അപസര്‍പ്പകകഥയ്ക്ക് ഒരു ശ്രദ്ധാഞ്ജലി
പി. കെ. രാജശേഖരന്‍
ഡിറ്റക്ടീവില്ലാത്ത ‘എയ്റ്റ് ഡിറ്റക്ടീവ്‌സ്’ പരമ്പരാഗതമായ അര്‍ഥത്തില്‍ ഡിറ്റക്റ്റീവ് നോവലല്ല. എന്നാല്‍ അതൊരു കൊലപാതകകഥയാണ്. അപസര്‍പ്പണം നടത്താതെതന്നെ അതിന്റെ കുരുക്കഴിക്കപ്പെടുകയും ചെയ്യുന്നു. കഥ അതിനെക്കുറിച്ചുള്ള കഥ തന്നെയായിത്തീരുന്ന ഉത്തരാധുനിക അതികഥാ (മെറ്റാഫിക്ഷന്‍) തന്ത്രമാണ് ഈ നോവലില്‍ അലക്‌സി പാവെസി ഉപയോഗിക്കുന്നത്.
ഡിറ്റക്ടീവ് നോവല്‍, മര്‍ഡര്‍ മിസ്റ്ററി എന്നൊക്കെ ഉപഗണവിഭജനമനുസരിച്ച് പല പേരുകളുള്ള കുറ്റാന്വേഷണകഥ എങ്ങനെ എഴുതണം എന്ന ചോദ്യത്തിന് ഉത്തരമായി അപസര്‍പ്പക നോവലിസ്റ്റുകൂടിയായിരുന്ന ബ്രിട്ടീഷ് പുരോഹിതന്‍ ഫാദര്‍ റൊണാള്‍ഡ് നോക്‌സ് (Ronald Know, 1888-1957) പത്തുനിയമങ്ങള്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്. നോക്‌സിന്റെ പത്തുകല്പനകള്‍ എന്നറിയപ്പെടുന്ന ആ നിയമങ്ങള്‍ ‘ദ ബെസ്റ്റ് ഇംഗ്ലിഷ് ഡിറ്റക്റ്റീവ് സ്റ്റോറീസ് ഓഫ് 1928’ എന്ന പുസ്തകത്തിനെഴുതിയ ആമുഖലേഖനത്തിലാണ് ഫാ. നോക്‌സ് അവതരിപ്പിച്ചത്. 1929-ല്‍ എഴുതിയ ആ ലേഖനം പിന്നീട് 1946-ല്‍ ‘അപസര്‍പ്പകകഥയുടെ പത്തുകല്പനകള്‍'(The Detective Story Decalogue) എന്ന പേരില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലെ അപസര്‍പ്പകകഥാസാഹിത്യത്തിലെ ‘ഗോള്‍ഡന്‍ ഏജ്’ ഘട്ടത്തില്‍ ബ്രിട്ടീഷ് എഴുത്തുകാര്‍ രൂപപ്പെടുത്തിയ ഡിറ്റെക്ഷന്‍ ക്ലബ്ബ് എന്ന സ്വാധീനശക്തിയുള്ള സംഘത്തിലെ പ്രമാണിമാരിലൊരാളായിരുന്നു ഫാ. നോക്‌സ്. ക്രൈസ്തവപുരോഹിതനായ നോക്‌സ് കുറ്റാന്വേഷണ കഥയെഴുതുന്നത് നിര്‍ത്തണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം പത്തുകല്പനകള്‍ പുറപ്പെടുവിച്ചത്. കഥയുടെ തുടക്കത്തില്‍തന്നെ വായനക്കാര്‍ അറിയാത്ത വിധത്തില്‍ കുറ്റവാളിയെ അവതരിപ്പിക്കുക, അതിമാനുഷമോ പ്രകൃത്യതീതമോ ആയ ഘടകങ്ങള്‍ ഒഴിവാക്കുക, ഒന്നിലധികം രഹസ്യവഴികളോ രഹസ്യമുറികളോ ചിത്രീകരിക്കാതിരിക്കുക, ഡിറ്റക്ടീവുതന്നെ കുറ്റകൃത്യം ചെയ്യാതിരിക്കുക തുടങ്ങിയവയായിരുന്നു നോക്‌സ് നിയമങ്ങള്‍. ഇതേകാലത്തുതന്നെ അമേരിക്കന്‍ അപസര്‍പ്പക നോവലിസ്റ്റും കലാവിമര്‍ശകനുമായ എസ്.എസ്. വാന്‍ ഡൈന്‍ (‘ഡിറ്റക്ടീവ് നോവലെഴുതാനുള്ള ഇരുപതുനിയമങ്ങള്‍’ (Twetny Rules for Writing Detective Stories, 1928) എന്ന ലേഖനവും എഴുതി. ഡിറ്റക്ടീവിനെപ്പോലെ വായനക്കാര്‍ക്കും നിഗൂഢത പരിഹരിക്കാനുള്ള അവസരം നല്‍കുക, പ്രേമകഥ കൂട്ടിയിണക്കാതിരിക്കുക, അപസര്‍പ്പകനോ അന്വേഷണോദ്യോഗസ്ഥനോ കുറ്റവാളിയാകാതിരിക്കുക, യുക്തിപരമായി മാത്രം കുറ്റവാളിയെ കണ്ടെത്തുക, ഒന്നിലേറെ കുറ്റവാളികള്‍ ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് വാന്‍ ഡൈനിന്റെ നിയമങ്ങള്‍. സുവര്‍ണകാല അപസര്‍പ്പകകഥയിലെ നിയമാവലികളില്‍നിന്നും ബഹുദൂരം പോന്നതാണ് സമകാലിക കുറ്റാന്വേഷണ സാഹിത്യം. അവയ്ക്കുള്ള ശ്രദ്ധാഞ്ജലിയാണ് സമകാലിക ബ്രിട്ടീഷ് അപസര്‍പ്പകകഥാകാരനായ അലെക്‌സ് പാവെസിയുടെ ‘എയ്റ്റ് ഡിറ്റക്ടീവ്‌സ്’ ( (Alex Pavesi. Eight Detectives, 2020. അമേരിക്കന്‍ പതിപ്പിന്റെ ശീര്‍ഷകം The Eighth Detective).
പരമ്പരാഗതസങ്കല്പങ്ങളെയും ഭാവനകളെയും അപനിര്‍മാണവിധേയമാക്കുന്ന സമകാലിക അപസര്‍പ്പകരചനയുടെ മാതൃകയായ ‘എയ്റ്റ് ഡിറ്റക്ടീവ്‌സി’ല്‍ അപസര്‍പ്പകനോ ഒന്നാംപേജിലെ കുറ്റവാളിയോ ശവശരീരമോ ഒന്നുമില്ല, എന്നാല്‍ അവയെല്ലാം ഉണ്ടുതാനും. മധ്യധരണ്യാഴിയിലെ ഒരു ദ്വീപില്‍ ഏകാന്തവാസം നയിക്കുന്ന സ്‌കോട്ട്‌ലന്‍ഡുകാരനായ ഗണിതശാസ്ത്രജ്ഞന്റെയും അയാളെ തേടിയെത്തുന്ന ഒരു പുസ്തകഎഡിറ്ററുടെയും കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. അതില്‍ ഏഴ് അപസര്‍പ്പക ചെറുകഥകളും അവയെക്കുറിച്ചുള്ള ചര്‍ച്ചയും രണ്ട് ഉപസംഹാരങ്ങളുമാണ്. ആ കഥകളെയും കഥാകൃത്തിനെയും കുറിച്ചുള്ള അന്വേഷണം മറ്റൊരു കുറ്റാന്വേഷണകഥയായിത്തീരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറ യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന ഗ്രാന്റ് മക്കലിസ്റ്റര്‍ 1940കളില്‍ ഏഴ് കൊലപാതക കഥകളടങ്ങിയ ‘ദ വൈറ്റ് മര്‍ഡേഴ്‌സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കഥകള്‍ക്കു പുറമേ ‘ദ പെര്‍മ്യുട്ടേഷന്‍സ് ഓഫ് ഡിറ്റക്ടീവ് ഫിക്ഷന്‍’ എന്ന പ്രബന്ധം അനുബന്ധമായി ഉള്‍പ്പെടുത്തിയിരുന്ന ആ പുസ്തകം സ്വകാര്യമായാണ് ഗ്രാന്റ് മക്കലിസ്റ്റര്‍ പ്രസിദ്ധപ്പെടുത്തിയത്. അധികം പ്രതികളൊന്നും അച്ചടിക്കാത്ത ആ പുസ്തകം പ്രസിദ്ധീകരിച്ചശേഷം മറ്റൊന്നുമെഴുതാത്ത ഗ്രാന്റ് ജോലിയുപേക്ഷിച്ച് പൊതുജീവിതത്തില്‍നിന്നുതന്നെ പിന്‍വാങ്ങി ആ വിദൂരദ്വീപില്‍ വാസം തുടങ്ങി. മൂന്നുപതിറ്റാണ്ടിനുശേഷം ഒരു പ്രസാധകന്‍ യാദൃച്ഛികമായി ‘ദ വൈറ്റ് മര്‍ഡേഴ്‌സ’ കണ്ടെത്തി. അതു പുനഃപ്രസിദ്ധീകരിക്കാന്‍ താത്പര്യം കാണിച്ച പ്രസാധകന്‍ ഗ്രാന്റിനെ കണ്ടെത്തുക മാത്രമല്ല പ്രസാധനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തന്റെ എഡിറ്ററായ ജൂലിയ ഹാര്‍ട്ട് എന്ന യുവതിയെ അയാള്‍ക്കടുത്തേക്ക് അയയ്ക്കുകയും ചെയ്തു.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.