ആണ്‍കഴുതകളുടെ ആ മാന്ത്രിക നാട്ടില്‍, മുഴുവന്‍ പെണ്ണുങ്ങളാണ്!
പി ജിംഷാറിന്റെ ആൺ കഴുതകളുടെ XANADU എന്ന കഥാസമാഹാരത്തിന്
മായാ കിരണ്‍ എഴുതിയ വായനാനുഭവം
ഉന്മാദത്തോടെ ഒരാള്‍ എഴുതാനിരുന്നാല്‍, അതിനപ്പുറം ഉന്മാദത്തോടെയേ നമുക്ക് വായിക്കാനാവുകയുള്ളു.. മനസില്‍ സിനിമയും ചിന്തകളില്‍ കഥകളും ഉള്ളൊരു ചെറുപ്പക്കാരന്‍ പറയുകയും വേണ്ട. അതായത് പറഞ്ഞു വന്നത് ജിംഷാറിനെ പറ്റിയാണ്, അദ്ദേഹത്തിന്റെ ആണ്‍കഴുതകളുടെ xanadu എന്ന കഥാ സമാഹാരത്തെ കുറിച്ചാണ്.
സത്യത്തില്‍ കുറെയായി വായന അതിന്റെ മുഴുവന്‍ വേഗത കൈവരിച്ചിട്ട്. ഇബുക്കുകള്‍ പലതും വാങ്ങിവച്ചിട്ടും കുറച്ചായി. ഇതിന്റെ വായന തീര്‍ന്നിട്ടും ഏറെയായി. ഒരു രണ്ടു വരി കുറിയ്ക്കണമെന്നു കരുതിയാണിരുന്നത്. എന്നാല്‍ അതിന് കഴിഞ്ഞതിപ്പോഴാണ്.
സൂക്ഷ്മവായനയില്‍ പലതും കാണാനാവുന്നതും പരന്ന വായനയില്‍ സംഭ്രമിപ്പിയ്ക്കുന്നതുമായ കഥകളാണ് xanadu വിലേത്. അതായത് കുതിച്ചുയരുന്ന പ്രതീക്ഷകള്‍ക്കും മിഥ്യാബോധങ്ങള്‍ക്കുമപ്പുറം തീഷ്ണമായ പാപബോധവും മൃത്യുവലയവും കാണുന്ന ചില മനുഷ്യര്‍. രതിയുടെയും പരാജയത്തിന്റെയും സമ്മിശ്രഭാവങ്ങള്‍ കൂട്ടിയിണക്കി കൈമറിഞ്ഞു പോയ ജീവിതങ്ങളെ ഒരു സ്വപ്നത്തിലൂടെയോ ഇന്ദ്രജാലത്തിലൂടെയോ തിരിച്ചുപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. അവരാണ് xanadu വിലെ താമസക്കാര്‍. പേന മുതല്‍ കഥ വരെ വായിക്കുമ്പോഴും മനസ്സ് പാപബോധം എന്ന പ്രതി പ്രവര്‍ത്തനത്തില്‍ പെട്ടുപോവുകയായിരുന്നു. ചട്ടക്കൂട്ടില്‍ വീര്‍പ്പുമുട്ടുന്ന കഥയുടെവിപ്ലവമാണ് പലതിലും തിളയ്ക്കുന്നത്. അതില്‍ കൂടുതല്‍ വായന വേണ്ടി വന്ന ‘ചാറ്റ് വിത് ടാബൂ ഹീറോയിന്‍’ നല്ല ഒന്നാംതരം നാറുന്ന ഉമിനീര് പ്‌സ്യൂഡോ ഹ്യൂമാനിറ്റിക്ക് മേല്‍ വിതറിയതുപോലെയാണ് വായനയില്‍ തോന്നിയത്. മദര്‍ ഓഫ് പോണ്‍ എന്നറിയപ്പെടുന്ന കെ പാര്‍ക്കറിന്റെ ജൂനിയര്‍ എന്ന വിശേഷണമുള്ള സെലിന്‍ എന്ന പോണ്‍ സ്റ്റാറിന്റെ ചാറ്റ് ഷോ. യാതൊരു ഏച്ചുകെട്ടലുമില്ലാത്ത തുറന്ന ആവിഷ്‌ക്കാരം. സത്യത്തില്‍ അത് വല്ലാത്തൊരു അസ്വസ്ഥത ജനിപ്പിച്ചു. ഒരുതരം ജഢഭാവമാണതിലെ സെലിന്റെ വികാരങ്ങള്‍ക്കെന്ന് തോന്നിപ്പോയി. ആമുഖങ്ങളില്ലാതെ എഴുതപ്പെടുന്ന ഒരു കവിതപോലെയാണ് ചില പെണ്‍ജീവിതങ്ങള്‍ എന്ന് അടിവരയിട്ടു ആ കഥ. മറ്റൊന്ന് സാറയാണ്. ഒരു തരം ഇല്ല്യൂമിനറ്റിയില്‍ ജീവിയ്ക്കുന്ന മുത്തശ്ശിയെ അതിനപ്പുറം ദുരൂഹമായി സ്‌നേഹിയ്ക്കുന്ന, എന്നാല്‍ അത്രത്തോളം വെറുക്കുന്ന സാറ. പക്ഷെ അവസാനം അപൂര്‍ണമായ ഒരു മിസ്റ്ററി ഒരുക്കിവച്ചുകൊണ്ട് വായിച്ചവസാനിപ്പിയ്‌ക്കേണ്ടി വന്നു എനിയ്ക്കത്. വൈകാരികമായ ഒരു പിടി വിട്ടു പോവല്‍ പോലെ.
പറഞ്ഞു വരുമ്പോള്‍ ആണ്‍കഴുതകളുടെ ആ മാന്ത്രിക നാട്ടില്‍, മുഴുവന്‍ പെണ്ണുങ്ങളാണ്. മാളവിക, സുലു, അഷിത ,മാര്‍ത്ത, സെലിന്‍ തുടങ്ങിയ പെണ്ണുങ്ങള്‍. പക്ഷെ വൈകൃതം ശിരസു ഭരിച്ചത് ഖലീലിന്റെയാണ്. മരണമാവുന്ന രതി ഗീതം പാടി നടക്കുന്ന സമാധാനത്തിന്റെ ഇടയനല്ല അയാള്‍ മറിച്ച്, പൂര്‍ത്തിയാക്കാത്ത കറുത്ത പ്രണയത്തിന്റെ കവിയാണ്.
ചുരുക്കത്തില്‍ സമാധാനപൂര്‍ണമായ വായനയല്ല എനിക്ക് ഈ പുസ്തകം. അത്യന്തം അസ്വസ്ഥമായ ഇരുണ്ട പാപബോധം പേറുന്ന മനുഷ്യരുടെ വിലാപങ്ങളും ഗര്‍ജ്ജനങ്ങളും ഭ്രാന്തുകളും ഒരേപോലെ പലവട്ടം എന്നെക്കൊണ്ട് വായന നിര്‍ത്തിച്ചുകളഞ്ഞു. എങ്കിലും xanadu എന്ന കല്‍പ്പിത ഭൂമിയിലേയ്ക്ക് ഞാനും നടന്നു നീങ്ങുക തന്നെ ചെയ്തു. എന്നാല്‍ എനിക്കവിധം മൗനം പേറുന്ന മരീചികയായിരുന്നു. ഒരു യുദ്ധം കഴിഞ്ഞ ശാന്തത!
Comments are closed.