ആന്‍ ഫ്രാങ്കിന്റെ അവസാനത്തെ ഏഴ് മാസങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു കൗമാരക്കാരിയാണ് ആന്‍ ഫ്രാങ്ക്. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍ എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയായി വായിക്കാവുന്ന കൃതിയാണ് ‘ദി ലാസ്റ്റ് സെവന്‍ മന്ത്‌സ് ഓഫ് ആന്‍ ഫ്രാങ്ക്’. ആനിനൊപ്പം അവസാനത്തെ ഏഴ് മാസങ്ങളില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ഉണ്ടായിരുന്നവരും എല്ലാ ദുരിതങ്ങളെയും അതിജീവിച്ച് മടങ്ങിവരാന്‍ ജീവിതത്തിലേക്ക് ഭാഗ്യം കിട്ടിയവരുമായ ആറ് സ്ത്രീകളുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1987ല്‍ അവര്‍ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന് പുസ്തകം തയ്യാറാക്കിയത് ഡോക്യുമെന്ററി നിര്‍മ്മാതാവായ വില്ലി ലിന്‍ഡ്‌വെര്‍ ആണ്.
എമ്മി അവാര്‍ഡ് അടക്കം പല അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ച ‘ദി ലാസ്റ്റ് സെവന്‍ മന്ത്‌സ് ഓഫ് ആന്‍ ഫ്രാങ്ക്’എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തില്‍ ലഭിച്ച കാര്യങ്ങളില്‍ വളരെക്കുറച്ചേ തനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ എന്ന കുറ്റബോധത്തില്‍ നിന്നാണ് വില്ലി ലിന്‍ഡ്‌വെര്‍ അഭിമുഖത്തെ പുസ്തകരൂപത്തില്‍ ആക്കിയത്. ചോദ്യം, ഉത്തരം എന്ന ശൈലി പാടേ ഉപേക്ഷിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനപര്‍വ്വം അതിന്റെ സകല തീവ്രതയോടും കൂടി പുസ്തകത്തില്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിച്ചു.
മനുഷ്യമനസാക്ഷിയെ എന്നും നുള്ളിനോവിച്ചു കൊണ്ടിരിക്കുന്ന പീഡാനുഭവങ്ങള്‍ ആന്‍ ഫ്രാങ്കിന്റെ അവസാന നാളുകള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടത് 2012ല്‍ ആണ്. കഥാകൃത്ത്, മജീഷ്യന്‍, ചിത്രകാരന്‍, കായികതാരം, ഡോക്യുമെന്ററി സംവിധായകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ജോര്‍ജ്ജ് പുല്ലാട്ടാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്.
ആന്‍ ഫ്രാങ്കിന്റെ അവസാന നാളുകള്‍ ലോകമെമ്പാടുമെന്നപോലെ മലയാള വായനക്കാരുടെ മനസ്സിലും തീവ്രവേദനയുടെ നീറ്റല്‍ പടര്‍ത്തി. അതിവേഗത്തിലാണ് പുസ്തകത്തിന്റെ ആദ്യ പതിപ്പ് വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ നാലാം പതിപ്പ് പുറത്തിറങ്ങി. ആന്‍ ഫ്രാങ്കിനെകുറിച്ചുള്ള കൂടുതലറിവുകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.
Comments are closed.