എ. രാമചന്ദ്രന്റെ കാലം: എം എ ബേബി
മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍
ടര്‍ബന്‍ ധരിച്ച ഒരു പഞ്ചാബിയെ ലാത്തികൊണ്ട് തല്ലി ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീതിദമായ ഒരു രംഗം ജനല്‍പാളിയിലൂടെ കാണാന്‍ നിര്‍ബന്ധിതനായ എ.ആര്‍. നിമിഷങ്ങള്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെട്ട നടുക്കുന്ന ഓര്‍മയുണ്ട്. 1984-ലെ സിക്ക് വിരുദ്ധ കൂട്ടക്കൊലകളുടെഒരു അംശമാണ് നേരില്‍കാണാന്‍ എ.ആര്‍. നിര്‍ബന്ധിതനായത്. അതുവരെ, മനുഷ്യഹിംസയുടെ വ്യത്യസ്ത ബീഭത്സതകള്‍ ചിത്രീകരിക്കുവാന്‍ മുതിര്‍ന്നിട്ടുള്ള എ.ആര്‍. അന്ന് മനസ്സില്‍ ഒരു തീരുമാനം കുറിച്ചിട്ടു. ഇനിമേല്‍ ഒരു ഹിംസയ്ക്കും താന്‍ അറിഞ്ഞുകൊണ്ട് സാക്ഷി ആവില്ല. അത് അങ്ങനെയും അവസാനിച്ചില്ല; തന്റെ രചനകളില്‍ ഹിംസ കടന്നുവരാന്‍ അനുവദിക്കില്ല എന്നുകൂടി എ ആര്‍ അന്നു ദൃഢനിശ്ചയം ചെയ്തു
ഇന്ത്യന്‍ കലാചരിത്രത്തില്‍ എ ന്നും അനുസ്മരിക്കപ്പെടുന്ന ഉന്നതശീര്‍ഷനായ അപൂര്‍വ്വപ്രതിഭയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 10-നു നമ്മെ വിട്ടുപിരിഞ്ഞ അച്യുതന്‍ രാമചന്ദ്രന്‍ നായര്‍ (1935-2024) എന്ന എ. രാമചന്ദ്രന്‍. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അതിപ്രശസ്തവും സമ്പന്നവുമായ സര്‍ഗ്ഗജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 89-ാം വയസ്സില്‍ മരണം. ഏതാണ്ടു പൂര്‍ണ്ണജീവിതം പൂര്‍ത്തിയാക്കി എന്നു നിസ്സംശയം പറയാം. രോഗാതുരമായ ഏതാനും ചിലമാസങ്ങള്‍ ശാരീരികവിഷമം സൃഷ്ടിച്ചു. എന്നാല്‍, ‘അനായാസേനമരണം’ എന്ന ആഗ്രഹം- ചെമ്പൈവൈദ്യനാഥഭാഗവതരാണ് ആ ശൈലി പ്രസിദ്ധമാക്കിയത്-പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ്എ.ആര്‍. കാലത്തിന്റെ ചിത്രപടങ്ങള്‍ക്കു പിന്നിലേക്കു പിന്‍വാങ്ങിയത്.
സ്വന്തമായ ഒരു ദൃശ്യഭാഷ വികസിപ്പിച്ചെടുത്ത എ.ആര്‍. സാമൂഹികബന്ധങ്ങളുടെയും സാംസ്‌കാരികസഞ്ചാരങ്ങളുടെയും ഒരുസമുച്ചയമാണ്. ജീവിതത്തിന്റെ മഹാഭാഗവും ജന്മനാടായ കേരളത്തിനു പുറത്തുജീവിച്ച എ.ആറിന്റെ ഉള്ളിന്റെ ഉള്ളില്‍ മലയാളനാടിന്റെ സവിശേഷതകള്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായി എന്നും സ്പന്ദിച്ചിരുന്നു. കുഞ്ചന്‍നമ്പ്യാരും വൈക്കം മുഹമ്മദ് ബഷീറും അതില്‍ പ്രധാനമായിരുന്നു. കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജി. ശങ്കരക്കുറുപ്പും സുഗതകുമാരിയും ഒ.എന്‍.വി. കുറുപ്പും എന്‍. മോഹനനും മറ്റും പലതലങ്ങളില്‍ എ.ആറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
‘മലയാളസാഹിത്യം’ ഔപചാരികമായി ബിരുദാനന്തരബിരുദം നേടിയ വിഷയമെന്നതിനപ്പുറം എ.ആറിന്റെ അസ്തിത്വത്തിന്റെ ഭാഗമായിരുന്നു. അതുപോലെതന്നെയായിരുന്നുസംഗീതവും. ഏഴു വര്‍ഷത്തിലധികം ഗൗരവപൂര്‍വ്വം സംഗീതം പഠിക്കുകയും ആകാശവാണിയില്‍ അംഗീകാരം നേടിയ ഗായകനായി പ്രവര്‍ത്തിക്കുകയും ചെയ്തതിനുശേഷമാണ് ശാന്തിനികേതനിലേക്ക്, ഗുരു രാംകിങ്കര്‍ ബെയ്ജിനെത്തേടി എ.ആര്‍. കേരളം വിടുന്നത്. പിന്നീട് താല്‍ക്കാലികസന്ദര്‍ശനങ്ങള്‍ക്കു മാത്രമേ അദ്ദേഹം ജന്മനാട്ടിലേക്കു മടങ്ങിയുള്ളൂ. ‘ശാന്തിനികേതന്‍’ കാലത്ത് ‘രബീന്ദ്രസംഗീത’ത്തിലും എ.ആര്‍. നീന്തിത്തുടിച്ചു. സാഹിത്യത്തിലും സംഗീതത്തിലുമുള്ള ഈ ഗാഢതാത്പര്യം എ. ആറിന്റെ കലാവിഷ്‌കാരങ്ങളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ സന്നിഹിതമാകുന്നു.
1980-കളില്‍ കൊച്ചിയിലെ കേരളകലാപീഠത്തിലെ ഒരുകൂട്ടം കലാകാരരുടെ പ്രദര്‍ശനത്തില്‍ എ.ആറിന്റെ ഒരു സൃഷ്ടി വളരെ ശ്രദ്ധ നേടിയിരുന്നു. ഇത് പ്രശസ്തകലാനിരൂപകന്‍ എം. രാമചന്ദ്രന്‍, ‘ഹിന്ദുസ്ഥാന്‍ ടൈം സി’ല്‍ എഴുതിയ അനുസ്മരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രശ സ്തസാഹിത്യകാരന്‍ സാദത്ത് ഹസന്‍ മാന്റോയുടെ ഒരു ചെറുകഥയെ ഉപജീവിച്ചു ചെയ്ത ഒരു ചെറിയ കൊത്തുചിത്രമായിരുന്നു അത്. അതേ, എ.ആറിന്റെ അഗാധമായസാഹിത്യതാത്പര്യം അദ്ദേഹത്തിന്റെ എക്കാലത്തെയും സൃഷ്ടികളില്‍ പ്രതിബിംബിച്ചുകാണാമായിരുന്നു എന്നുകൂടി നാം മനസ്സിലാക്കേണ്ടതാണ്. ഹസന്‍ മാന്റോയുടെ കഥയെ കൊത്തുചിത്രമാക്കിയത് ഒരു ചെറിയ ഉദാഹരണം മാത്രം.
പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്
Comments are closed.