‘ആരാന്‍’; കെ.എന്‍ പ്രശാന്തിന്റെ ചെറുകഥാസമാഹാരം
‘മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’ എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്. തെളിഞ്ഞുനില്ക്കുന്ന വെളിച്ചത്തില്‍ അത് ഒരു നാട്ടിലെ കഥകളും പേറിനടക്കുന്ന മനുഷ്യരെ നോക്കുകയാണ്. ‘വെളിച്ചത്തിന്റെ അവസാനത്തെ തുള്ളിയും അണച്ച് ഇരുട്ട് അതിനെ മൂടി’ എന്ന വാചകമാണ് സമാഹാരത്തിന്റെ അവസാനം നമ്മള്‍ കാണുക. ഈ രണ്ട് വാക്യങ്ങളുടെയും ഇടയ്ക്കുള്ള ദൂരം വളരെ അകലമുള്ളതാണെന്ന നമ്മുടെ ധാരണ തിരുത്തുന്നതാണ് പ്രശാന്തിന്റെ കഥകള്‍. അല്ലെങ്കില്‍ ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിന്റെ ഭൂപ്രകൃതിപോലെ ഇരുളും വെളിച്ചവും ഇടകലര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഭിന്നിച്ചുനില്ക്കുന്ന സംഭവങ്ങളായല്ല ഒരു വായനക്കാരന് ഇതിലെ കഥകള്‍ വായിക്കാനാവുക. മൂന്നാല് ലഘുസിനിമകള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു വലിയ സിനിമയുടെ കഥകള്‍ക്കിടയില്‍ ഒരു നേര്‍ത്തനൂല്‍ നമ്മള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ പ്രശാന്തിന്റെ ഓരോ കഥയും ഓരോ അര്‍ത്ഥമുണ്ടാക്കുന്നതുപോലെ മൊത്തം സമാഹാരവും വായനക്കാരനോട് ഒന്നായി സംവദിക്കുന്നുണ്ട്. പ്രശാന്തിന്റെ മിക്കവാറും കഥാപാത്രങ്ങള്‍ ഒരു യാത്രയ്ക്കിടയിലാണ്. അതിരുകടക്കാനും വേറൊരു ഭാഷയും പ്രകൃതിയും ജീവിതവുമുള്ളിടത്തേക്കു രക്ഷപ്പെടാനും അവര്‍ ആഗ്രഹിക്കുന്നു. കരിങ്കുരങ്ങിനുപോലും ബര്‍മ്മയോളം നീണ്ട ചരിത്രമുള്ളതാണ്. പ്രശാന്തിന്റെ കഥാഗ്രാമത്തിന് തൊട്ടപ്പുറത്തായി കന്നട പറയുന്ന നാടുണ്ട്. രണ്ടോ അതിലധികമോ ഭാഷകള്‍ ഒത്തുചേരുന്നിടത്താണ് മഹത്തായ എഴുത്തുണ്ടാകുന്നതെന്ന് ജയമോഹന്‍ പറഞ്ഞതോര്‍ക്കുന്നു. മനുഷ്യവംശം ഉണ്ടായ കാലംമുതല്‍ യാത്രയിലാണ്. പരാജയബോധമാണ് അല്ലെങ്കില്‍ കുറ്റബോധമാണ് യാത്രകളുടെ പിന്നിലുള്ള അബോധപ്രേരണ എന്നു പറയാറുണ്ട്. നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടത്താറുള്ള തെക്കുവടക്ക് യാത്രകളോര്‍മ്മിക്കാം. ‘എല്ലാരും എങ്ങോട്ടെങ്കിലും പോകണ്ടോരാണ്’ എന്ന് ‘കോട’ എന്ന കഥയിലെ ബിന്ദു പറയുന്നുണ്ട്. മലയാളത്തിലെ മികച്ച രാഷ്ട്രീയകഥകളിലൊന്നായി അതു മാറുന്നത് അതുകൊണ്ടുകൂടിയാണ്. ‘കോട’യില്‍ ഇരയും വേട്ടക്കാരനുമൊക്കെ പരസ്പരം മാറി പ്പോകുന്നുണ്ട്. അവരെല്ലാവരും രക്ഷപ്പെടാനും പിടികൂടാനുമുള്ള യാത്രകളിലാണുതാനും. തന്റെ ജീവിതപരിസരത്തിലെ രാഷ്ട്രീയം പ്രശാന്ത് സമര്‍ത്ഥമായി ഇതില്‍ ഒളിച്ചുകടത്തുന്നു. അത് കോടമൂടി തെറ്റുകള്‍ മാത്രം നിറഞ്ഞതാണ്. കഥയെഴുത്തുകാരന്‍ കണ്ണുമൂടി ഒളിച്ചുകടത്തുന്ന വിമര്‍ശനം ശരിയായി മനസ്സിലാക്കാനുള്ള വിവേകബുദ്ധി നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ക്കില്ല. ഭാഗ്യം, അതുകൊണ്ട് അന്നാട്ടില്‍ എഴുത്തുകാരന് ജീവിച്ചുപോകാം.
പുതിയകാലത്തെ ജാതിജീവിതത്തെ നേരിടുന്ന കഥകള്‍ അപൂര്‍വ്വമായേ മലയാളത്തിലുണ്ടാകുന്നുള്ളൂ. ജാതി നമ്മുടെ മുഖത്തോടുമുഖം നോക്കിനില്ക്കുന്ന ഒന്നാണെന്ന് നവോത്ഥാനകേരളം സമ്മതിച്ചുതരില്ല. അത് ഭൂതകാലത്തില്‍ പരിഹരിക്കപ്പെട്ടുപോയതാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുമല്ലെങ്കില്‍ ജാതിയെ ഒളിപ്പിക്കാനുള്ള സ്ഥലമായി നമ്മുടെ പുരോഗമന മുഖങ്ങള്‍ മാറുന്നു. ഏതു കാലത്തെയും അപൂര്‍വ്വം മലയാളകഥകളിലേ കഥാപാത്രത്തിന് ജാതിയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഓരോ മലയാളിയും ജാതി നന്നായി വെളുപ്പിച്ചെടുക്കുന്നുമുണ്ട്. ‘ഗുണം വരണം’, ‘തൊണ്ടച്ചന്‍’ എന്നീ കഥകളിലൂടെയാണ് പ്രശാന്ത് ഇക്കാര്യത്തില്‍ വ്യത്യസ്തനാകുന്നത്. സി. അയ്യപ്പനെപ്പോലെ ആഴത്തിലാഴത്തില്‍ ഈ കഥകള്‍, ജാതിയില്ലെന്നു നടിക്കുന്ന കാലത്തെ ജാതിയെക്കുറിച്ചു സംസാരിക്കുന്നു. ‘ഗുണം വരണം’ ഇക്കാര്യത്തില്‍ വളരെ അപൂര്‍വ്വതയുണ്ടാക്കുന്നു. രഹസ്യത്തിലും പരസ്യത്തിലും പറയുന്ന സംവരണവിരുദ്ധതയും ജാതിക്കുശുമ്പും പച്ചയ്ക്കു പറയുന്ന വേറൊരു കഥയും മലയാളത്തിലില്ല. ചെവികളില്‍നിന്ന് ചെവികളിലേക്ക് കൈമാറുന്ന ജാതിയെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറയുന്ന എഴുത്തുകാരന്റെ മുന്നില്‍ പുരോഗമന മലയാളി ചൂളിപ്പോകുന്നു. തൊണ്ടച്ചന്‍ ജാതിവേട്ടയുടെ കഥയാണ്. മധുവിന്റെ കൊലപാതകത്തിനു മുന്‍പായിരുന്നെങ്കില്‍ നമ്മളതില്‍ അതിശയോക്തി വിചാരിച്ചേനെ. ഈ രണ്ടു കഥകളിലും പൊതുവായ കാര്യം പേഗന്‍ വിശ്വാസങ്ങളെ കഥ പറച്ചിലിനോടു ലയിപ്പിക്കുന്നതാണ്. ഒന്നില്‍ അധഃസ്ഥിതന്റെ വീടിന് കാവല്‍ നില്ക്കുന്നത് നാട്ടുദേവതയാണ്. മറ്റേതില്‍ തൊണ്ടച്ചന്റെ അദൃശ്യ സാന്നിദ്ധ്യമുണ്ട്. ഇത് ഉത്പതിഷ്ണു കാപട്യങ്ങളോടുള്ള പരിഹാസംകൂടിയാണ്. ജാതി പരിഹരിക്കേണ്ടത് സവര്‍ണ്ണീകരണത്തിലൂടെയാണെന്ന വാദത്തിന്റെ പുറത്തുനില്ക്കുന്നു ഈ കഥകള്‍.
കുറച്ചു വര്‍ഷങ്ങള്‍ക്കിടെ പുതിയ എഴുത്തുകാര്‍ ചെറുതല്ലാത്ത അട്ടിമറി കഥപറച്ചിലില്‍ നടത്തിയിട്ടുണ്ട്. സാഹിത്യത്തിലേക്ക് അധികമൊന്നും കടന്നുവരാത്ത സ്ഥലങ്ങളെയും ഭാഷയെയും പ്രമേയങ്ങളെയും അവര്‍ കൂസലില്ലാതെ തിരഞ്ഞെടുക്കുന്നു. വിനോയ് തോമസ് മലബാര്‍ കുടിയേറ്റ ജീവിതത്തെയും ലാസര്‍ ഷൈന്‍ ആലപ്പുഴയുടെയും കൊച്ചി യുടെയും വരേണ്യമല്ലാത്ത ജീവിതത്തെയും എഴുതുന്നു. എഴുത്തിലെ പ്രാദേശികത കഥയിലേക്ക് ജീവിതം തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ്. ഒരു ആഗോളീകരിക്കപ്പെട്ട ഗ്രാമ വാസിയോ ചെറുപട്ടണവാസിയോ മാത്രമായ സാധാരണ മലയാളി ഇത്രനാളും സൈബര്‍ ലോകത്തെത്തിയെന്നോ നാഗരികദുഃഖങ്ങളുള്ളവനെന്നോ അഭിനയിക്കുക മാത്രമായിരുന്നു. വൈവിദ്ധ്യംകൊണ്ട് ചെറുപ്പക്കാര്‍ അതിനെ മറികടക്കുന്നു. പ്രശാന്തിന്റെ ‘ഗാളിമുഖ’ ഏതു നാട്ടിന്‍പുറത്തുമുള്ള കഥകളും മിത്തുകളുമായിമാറുന്ന മരണത്തിന്റെ കഥയാണ്. അതില്‍ ഭര്‍ത്താവിന്റേതാണെന്ന് സംശയമുള്ള ശവം മറിച്ചിട്ടുനോക്കുന്ന സ്ത്രീയുടെ കൂസലില്ലായ്മയും വരത്തന്മാരോടുള്ള കലിപ്പും മദ്യാസക്തിയും കാമവും മഴയും നാടിന്റെ ഇരുണ്ട പച്ചപ്പിനോട് ചേര്‍ന്നുനില്ക്കുന്നു.
‘പ്രണയവാരിധി നടു’വിലും ‘ബന്ദറും’ പ്രണയത്തെ മരണം കീഴടക്കുന്നതരം പ്രണയകഥകളാണ്. ‘ബന്ദര്‍’ ഉത്തരേന്ത്യന്‍ നഗരത്തിലാണെങ്കില്‍ മറ്റേത് ഉദിനൂരോ ഗാളിമുഖയോ പോലുള്ള സ്ഥലമാണ്. ‘പ്രണയവാരിധി നടുവില്‍’ നിറഞ്ഞുനില്ക്കുന്ന ജീവിതംകൊണ്ടും ഉള്ളിനെ കീറിമുറിക്കുന്ന ആശങ്കകള്‍കൊണ്ടും അടുത്തകാലത്ത് വായിച്ച മികച്ച കഥയാണ്.
നക്‌സലൈറ്റ് വേട്ടയൊക്കെ പറയുന്ന കഥകള്‍ ഇനിയുമെഴുതിയാല്‍ മലയാളി വായനക്കാരന്‍ തിരിഞ്ഞുനോക്കിയെന്നു വരില്ല. പക്ഷേ, ‘കനുസന്യാല്‍ എന്ന പോലീസുകാരനി’ലൂടെ പ്രശാന്ത് പരിചിതമായ പ്രമേയത്തെ ഒന്ന് മാറ്റിപ്പിടി ക്കുന്നു. അനീതിയും വേട്ടയും സാത്വികഹിന്ദുവിന്റെയും രാജ്യസ്‌നേഹത്തിന്റെയും വേഷത്തിലാണ് ഇക്കാലത്ത് വരുന്നതെന്ന് ഈ കഥ പറയുന്നു. എങ്കിലും ഈ സമാഹാരത്തില്‍ എന്റെ ഭാവുകത്വത്തിന് പിടിക്കാതെപോയ കഥ അതുതന്നെയാണ്.
തെളിമയും മൗലികതയുമുള്ള കഥപറച്ചിലാണ് കെ.എന്‍. പ്രശാന്തിന്റെ പ്രത്യേകത. പറയാനുള്ളതിനെക്കുറിച്ചുള്ള തെളിഞ്ഞ ധാരണയും പറഞ്ഞാല്‍ തീര്‍ന്നുപോകാത്ത കഥകളും അകത്തേക്ക് നേരേ കയറുന്ന വിവരണകലയുമാണ് മികച്ച എഴുത്തുകാരന്റെ ലക്ഷണം. അതിന്റെ സൂചനകള്‍ തരുന്ന മികച്ച സമാഹാരമാണിത്. കാലം അതു വിളിച്ചുപറയും
കെ.എന്‍ പ്രശാന്തിന്റെ ആരാന്‍ എന്ന പുതിയ ചെറുകഥാസമാഹാരത്തിന് എസ്.ഹരീഷ് എഴുതിയ അവതാരികയില്‍നിന്ന്.
Comments are closed.