി ചുട്ട ഇറച്ചിക്ക് രുചി കൂടുതലും ചവയ്ക്കാന്‍ എളുപ്പവുമാണെന്ന് കണ്ടെത്തിയതോടെ, പാചകം ചെയ്ത് ഭക്ഷിക്കാന്‍ തുടങ്ങിയതിന് പിന്നിലും ഇതേവികാരംതന്നെയാണ്.

മൃഗങ്ങളെക്കാള്‍ മെച്ചപ്പെട്ട ഒരു സാമൂഹിക ജീവിതം കൈവരിക്കണമെന്ന ചിന്തയില്‍, അതിന് അനിവാര്യമായ ചില നിയമങ്ങള്‍ എല്ലാവരാലും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട പൊതുസമൂഹം ആചാരങ്ങളും നിയമങ്ങളും അനുഷ്ഠാനങ്ങളുമെന്ന പേരിലുണ്ടാക്കിയ ചില ‘അരുതുകളു’ ടെയും ശരികളുടെയും തെറ്റുകളുടെയും ആകെത്തുകയാണിന്നത്തെ സദാചാരബോധവും നീതിബോധവും നിയമവും.

പ്രപഞ്ചമുണ്ടായ കാലംമുതല്‍ക്കേ ലഹരി അതിന്റെ ഭാഗമാണ്. അവിടെ മനുഷ്യനെന്നോ, മൃഗമെന്നോ ഉള്ള വേര്‍തിരിവില്ല. എന്നാല്‍ മനുഷ്യനൊഴികെയുള്ള മറ്റ് ജീവജാലങ്ങളെല്ലാംതന്നെ ലഹരിയെ തന്റെ നിലനില്പിന്റെ ഭാഗമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ‘കണ്ടത് മനോഹരം കാണാത്തത് അതിലേറെ മനോഹരം’ എന്ന് പറയമ്പോഴും നാമറിയാതെ നമ്മുടെയുള്ളില്‍ ലഹരി തിരയടിക്കുന്നുണ്ട്. കാമം, ക്രോധം, ലോഭം, മോഹം എന്നുവേണ്ട സകലതിനും ആധാരം ലഹരിതന്നെയാണ്. ഇന്ദ്രിയങ്ങളിലൂടെ നാമറിയുന്ന ലോകം, നമുക്കു കാട്ടിത്തരുന്ന ലോകം മത്തുപിടിപ്പിക്കുന്നതല്ല എന്നുപറയാന്‍ സാധിക്കുമോ?

മനുഷ്യന്റെ പൊതുസ്വഭാവങ്ങള്‍ ഏറിയകൂറും സമാനമാണെങ്കിലും വ്യക്തിയെന്ന നിലയില്‍ ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും ആശകളുമാസക്തികളുമുണ്ടായിക്കൂടെന്നില്ല. പ്രാകൃതമനുഷ്യനെക്കുറിച്ചു തികച്ചും വ്യത്യസ്തമായ രണ്ടു ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന തോമസ് ഹോബ്‌സും ജോണ്‍ ലോക്കും രണ്ടു ധ്രുവങ്ങളിലാണ് പ്രാകൃതമനുഷ്യന്റ ചിത്രംവരച്ചുകാട്ടിയിരിക്കുന്നത്. പുരാതന മനുഷ്യന്റെ ജീവിതം ഏകാന്തമായതും ദുര്‍ബലവും വൃത്തികെട്ടതും ക്രൂരവും ഹ്രസ്വവുമാണെന്ന് തോമസ് ഹോബ്‌സ് (Leveiathen) പറയുമ്പോള്‍, ഇതിന് നേര്‍ വിപരീതമായ ഒരു ചിത്രമാണ് ജോണ്‍ ലോക്ക് നമുക്കു തരുന്നത്. ഏതായാലും ഇവ രണ്ടിന്റെയും സമഞ്ജസമായ മനുഷ്യനെന്ന മൃഗത്തെ സാമൂഹിക ജീവിയാക്കി തീര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ഇതഃപര്യന്തമുള്ള സാംസ്‌കാരിക ചരിത്രം. 350 ലക്ഷം വര്‍ഷങ്ങളുടെ ചരിത്രം മാത്രം അവകാശപ്പെടാവുന്ന മനുഷ്യര്‍ എന്ന ഒരു വര്‍ഗ്ഗം (Homosapiens‑) ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും രൂപപ്പെട്ടത് പരിണാമ പ്രക്രിയയിലൂടെയാണ്. ഇതിനെയാണ് ജീവപരിണാമശാസ്ത്രമെന്ന പേരില്‍ നാം മനസ്സിലാക്കിയിട്ടുള്ളത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.