DCBOOKS
Malayalam News Literature Website

ഒരു വാഗ്ദത്ത ഭൂമി: വീണ്ടും ഒബാമയെ വായിക്കുമ്പോൾ…

ജനാധിപത്യം എന്നത് തെറ്റുകളില്ലാത്ത ഒരു ഭരണപദ്ധതിയല്ല. മറിച്ച് ഇപ്പോൾ നമുക്ക് അറിയാവുന്നതിൽ ഏറ്റവും തെറ്റുകൾ കുറവുള്ളതും തെറ്റുപറ്റിയാൽ സ്വയം തിരുത്താൻ കഴിവുള്ളതും ആണെന്നതാണ് അതിൻ്റെ മേന്മ.

ജനാധിപത്യത്തിന്റെ ഒരു കുഴപ്പം അധികാരത്തിൽ എത്തുന്നവർ അഴിമതിക്കാരാവാം എന്നതിൽ ഉപരി അധികാരത്തിൽ എത്താൻ പല തരം ഒത്തുതീർപ്പുകൾക്കും അവർ വഴങ്ങേണ്ടി വരുന്നു എന്നതാണ്. അധികാരം കയ്യിൽ എത്തുമ്പോഴേക്കും സ്വന്തം പാർട്ടിക്കകത്തും പുറത്തും, രാഷ്ട്രീയത്തിലും, മതത്തിലും, ബിസിനസ്സ് രംഗത്തുമൊക്കെ ഉളള പവർ ബ്രോക്കർമാരുമായി ഏറെ കോംപ്രമൈസുകൾ നേതാക്കൾക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ടാകും. ഭരണം കൈയ്യിൽ കിട്ടിക്കഴിഞ്ഞാൽ അതൊക്കെ ഒഴിവാക്കി “സംശുദ്ധമായ” ഭരണം കാഴ്ച വക്കാൻ അത് വലിയ തടസ്സമാകും. സങ്കർഷൻ താക്കൂർ എഴുതിയ “Brothers Bihari” എന്ന പുസ്തകത്തിൽ (ലാലു പ്രസാദ് യാദവും നിധീഷ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങൾ) ഈ വിഷയമാണ് അടിസ്ഥാനമായ തത്വശാസ്ത്രം. കേരളത്തിലെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ എന്നെ പുറകോട്ട് വലിക്കുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് ഇതാണ്. ഇത് കേരളത്തിലെയോ ബിഹാറിലെയോ മാത്രം കഥയൊന്നുമല്ല.

ഇങ്ങനെയുള്ള ലോകത്ത് ഇടക്കിടക്ക് എവിടെയെങ്കിലും അതിശയകരമായ നേതൃത്വ ഗുണവും അതിലേറെ മാന്യതയും ഒക്കെയുള്ള ചില നേതാക്കൾ പ്രത്യക്ഷപ്പെടും. പൊതുവെ കൊടുക്കൽ വാങ്ങലുകളുടെ ലോകമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് ഇവർ ചേറിൽ താമര പോലെ ഉയർന്നു വരും. ഇത്തരത്തിൽ ഉള്ളവർ ഉയർന്നു വന്നു എന്നത് തന്നെ നമുക്ക് ജനാധിപത്യത്തിൽ വീണ്ടും പ്രതീക്ഷ നൽകും. ഈ നൂറ്റാണ്ടിൽ ഇത്തരത്തിൽ മനസ്സിൽ വരുന്ന ആദ്യത്തെ പേര് മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമയുടെ തന്നെയാണ്.

ഇന്നലെ മുഴുവൻ അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ “A Promised Land” വായിക്കുകയായിരുന്നു. പ്രസിഡണ്ട് പദം ഒഴിഞ്ഞു ഒരു മാസത്തിനകം തന്നെ പ്രസിഡണ്ട് ആയതിനെപ്പറ്റിയും ആ കാലത്തെ ജീവിതത്തെ പറ്റിയും തീരുമാനങ്ങളെ പറ്റിയും ഒക്കെ ഒരു പുസ്തകം എഴുതണം എന്ന് തൻ തീരുമാനിച്ചു എന്നും, ഏതാണ്ട് അഞ്ഞൂറ് പേജുള്ള ഒരു പുസ്തകം ഒരു വർഷത്തിനകം ശരിയാക്കാം എന്നുമായിരുന്നു പ്ലാൻ എന്നാണ് അദ്ദേഹം ആമുഖത്തിൽ പറയുന്നത്. പക്ഷെ എഴുതി വന്നപ്പോൾ അത് വളർന്നു വളർന്ന് ആയിരം പേജൊളമായി, എന്നിട്ടും ആദ്യത്തെ നാലു വർഷത്തെ കാര്യമേ പറഞ്ഞു തീർന്നിട്ടുള്ളൂ.

ഈ പുസ്തകം റിലീസ് ചെയ്ത ഉടൻ തന്നെ ഇന്ത്യയിൽ അത് ചർച്ചയും വിവാദവും ആയല്ലോ. അസാധാരണമായ ജ്ഞാനവും മാന്യതയും ഉള്ള നേതാവാണ് മൻമോഹൻ സിങ്ങ് എന്നാണ് ഒബാമ പറഞ്ഞിട്ടുള്ളത്.

” Singh and I had developed a warm and productive relationship. While he could be cautious in foreign policy, unwilling to get out too far ahead of an Indian bureaucracy that was historically suspicious of U.S. intentions, our time together confirmed my initial impression of him as a man of uncommon wisdom and decency; and during my visit to the capital city of New Delhi, we reached agreements to strengthen U.S. cooperation on counterterrorism, global health, nuclear security, and trade.”

പ്രധാനമന്ത്രിയുടെ വീട്ടിൽ വച്ച് അത്താഴ വിരുന്നിന് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിചയപ്പെട്ട കാര്യവും അദ്ദേഹം എഴുതുന്നുണ്ട്.

” At dinner that night, Sonia Gandhi listened more than she spoke, careful to defer to Singh when policy matters came up, and often steered the conversation toward her son. It became clear to me, though, that her power was attributable to a shrewd and forceful intelligence. As for Rahul, he seemed smart and earnest, his good looks resembling his mother’s. He offered up his thoughts on the future of progressive politics, occasionally pausing to probe me on the details of my 2008 campaign. But there was a nervous, unformed quality about him, as if he were a student who’d done the coursework and was eager to impress the teacher but deep down lacked either the aptitude or the passion to master the subject.

ഇതിലെ അവസാന ഭാഗമാണ് വിവാദമായത്.

ഒബാമയുടെ പുസ്തകം പക്ഷെ ഇന്ത്യയുടേയോ ഇൻഡ്യാക്കാരുടെയോ വീക്ഷണത്തിലൂടെ മാത്രം വായിക്കേണ്ട ഒന്നല്ലല്ലോ. അമേരിക്കയിലെ ലോക്കൽ പൊളിറ്റിക്സ് മുതൽ ലിബിയയും അഫ്ഘാനിസ്താനും ഉൾപ്പടെയുള്ള സംഘര്ഷങ്ങളും അമേരിക്കയിലും ഗ്രീസിലും ഉണ്ടായ സാമ്പത്തിക തകർച്ചയും കാലാവസ്ഥ വ്യതിയാനവും വംശീയതയും അറബ് വസന്തവും എല്ലാം പുസ്തകത്തിൽ വിഷയമാണ്.

പക്ഷെ ലോകത്തിലെ എല്ലാ നേതാക്കളുമായും നേരിട്ട് ബന്ധമുണ്ടായിരുന്ന ഈ മനുഷ്യന്റെ പുസ്തകം തുടങ്ങുന്നത് വൈറ്റ് ഹൗസിന്റെ പുൽത്തകിടിയിൽ ചെടികൾ വച്ചു പിടിപ്പിക്കുന്ന എഡ്‌ തോമസ് എന്ന പൂന്തോട്ടക്കാരനെ പറ്റി സംസാരിച്ചുകൊണ്ടാണ്. നാല്പത് വർഷമായി എഡ്‌ അവിടെ തൊഴിലെടുക്കുന്നു, അതിനിടയിൽ എത്ര പ്രസിഡന്റുമാർ വന്നുപോയിട്ടുണ്ടാകും ?, അവരുടെ ആരുടെയെങ്കിലും പുസ്തകത്തിൽ പോയിട്ട് കൺവെട്ടത്ത് തോട്ടക്കാരന്മാർ എത്തിപ്പട്ടിയിട്ടുണ്ടാകുമോ ?.

അതാണ് ബാരാക് ഒബാമ. അതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ മാന്യതയിലും മനുഷ്യന്റെ നന്മയിലും ജനാധിപത്യത്തിന്റെ സാധ്യതകളിലും നമുക്ക് പ്രത്യാശ നൽകുന്നത്.

വായിച്ചിരിക്കേണ്ട പുസ്തകമാണ്.

മുരളി തുമ്മാരുകുടി

ഫേസ്ബുക്ക്

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.