പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെ കഥ!
ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന് തോമസ് ബി എഴുതിയ വായനാനുഭവം
ഷീലാ ടോമിയുടെ ഏറ്റവും പുതിയ നോവലാണ് ‘ആ നദിയോട് പേര് ചോദിക്കരുത് ‘. തുടക്കം മുതല്‍ ഒടുക്കം വരെ പിറന്ന മണ്ണില്‍ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെ കഥകളിലൂടെയാണ് ഈ പുസ്തകം വായനക്കാരെ വഴി നടത്തുന്നത്. പുസ്തകം പഠന വിധേയമാക്കുന്നതിന് മുന്‍പ് തുടക്കത്തില്‍ തന്നെ എഴുത്തുകാരി നല്‍കിയ കുറിപ്പിലൂടെ കടന്നു പോകുന്നത് ഈ നോവലിനെ മുഴുവനായി മനസ്സിലാക്കുവാനുള്ള ചില ചിന്തകള്‍ നല്‍കുന്നുണ്ട്. ഒന്നാമത്തെ ചിന്ത ഈ നോവലിന്റെ രചനാരീതിയെ പറ്റിയുള്ളതാണ്. ‘യുദ്ധത്തിലും പലായനങ്ങളിലും ഏറ്റവും തീവ്രമായ കനല്‍ വഴികള്‍ താണ്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. ആ നദി എഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച കാര്യം അവരുടെ സങ്കടങ്ങള്‍ക്ക് കാല്പനികഛായ നല്‍കരുത് എന്നതാണ്. അവരുടെ പെണ്‍കുട്ടികളെ അക്ഷരങ്ങളിലൂടെ വീണ്ടും ബലാല്‍ക്കാരം ചെയ്യരുത്. അവരുടെ പോരാട്ടങ്ങളെ വീണ്ടും അപമാനിക്കരുത്. രചന വികാരതീവ്രമാക്കാന്‍ അവരുടെ വികാരങ്ങളെ കച്ചവടം ചെയ്യരുത്. … വായിച്ചു രസിക്കാനോ സഹതപിക്കാനോ ഉള്ള കഥകളല്ല ആ ജീവിതങ്ങള്‍.’ ഈ ഒരു രചനാരീതി സ്വീകരിക്കുന്നതിലൂടെ എഴുത്തുകാരി ഒരേ സമയം എഴുത്തിന്റെ ‘ ഭാവന എന്ന ചിന്തയേയും’ എഴുത്തിന്റെ ‘രാഷ്ട്രീയം എന്ന മേഖലയെയും’ ചോദ്യം ചെയ്യുകയും ഒരു പുതിയ തലവും താളവും എഴുത്തില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. എഴുത്തിന്റെ തന്നെ സൂക്ഷ്മ ഭാവങ്ങളെ കണ്ടെത്താനും അതിനോടൊപ്പം എഴുത്തുകാരുടെ തന്നെ നിലപാടുകളെ തുറന്ന മനസ്സോടെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ കൂടിയാണ്.
രണ്ടാമത്തെ ചിന്ത വ്യക്തമായി പറയുന്നത് ഈ നോവല്‍ ഒരു അണിചേരലാണ്. ‘ വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യപ്പെടല്‍ ആണ്.’ എഴുത്തുകാരിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഉല്‍മുനലനത്തിന്റെ മുനമ്പില്‍ നില്‍ക്കുന്നവരെ തിരിച്ചറിയല്‍ ആണ്. ചേര്‍ത്തുപിടിക്കല്‍ ആണ് , ചെറുത്തുനില്‍പ്പുകള്‍ തുടരുമെന്നും പ്രതീക്ഷകള്‍ അസ്തമിക്കില്ലെന്നുമുള്ള അടയാളപ്പെടുത്തല്‍. അതായത്, ജാതി, മതം , ഭാഷ, നിറം , ലിംഗക്രമങ്ങള്‍, രാഷ്ട്രീയം , ദേശീയത ഇവ നല്‍കുന്ന വിഭജന സിദ്ധാന്തങ്ങള്‍ക്ക് എതിരെ മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന സ്‌നേഹത്തിന്റെ പുതിയ രാഷ്ട്രീയ വാക്യങ്ങള്‍ എഴുത്തുകാരി കരുപ്പിടിപ്പിക്കുന്നു.
മൂന്നാമത്തെ ചിന്ത ഒരു പുതിയ ജിയോപൊളിറ്റിക്‌സ്, മറ്റൊരു ദേശത്തിന്റെ ജീവന്‍ അനുഭവങ്ങളെ ആവിഷ്‌കരിക്കാന്‍ ചെയ്യുന്ന ശ്രമങ്ങള്‍ സമഗ്രമല്ല പറയുമ്പോള്‍ തന്നെ അവിടുത്തെ മുറിവുകള്‍ , അതിര്‍ത്തികളുടെ വിങ്ങലുകള്‍ , നടന്നിട്ടില്ലാത്ത വഴികള്‍ ഇവ ഒക്കെ തിരിച്ചറിയുകയും അത് മാത്രമല്ല ആ ഭൗമ രാഷ്ട്രീയം ഒരു പുതിയ തലത്തിലേക്ക് എഴുത്തുകാരി വഴി തിരിച്ചു വിടുന്നു. ‘ എന്റെ തമ്പുരാനോട് കലഹിക്കണം …. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സ്ര്യഷ്ടിച്ച തുരുത്താണോ ഈ ഗാസയെന്ന്.’ ഈ വാക്കുകള്‍ ദൈവശാസ്ത്രത്തോടുള്ള കലഹമാണ്, ദൈവത്തോടുള്ള കലഹമാണ്. ഇന്നത്തെ ആയുധക്കമ്പോളത്തോട് മാത്രമല്ല, അവക്ക് നീതീകരണം നല്‍കുന്ന ഇന്നിന്റെ ദൈവശാസ്ത്രങ്ങളോടുള്ള, പാഠവായനകളോടുള്ള കലഹങ്ങള്‍. ആ കലഹങ്ങള്‍ നഷ്ടമായി എന്ന് തോന്നുന്ന ഇടത്തില്‍ ആണ് ഈ വായനകള്‍ നടക്കുന്നത്.
നോവലിലേക്ക് വരുമ്പോള്‍ ഒരു പുതിയ സംസ്‌കാരം, ഭൂപ്രദേശം, മനുഷ്യജീവിതരീതികള്‍, എല്ലാം തന്നെ പരിചയപ്പെടുത്തുമ്പോഴും ആ നദി വറ്റിപ്പോകാതെ ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുന്നത് ഒന്നാണ് തിരസ്‌കരിക്കപ്പെട്ട ജീവിതങ്ങളും അവരുടെ ജീവിത നിമിഷങ്ങളുമാണ്. പിറന്ന മണ്ണില്‍ ഇടമില്ലാതെ തിരസ്‌കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം ഒഴുകുന്ന ഒരു നദി പോലെ കടന്നു പോകുന്നു. തിരസ്‌ക്കാരത്തിന്റെ, ഉപേക്ഷിക്കപ്പെട്ട ജീവിത നിമിഷങ്ങള്‍ കേവലം ദൈവ പുത്രന്റെ ജീവിത അനുഭവം മാത്രമല്ലെന്നും ഇന്നും പിറവി എടുക്കുമ്പോള്‍ നാടും വീടും എല്ലാ അഭയങ്ങളും നഷ്ടപ്പെട്ട് പുറത്താക്കപ്പെടുന്ന മനുഷ്യരുടെ ജീവിതകഥകള്‍ ആണെന്ന് ചേര്‍ത്ത് പിടിക്കുമ്പോള്‍ തിരസ്‌കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിത അനുഭവങ്ങളെ പുത്തന്‍ ആത്മീയ കണ്ണുകളിലൂടെ കാണാന്‍ പ്രേരിപ്പിക്കുന്നു. അടുത്ത ചിന്ത നോവല്‍ നല്‍കുന്നത് മണ്ണ് എടുത്തു മാറ്റപ്പെടുന്നവരുടെ നൊമ്പരം ആണ്. ആ നൊമ്പരം കേവലം ഒരു കാല്പനികതയില്‍ അല്ല എഴുത്തുകാരി അവതരിപ്പിക്കുന്നത്. മണ്ണില്‍ വിഭജനം നടത്തുന്ന പതാകകള്‍ ഉയര്‍ത്തികാട്ടികൊണ്ടാണ്. ആ പതാകകള്‍ കേവലം രാഷ്ട്രത്തിന്റെയോ, ദേശീയതയുടെയോ മാത്രമല്ല അതിനപ്പുറത്തു ആത്മീയതകളെ നിര്‍ണ്ണയിക്കുന്ന സാമ്രാജ്യ അനുഭവങ്ങളുടേതു കൂടിയാണെന്ന് എഴുത്തുകാരി വരയ്ക്കുമ്പോള്‍ നോവലിന്റെ തലത്തെ വ്യത്യസ്തമാക്കുന്നു. അവിടെയാണ് എഴുത്തുകാരി ഇങ്ങനെ കുറിക്കുന്നത് ‘ഇത് സമാധാനത്തിന്റെ നഗരമല്ല,സ്‌ഫോടനങ്ങളുടെ നഗരമാണ്. അനേകം തുണ്ടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത് . ഇവിടെയുള്ളവരുടെ മനസ്സുകളും നൂറു കഷ്ണങ്ങള്‍. ഈ സ്‌ഫോടനങ്ങളുടെ നഗരത്തെ വെല്ലുവിളിക്കുന്ന, ചില മനുഷ്യരുടെ ജീവിതങ്ങള്‍ ആണ് ചെറുത്തു നില്‍പ്പിന്റെ അടയാളങ്ങള്‍ ആയി മാറുന്നത്. എന്നാല്‍ ആ അടയാളങ്ങള്‍ മാത്രം ഒന്നുമല്ല എന്ന് എഴുത്തുകാരി മനസ്സിലാക്കുന്നത് കൊണ്ടാണ് നോവലിന്റെ അവസാന വാചകം ഇപ്രകാരം എഴുതുന്നത്,’ അഭയാര്‍ഥികളുടെ കൂടാരങ്ങളില്‍ വെയില്‍ താണതുമില്ല’ എന്ന വാചകം. കാരണം നദി പിന്നെയും ഒഴുകുകയാണ്. പേരുകള്‍ ഇല്ലാതെ.
Comments are closed.