എംആര്‍ഐ സ്‌കാനറിലൊരു കഥാകൃത്ത്
നവംബർ ലക്കം പച്ചക്കുതിരയിൽ
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണമിച്ച മനുഷ്യമസ്തിഷ്‌കം, രണ്ടോ മൂന്നോ തലമുറ മുന്‍പുമാത്രം ജനകീയമായ വായന എന്ന സിദ്ധിയാര്‍ജ്ജിക്കാനായി നാടകീയമായ പുതിയ മാറ്റങ്ങളൊന്നും നടത്തിയിട്ടില്ല. നിലനില്‍ക്കുന്ന ന്യൂറല്‍ ഘടനകളില്‍ ചില സൂത്രപ്പണികള്‍ ചെയ്തുകൊണ്ടാണ് നമ്മുടെ മസ്തിഷ്‌കം വായനയെ മനസ്സിലാക്കുന്നത്. :ന്യൂറോഎസ്‌തെറ്റിക്‌സ് ശാസ്ത്രശാഖയിലൂടെ സാഹിത്യാസ്വാദനത്തെ വിശകലനം ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ഫ്രഞ്ച് യുവാക്കളിൽ “നോവൽ വായന’എന്നൊരു പുതിയ ദുശ്ശീലം പടർന്നു പിടിച്ചത്. അക്കാലത്ത് വായനയ്ക്കടിമപ്പെടുന്ന യുവാക്കൾ അവരുടെ പൗരുഷത്തിന്റെ ശൽക്കങ്ങളൊക്കെയും പൊഴിച്ചുകളഞ്ഞ് ഒരു റൊമാന്റിക് കോമയിലെത്തുമായിരുന്നത്രേ. ജനപ്രിയനോവലുകൾ, നോവൽ വായനയുടെ ഈ അപകടങ്ങളെക്കുറിച്ച് ആ ചരിത്രസന്ദർഭത്തിൽ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. മിക്ക നോവലുകളിലും മൂന്നോ നാലോ അധ്യായത്തിനുള്ളിൽ അതിലൊരു മുഖ്യ കഥാപാത്രം അമിതമായ നോവൽവായന വരുത്തിയ ഭ്രമങ്ങളിൽപെട്ട് മയക്കുമരുന്നുകൾക്കടിമപ്പെടുകയോ, വിപ്ലവത്തിന്റെ ആപത്തിൽ ചാടുകയോ, അസാന്മാർഗികളാകുകയോ ചെയ്യുമായിരുന്നു. വായനയുടെ നേരമ്പോക്കുകളിൽ കുടുങ്ങാത്ത ആരോഗദൃഢഗാത്രനായ ഒരു മര്യാദാപുരുഷോത്തമനാകട്ടെ, നോവലിന്റെ അവസാനത്തെ അധ്യായങ്ങളിൽ ജീവിതവിജയം നേടുകയും ചെയ്യും. ഈ പ്രമേയത്തിന്റെ നിരന്തരാവർത്തനം അക്കാലത്തെ നോവലുകളിലുണ്ടാകുന്നത് ഫ്രഞ്ച് പണ്ഡിതനായ ഫ്രാൻകോയ്സ് പ്രൂ (Francois Proulx) തന്റെ പുതിയ പുസ്തകത്തിൽ കണ്ടെത്തി വിലയിരുത്തുന്നുണ്ട്. ഫ്രാൻസിലെ അധികാരവർഗത്തിന്, തങ്ങളുടെ ഊർദ്ധ്വം വലിക്കുന്ന സാമ്രാജ്യത്തിന്റെ ഗരിമ നിലനിർത്താനുള്ള രാഷ്ട്രവേല ചെയ്യാൻ വിരാട് പുരുഷന്മാരെ ധാരാളം ആവശ്യമുള്ള കാലമായിരുന്നതിനാൽ, നോവൽവായനയുടെ റൊമാന്റിസിസങ്ങളിൽപെടുന്ന
ചെറുപ്പക്കാർ ഒരു പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഫിക്ഷൻ വായനയിലെ ഏതോ ഒരു ഘടകം യാഥാസ്ഥിതികതയുടെ ഗുരുത്വാകർഷണത്തെ ലംഘിച്ച്, സ്ഥിരം ഭ്രമണപഥങ്ങളെ ധിക്കരിക്കാനുള്ള ആന്തരിക ഊർജ്ജം നൽകുന്നുണ്ടെന്ന് അക്കാലത്തു പൊതുവേ ഫ്രാൻസിൽ അറിവുള്ളൊരു കാര്യമായിരുന്നു.
ഗാഢവായനയിൽ മുഴുകുന്നൊരു മനുഷ്യൻ ഉണ്ടാക്കുന്ന അസ്വസ്ഥ തയെക്കുറിച്ച് പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ചുകാർക്കുമാത്രമല്ല, നമ്മുടെ വീട്ടിലെ മുതിർന്നവർക്കുമറിയാം. അതുകൊണ്ടാണ് നോവലിന്റെ താളിലേക്കൊരു പെൺകുട്ടി കണ്ണുകളാഴ്ത്തുന്ന സൗമ്യ മുഹൂർത്തത്തിൽ, വീട്ടിലാർക്കോ ഗന്ധർവ ബാധയേറ്റെന്നപോലെ അവർ അസ്വസ്ഥരാകുന്നത്. അവർക്കറിയാം ശാന്തരായി പുസ്തകത്തിലേക്കു മുഖമാഴ്ത്തിയ ചില പെൺകുട്ടികളെങ്കിലും മുങ്ങിനിവരുക ഗ്രീക്ക് പുരാണത്തിലെ മെഡൂസത്തലച്ചികളായിട്ടായിരിക്കുമെന്ന്. ആയിരം സർപ്പമുടിയുള്ള അതിന്റെ ഗരിമയാർന്ന ശിരസ്സ് കുടുംബങ്ങളുടെ നിശ്ചല യാഥാസ്ഥിതികതയെ കോപത്തോടെ നോക്കും. വീട്ടിലെ മുതിർന്നവർ ആ നോട്ടങ്ങളേറ്റ് താത്കാലികശിലകളാകും. അഹങ്കാരത്തിന്റെ ഈ മെഡൂസ തലയരിയാൻ ഇനി ഏത് ചേകവനവതരിക്കുമെന്ന് ആശങ്കപ്പെടും. ഏതു ബാധകൂടിയാണ് അവളിങ്ങനെയായതെന്ന് വിലപിക്കും. വായിക്കുന്ന പെണ്ണുങ്ങളുള്ള വീടുകളിലെ ന്യൂനമർദ്ദങ്ങളിലേക്കെപ്പോഴും അശാന്തിയുടെ കരിമ്പനക്കാറ്റുകൾ വീശും.
കാർന്നോമ്മാർക്കറിയാഞ്ഞിട്ടാണ്, വായിക്കുന്നവരിൽ കയറിക്കൂടുന്ന ബാധകൾ. ഒരൊറ്റ ഗന്ധർവനെ ഒഴിപ്പിച്ചാൽ തീരുന്നൊരു പ്രശ്നമല്ലിത്. വായനാനിമിഷങ്ങളിൽ, പല സ്ഥല – സമയങ്ങളിൽനിന്നുള്ള മനുഷ്യർ, വന്നൊരൊറ്റയാളിൽ പരകായപ്രവേശം നടത്താറുണ്ട്.ആർതർ കോനൻ ഡോയലിന്റെ നോവൽ വായിക്കുന്ന മനുഷ്യരിൽ ഒരു വാട്സൺ ആവേശിക്കും. വായന തുടങ്ങിയാലവർ, ഒരു ബിലാത്തി കുതിരവണ്ടിയിലേറിതന്റെ ഹോംസ് സഖാവിനൊപ്പം മൊറിയാർട്ടി വേട്ടയിലേർപ്പെടും. സോർബ ദ് ഗ്രീക്ക് വായിച്ചൊരു പെൺകുട്ടി, അവളെ പിടികൂടുന്ന ചില ഉന്മാദനിമിഷങ്ങളിൽ കേൾവിയുടെ തരംഗരാജിക്കു വെളിയിലുള്ള ഒരു അഭൗമ സംഗീതത്തിൽ മയങ്ങി, മുറിയിലൊരു സന്തോഷ പമ്പരമായി
നൃത്തംവെക്കും. ചിലപ്പോൾ, ഖസാക്ക് വായിക്കുന്നവരെ പിടികൂടുന്നത് രവിയാണ്. ബസ്സിറങ്ങുന്ന അപരിചിത നാട്ടിൻപുറങ്ങെളെല്ലാം അവന് കൂമൻകാവെന്നു തോന്നും. ജോലി കിട്ടാത്തതിലുള്ള തന്റെ ഭൗതികവിഷമത്തെ അസ്തിത്വ വ്യഥയെന്ന് വൃഥാ ധരിക്കും. ഒരു യൂറോപ്പുകാരൻ സാർത്രിന് ആധുനിക യന്ത്രവത്കരണ കാലത്തുണ്ടായൊരു നവ്യാനുഭവത്തെ സ്വന്തം അനുഭവമെന്നു തെറ്റിദ്ധരിച്ചുകൊണ്ട്, അതുപോലൊരു വ്യവസായകാല വിഷാദരോഗം തങ്ങളെയും ബാധിച്ചു എന്നു കരുതി, ഖസാക്ക് വായിച്ച ചെറുപ്പക്കാർ കാര്യമായല്ലാതെ റാക്ക് കുടിച്ചുതീർക്കും. അതിന്റെ മേധാക്ഷയത്തിൽ കാൽ വേച്ചു വീണുകൊണ്ടവർ ഒരു കരിനാഗത്തെ കാത്തുകിടക്കും. അങ്ങനെ കഴിഞ്ഞ പതിറ്റാണ്ടിൽ, വായിക്കുന്ന ചെറുവാല്യക്കാർ, അവരുടെ വിചിത്രപ്പെരുമാറ്റങ്ങൾ കൊണ്ട് മുതിർന്നവരെ നിരന്തരം മൂക്കത്തു വിരൽവെപ്പിക്കുമായിരുന്നു. ഈ ലൈബ്രറിപ്പുസ്തകങ്ങളുടെ താളിൽ എന്ത് ആഭിചാരപ്പൊടിയാണ് പറ്റിയിരിക്കുന്നതെന്നവർ നിരന്തരം ഹരഹരപ്പെടും.*
പൂര്‍ണ്ണരൂപം 2024 നവംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.