DCBOOKS
Malayalam News Literature Website

ലോകകേരള സഭയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയപ്പോള്‍..

കേരള ചരിത്രത്തിന്റെ ഭാഗമായ ലോകകേരള സഭയുടെ വേദിയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനും അതിലെ മുഖ്യ കഥാപാത്രമായ നജീബുമാണ് കണ്ടുമുട്ടിയത്.

പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ കഥാകാരനും കഥാപാത്രവുമായിരുന്നു ലോക കേരള സഭയിലെ വേറിട്ട കാഴ്ചകളിലൊന്ന്. ബെന്യാമിനും,നജീബും രണ്ടു വര്‍ഷത്തിനു ശേഷമാണ് നേരില്‍ കാണുന്നത്. നജീബിനെപ്പോലൊരു സാധാരണക്കാരന് ലോക കേരള സഭാ വേദിയിലെത്താന്‍ കാരണക്കാരനായതില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പ്രതികരിച്ചു.

പിറന്ന നാട്ടിലേയ്ക്ക് തിരികെയെത്തണമെന്ന മോഹമാണ് നജീബിന്. പ്രവാസികളുടെ മോഹങ്ങള്‍ക്ക് നിറമേകാന്‍ കേരള സഭ വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഇരുവരും പങ്കുവച്ചത്.

അതേസമയം, ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടി രേവതി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് ലോക രാജ്യങ്ങളിലും ജോലി എടുക്കുന്ന മലയാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കിയ സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും സഭയിലെ പ്രിസീഡിയം അംഗം കൂടിയായ രേവതി പറഞ്ഞു. സര്‍ക്കാരിന്റെ തുടക്കം നല്ലതിലേക്കാണ്. ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും രേവതി പറഞ്ഞു. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രിസീഡിയം അംഗമാകാനുള്ള ഭാഗ്യം ലഭിച്ചവരില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ രേവതി.

ലോക കേരള സഭയിലൂടെ സര്‍ക്കാര്‍ പുതിയ ജനക്ഷേമ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് പിന്നണിഗായിക കെ.എസ് ചിത്ര വ്യക്തമാക്കി.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലോക കേരള സഭില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു.

Comments are closed.