ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു
വിഖ്യാത ചിത്രകാരനും ശില്പിയുമായ എ. രാമചന്ദ്രൻ അന്തരിച്ചു. 2005-ൽ രാമചന്ദ്രനെ പദ്മഭൂഷൺ നൽകി ആദരിച്ചു. മഹാത്മാഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിദ്വാന്‍ കെ. പ്രകാശത്തിന്റെ ‘വ്യാസമഹാഭാരത’-ത്തിന്റെ ഓരോ ഭാഗത്തിന്റെയും ഫ്ലാപ്പുകൾക്ക് ഉപയോഗിച്ച പെയിന്റിങ്ങുകൾ എ. രാമചന്ദ്രന്റേതായിരുന്നു. 1999-ൽ ഡി സിയുടെ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചതും അദ്ദേഹമായിരുന്നു.
എ രാമചന്ദ്രന്റെ ആത്മകഥ ‘ജീവിതരേഖകള്‍‘ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രകലാചരിത്രത്തിന്റെ വികാസ പരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ തന്നിലെ ചിത്രകാരന്‍ രൂപമെടുത്ത വഴിത്താരകളെ അടയാളപ്പെടുത്തുന്നു. സ്വതസിദ്ധമായ നര്‍മ്മബോധവും ചരിത്രബോധവും കൈമുതലായുള്ള എ രാമചന്ദ്രന്‍ വിശ്വപ്രസിദ്ധമായ ശാന്തിനികേതന്‍ സര്‍വ്വകലാശാലയില്‍നിന്ന് കലാപഠനം പൂര്‍ത്തിയാക്കിയ നാള്‍മുതല്‍ ജീവിതത്തിലുണ്ടായ അമൂല്യനിമിഷങ്ങളാണ് പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.
1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു എ. രാമചന്ദ്രന്റെ ജനനം. അച്ഛൻ പി. അച്യുതൻ നായർ. അമ്മ എസ്.ജെ. ഭാർഗ്ഗവിയമ്മ. 1957-ൽ കേരള സർവ്വകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1961-ൽ വിശ്വഭാരതി (ശാന്തിനികേതൻ) സർവ്വകലാശാലയിൽ നിന്നും ഫൈൻ ആർട്‌സിൽ ഡിപ്ലോമ നേടി. 1961 മുതൽ 1964 വരെ കേരളത്തിലെ ചുവർച്ചിത്രങ്ങളെക്കുറിച്ച് ശാന്തിനികേതനിൽ ഗവേഷണം നടത്തി. 1965-ൽ ജാമിയ മില്ലിയ സർവ്വകലാശാലയിൽ ചിത്രകലാദ്ധ്യാപകനായി. 1992-ൽ ചിത്രകലാവിഭാഗം മേധാവിയായിരിക്കെ, സ്വമേധയാ ജോലിയിൽനിന്നും വിരമിച്ചു. 1969-ലും 1973-ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരവും 1993-ൽ ന്യൂഡൽഹി സാഹിത്യകല പരിഷത്ത് സമ്മാനവും 2000-ത്തിൽ വിശ്വഭാരതി സർവ്വകലാശാലയുടെ ഗഗനേന്ദ്രനാഥ് പുരസ്‌കാരവും 2003-ലെ രാജാരവിവർമ്മ പുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1978-ലും 1980-ലും പുസ്തകങ്ങളുടെ ചിത്രരചനയ്ക്ക് ജപ്പാനിൽനിന്നും നോമ പുരസ്‌കാരം ലഭിച്ചു.
Comments are closed.