DCBOOKS
Malayalam News Literature Website

ബംഗാളിന്റെ ആത്മകഥ…

ബംഗാളിന്റെ ആത്മകഥ…അങ്ങനെ വിശേഷിപ്പിക്കാനാണ് മീരയുടെ ”ആരാച്ചാർ ” എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.എന്നാലും ആ വിശേഷണം വളരെ ലോപിച്ചു പോയല്ലോ എന്ന് ശരി വയ്ക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളും മുന്നിൽ വന്നു നിന്ന് വീണ്ടും വീണ്ടും കഥകളുടെ കെട്ടഴിച്ചു കൊണ്ടേയിരുന്നു.

രണ്ടായിരം വർഷങ്ങളുടെ പഴക്കമുള്ള കഥകൾ… ചേതന ഗൃദ്ധാ മല്ലിക് എന്ന ഇരുപത്തിരണ്ടുകാരിയുടെ ചിന്തകളിലൂടെ വായനക്കാരെ ഇന്ത്യയുടെ ചരിത്രത്തിലൂടെ കൈ പിടിച്ചു കൊണ്ട് പോകുന്നതോടൊപ്പം വർത്തമാന കാലത്തെ വളരെ പ്രസക്തമായ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും നോവലിൽ അനാവരണം ചെയ്യപ്പെടുന്നു . മരണവും മണ്ണും പ്രണയവും കൂടിക്കുഴഞ്ഞു കിടക്കുന്ന നോവലിലൂടനീളം, മീരയുടെ ഭാഷയുടെ അസാമാന്യ കൈയടക്കവും ആഖ്യാന രീതികളും അത്ഭുതപ്പെടുത്തുന്നത് തന്നെ എന്ന് പറയാതിരിക്കാൻ വയ്യ.

ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാർ കുടുംബപരമ്പരയുടെ അനുഭവ സമ്പത്തിന്റെ വെട്ടത്തിലൂടെ ക്രിസ്തു വിനും 400 വർഷം മുൻപ് തുടങ്ങുന്ന,ചരിത്രത്തിന്റെ പറയപ്പെടാത്ത കഥകളിലേക്കാണ് കഥാകാരി വിരൽ ചൂണ്ടുന്നത്.

ആരാച്ചാർ പദവി ഒരു നിയോഗമായി കാണുന്ന വംശപരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയായ ചേതന എന്ന യുവതി ആരാച്ചാർ എന്ന പദവി ഏറ്റെടുക്കാൻ തീരുമാനിക്കുന്നതോടെ തുടങ്ങുന്ന സംഭവ വികാസങ്ങൾ ആണ് ഉള്ളടക്കം.ഭ്രൂണാവസ്ഥയിൽ പോലും ലക്ഷണമൊത്ത കുടുക്കുണ്ടാക്കാൻ അറിയാവുന്നവൾ എന്നാണ് ചേതന …അവളെപ്പറ്റി പറയുന്നത്.

ഗംഗാതീരത്തുള്ള ഒരു ശ്മശാനവും അതിലേക്കു നീളുന്ന ഒരു റോഡരികിലെ ആരാച്ചാരുടെ വീടും ഒരു ക്യാൻവാസിലെ എന്ന പോലെ വായനക്കാരന്റെ മനസ്സിൽ വരച്ചിടാൻ മീരയുടെ ആഖ്യാനശൈലി കാരണമായിട്ടുണ്ട്

മരണം എന്ന പ്രധാന കഥാപാത്രം നോവലിലുടനീളം മേധാവിത്വം പുലർത്തുന്നു.ദിവസവും നീളുന്ന ശവവണ്ടികളുടെ ഘോഷയാത്രയെക്കുറിച്ചുള്ള വിവരണങ്ങൾ. അത് തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത. ഓരോരോ കാലങ്ങളിലും ജീവിച്ചിരുന്ന പൂർവ്വികരുടെ ഓർമകളിലൂടെ അതാതു കാലങ്ങളിലെ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളോടൊപ്പം….പ്രണയവും മതവും യുദ്ധങ്ങളും പട്ടിണിയും ദാരിദ്ര്യവും പറഞ്ഞു പോകുന്ന നോവൽ പുതിയ ഒരു തരം വായനാനുഭവം നൽകി വായനക്കാരനെ വിസ്മയിപ്പിക്കുന്നു.

Textഭൂത കാലത്തിൽ നിന്നും വേർപിരിച്ചെടുക്കാനാകാത്ത വർത്തമാന കാലം …..വല്ലാത്ത ഒരു അവസ്ഥ വിശേഷമായി പ്രതിഫലിക്കുന്നുണ്ട്.
ഭാവിയിലേക്കുള്ള ഒരു തുറന്ന വീക്ഷണവും കൂടിയാണ് മീര തുറന്നു വക്കുന്നത്. യതീന്ദ്രനാഥ് ബാനർജി എന്ന ചെറുപ്പക്കാരനെ തൂക്കി കൊല്ലുക എന്നതായിരുന്നു ആരാച്ചാർ വേഷം അണിയേണ്ട, പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇരുപത്തിരണ്ടുകാരി ചേതന മല്ലിക് ഏറ്റടുത്ത ദൗത്യം. വാർത്ത മാധ്യമങ്ങൾ ഈ വിഷയം ഏറ്റു പിടിക്കുന്നതോടെ ആരാച്ചാർ കുടുംബത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ആണ് നോവലിൽ ഉടനീളം പ്രതിഫലിക്കുന്നത്”.ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാർ” എന്ന തലക്കെട്ടോടെ ഏറ്റവും കൂടുതൽ റേറ്റിംഗിനു വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങളുടെ വിവിധ കൈകടത്തലുകളും ഉടനീളം കാണാം

ഈ വീട്ടിലേക്കു ഒരു വാർത്ത ചാനൽ പ്രവർത്തകനായ സഞ്ജീവ് കുമാർ മിത്ര എത്തുന്നതോടെ ചേതനയുടെ മനസിലെ പ്രണയവും വിടരുകയായിരുന്നു. വധശിക്ഷ നിർത്തലാക്കണമോ വേണ്ടയോ എന്ന് കഥാപാത്രങ്ങളിലൂടെ മീര ചർച്ച ചെയ്യുന്നു.
ആകാംഷാഭരിതമായ മുഹൂർത്തങ്ങളിലൂടെ വായനക്കാരും ഈ ഉത്തരം തേടി അലയുന്നുണ്ട്. ഒരു സ്ത്രീപക്ഷ വീക്ഷണം നോവലിലുടനീളം പുലരുന്നുണ്ട്.

ചരിത്രത്തിലെ പല സ്ത്രീ കഥാപാത്രങ്ങളും സാഹചര്യങ്ങൾക്കനുസരിച്ചു ചേതനയുടെ ഓർമ്മകളിലൂടെ വന്നു പോകുന്നു.
പ്രൊതിമാതി ഖാവന,ത്രൈലോക്യദേവി,ഉത്പലവർണ്ണ ,ബീഗം റുഖയ ,ചിൻമയീ ദേവി, പിംഗളകേശിനി, അന്നപൂർണ..അങ്ങനെയങ്ങനെ ഒരുപാടു കഥാപാത്രങ്ങൾ കഥകൾ പറയുന്നു. പ്രണയത്തിന്റെയും,പ്രതികാരത്തിന്റെയും…വരൾച്ചയുടെയും ,വഞ്ചിക്കപ്പെടുന്നതിന്റെയും ഒക്കെ കഥകൾ..! ഗംഗയും ഹൂഗ്ലിയും പശ്‌ ചാത്തലത്തിലൂടെ ഒഴുകുന്നു… ടാഗോറിന്റെ സംഗീതം ഉടനീളം മധുരം പൊഴിക്കുന്നു..
ഇടനാഴിയിൽ ഇരുവശത്തും കടും ചുവപ്പു ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ വിടർത്തി ചിരിച്ചു കൈകൾ ഇടുപ്പിൽ കുത്തി മുലപ്പാലൊഴുകുന്ന മാറിടങ്ങൾ അനാവൃതമാക്കി വിൽപനക്കായി സ്വയം നിൽക്കുന്ന സോനാഗച്ചിയിലെ പെൺവേഷങ്ങളും അവരുടെ കഥകളും വന്നുപോകുന്നുണ്ട്.. “ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ…”
ചേതനയുടെ പ്രണയത്തിന്റെ തീവ്രത അവൾ ഓരോ വാക്കിലും പ്രകടിപ്പിക്കുന്നുണ്ട്.സ്നേഹിക്കുന്ന പുരുഷൻ ഏൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങുന്നില്ല.

ഹൃദയത്തിന്റെ ഒരു പകുതി കൊണ്ട് അവനെ സ്നേഹിക്കാനും…മറു പകുതികൊണ്ടു അവന്റെ സ്നേഹശൂന്യതയെ നേരിടാനും ഉള്ള കരുത്ത് ഒരു പെണ്ണ് നേടിയെടുക്കുന്നതിന് അവൾ കടന്നു പോകുന്ന ആത്മസംഘർഷങ്ങൾ ഒരു പെണ്ണിന് മാത്രം സാധ്യമാകുന്ന ഉൾക്കരുത്തോടെ മീര ആവിഷ്കരിച്ചിരിക്കുന്നു.

ഒരു സ്ത്രീപക്ഷ നോവൽ എന്ന് വിമർശിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന, ഒരു പെണ്ണിന്റെ കരുത്താർജിക്കൽ നോവലിന്റെ ഒഴുക്കിനൊടൊപ്പം വായനക്കാരനെ അത്ഭുതപരതന്ത്രനായി പിടിച്ചിരുത്തും എന്ന് നിസംശയം പറയാം.
തൂക്കിലേറേണ്ടവനും ആരാച്ചാരും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ..ശ്വാസമടക്കിയിരുന്നു തന്നെ വായിച്ചു പോകും.

2012 ൽ പുറത്തിറങ്ങിയ ആരാച്ചാർ…
2013 ൽ ഓടക്കുഴൽ അവാർഡും..
2014 ൽ വയലാർ അവാർഡും നേടിയതിനുപുറമെ സാഹിത്യ അക്കാദമി അവാർഡിനും അർഹമായിട്ടുണ്ട്.
ജെ.ദേവിക പരിഭാഷപ്പെടുത്തിയ “The Hangwoman : Everyone Loves a Good Hanging” 2014 ൽ പുറത്തിറങ്ങിയിട്ടുണ്ട്. കെ.ആർ.മീരയുടെ പ്രതിഭയുടെ കൈയൊപ്പുള്ള ഒരു ബൃഹത് നോവലാണിത്.
ബംഗാളിന്റെ പശ്‌ ചാത്തലത്തിൽ വിരിഞ്ഞ ഒരു മനോഹര നോവൽ. ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിലെ 2016 ലെ പതിപ്പിൽ “സമകാലീനസാഹിത്യം” എന്ന വിഭാഗത്തിൽ പരിചയപ്പെടുത്താൻ ഡി.സി .ബുക്ക് പബ്ലിഷ് ചെയ്ത മീരയുടെ ആരാച്ചാരും തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ കൃതിയുടെ മാറ്റു കൂട്ടുന്നു.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി കെ ആർ മീരയുടെ ‘ആരാച്ചാർ’ എന്ന കൃതിയും

tune into https://dcbookstore.com/

കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവലിന് ‘ദിവ്യ ജോൺ ജോസ്’ എഴുതിയ വായനാനുഭവം 

Comments are closed.