ആ നദിയെ അഷറഫ് തേമാലിപ്പറമ്പിൽ വായിക്കുന്നു
ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവലിന് അഷ്‌റഫ് തേമാലിപറമ്പിൽ തയ്യാറാക്കിയ വായനാനുഭവം.
ഏറ്റവും പുതിയ പലസ്തീൻ കൂട്ടക്കൊലയിൽ അമ്പതിനായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മരണത്തേക്കാളേറെ നരകവേദന സമ്മാനിക്കുന്ന ഗുരുതര പരിക്കുകളേറ്റ ഒരു ലക്ഷത്തിലേറെ പേർ !
മരണപ്പെട്ടവരിലും പരിക്കു പറ്റിയവരിലും 70 ശതമാനത്തിലേറേയും സ്ത്രീകളും കുട്ടികളും !
ഓരോ മനുഷ്യർക്കും ഈ ലോകത്തിലേറ്റവും സ്വസ്ഥതയും സമാധാനവുമേകുന്ന വീട് എന്ന അഭയം നഷ്ടപ്പെട്ടവർ ഏകദേശം ഇരുപത് ലക്ഷത്തോളം പേരുണ്ടാവും.
വെടി നിറുത്തൽ നിലവിൽ വന്നു എന്ന് ആശ്വസിക്കുമ്പോഴും ഇരുപതോളം പേരെങ്കിലും ഇപ്പോഴും ദിവസേന കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു.
മനുഷ്യർ തന്നെ വരുത്തിക്കൂട്ടിയ ഈ ഒരിക്കലുമുണങ്ങാത്ത, ലോകത്തിൻ്റെ മുറിവിന് എഴുപത്തഞ്ച് വർഷങ്ങളുടെ പഴക്കമുണ്ട്. ഇനി നൂറു തികയുംവരേയെങ്കിലും ഇത് പരിഹരിക്കപ്പെടാനും പോകുന്നില്ല എന്നുമുറപ്പാണ്.
ഈ യാഥാർത്ഥ്യങ്ങൾക്കൊക്കെ ഇടയിലാണ് ഷീല ടോമി എഴുതിയ, “ആ നദിയോട് പേര് ചോദിക്കരുത്” എന്ന നോവൽ വായിച്ചുതീരുന്നത്. പിറന്ന മണ്ണിൽ ഇടമില്ലാത്തവർക്ക്” സമർപ്പിച്ച 2022 ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ 2025ൻ്റെ ഈ ഫെബ്രുവരിയിലിരുന്ന് വായിക്കുമ്പോഴും മനസ്സു പൊള്ളുകയാണ്.
മതം കൊണ്ടും നിറം കൊണ്ടും ജാതി കൊണ്ടും പരസ്പരം വേർതിരിക്കുന്ന… മനുഷ്യത്വം തൊട്ടു തീണ്ടാത്തവനാണല്ലോ ഇപ്പോഴും ആധുനിക മനുഷ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്നതെന്നോർത്ത് ലജ്ജിതനാവുകയും ചെയ്യുന്നു. ബുദ്ധി കുറഞ്ഞ മനുഷ്യരെ പരസ്പരം തല്ലിക്കാനും കൊല്ലിക്കാനും കൊതി പൂണ്ടു നടക്കുന്നവർ നമ്മുടെ നാട്ടിലും അവസരങ്ങൾ നോക്കി നടക്കുകയാണല്ലോ എന്ന സത്യം ഭയപ്പെടുത്തുന്നുമുണ്ട്. എങ്കിലുമൊരു പ്രതീക്ഷയുടെ തിരിനാളം പോലെ എനിക്കനുഭവപ്പെട്ടത് ഇതിലെ മുസ്ലിം യഹൂദ സൗഹൃദമാണ്. “Refuse to be enemies” എന്നയാ കൂട്ടായ്മയുടെ വരുംകാല പ്രസക്തി മനസ്സിനൊരു തണുപ്പ് നല്കുന്നുണ്ട്.
അഭിനന്ദനങ്ങൾ എഴുത്തുകാരീ.. നിങ്ങളെ വായിക്കാൻ വൈകിയതിൽ സങ്കടമുണ്ട്. എത്ര ഭംഗിയായിട്ടാണ് നിങ്ങളീ വലിയ ലോകത്തെ.. ഏതു രാജ്യക്കാരാനായിരുന്നാലും, ഏതു ഭാഷ സംസാരിച്ചാലും, ഏതു മതക്കാരനായിരുന്നാലും അതിലെ മനുഷ്യരുടെ തീരാ നോവുകളെ.. നഷ്ടങ്ങളെ.. അതിജീവനങ്ങളെയൊക്കെ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്!
അതിൽ തന്നെ മനുഷ്യരുടെ സ്വാർത്ഥതയും അധികാരഗർവും ഏറ്റവുമധികം പൊള്ളിക്കുന്നത് സ്ത്രീകളെയാണെന്ന യാഥാർത്ഥ്യവും ഒരു “പെണ്ണെഴുത്തിൻ്റെ” കാൽപനികതകളുടെ നിഴൽ പോലുമില്ലാതെ തെളിയിച്ചിരിക്കുകയും ചെയ്യുന്നു.സ്വന്തം അറിവിനും പ്രതിഭക്കുമപ്പുറം പുറംനാടുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മറ്റു മനുഷ്യരുടെ മനസ്സിനേയും അവൻ്റെ യാതനകളേയും കൂടുതൽ തിരിച്ചറിയാനാവുമെന്നു കൂടി നിങ്ങളും ഉറപ്പിക്കുന്നു.
ഇസ്രയേലിലേക്കെത്തുന്ന റൂത്ത് എന്ന മെത്തപ്പേലെത് നിങ്ങൾ തന്നെയായിരുന്നുവോ എന്ന് തോന്നും വിധം ആ കഥാപാത്രത്തിനൊപ്പം വായനക്കാരെ കൊണ്ടുപോകാൻ നിങ്ങൾക്കായി. അവളുടെ സ്നേഹത്തിലൂടെ, കരുതലിലൂടെ ഭയത്തിലൂടെയൊക്കെ യഹൂദി യുവാവ് ആഷേറിനേയും അവൻ്റെ കുടുംബത്തേയും സഹൽ ഫാദി എന്ന മുസ്ലിമായ അവൻ്റെ ആത്മസുഹൃത്തിനേയും ഞങ്ങളിപ്പോൾ അറിയുന്നു.
നോവലിലൊരിടത്ത് നിങ്ങൾ പറയുന്നത് പോലെ “വിജനമാക്കപ്പെട്ട നഗരങ്ങളെക്കുറിച്ച്, ആളൊഴിഞ്ഞ ചത്വരങ്ങളെക്കുറിച്ച്, ശൂന്യമായ കഫേയിൽ ആരോ പകുതി കുടിച്ചു വച്ചു പോയ കാപ്പിക്കപ്പിനേക്കുറിച്ച്, ആളുകൾ ഓടിപ്പോയ അല്ലെങ്കിൽ ഉടമകൾ കൊല്ലപ്പെട്ട വീടിനുള്ളിലെ പെർഫ്യൂം ഗന്ധത്തെക്കുറിച്ച്, ഒരുമിച്ച് ജീവിക്കാനാവില്ലെന്നറിഞ്ഞ് ആത്മഹത്യ ചെയ്യുന്ന കമിതാക്കളെക്കുറിച്ച്, രാവിലെ ഇട്ടേച്ചു പോന്ന വീട് സന്ധ്യക്ക് കാണാതാവുന്നതിനെക്കുറിച്ച്…..” .. അങ്ങിനെയങ്ങിനെ ഇനിയുമേറെ കഥകളുമായി ഞങ്ങളെ അതിശയപ്പെടുത്തുക… നന്ദി !