DCBOOKS
Malayalam News Literature Website

“അംബേദ്കർ സമത്വം എന്ന സ്വപ്നത്തെ പരിപോഷിപ്പിച്ച ഈ കാലഘട്ടത്തിലും ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങൾ വിവേചനങ്ങൾക്ക് കാരണമാവുന്നുണ്ട്”: അശോക് ഗോപാൽ

സമത്വം എന്ന സ്വപ്നത്തിനുവേണ്ടി അംബേദ്കര്‍ പ്രയത്‌നിച്ച ഈ കാലഘട്ടത്തിലും ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍ വിവേചനങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്ന് അശോക് ഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം ‘A Part Apart: The life and thoughts of B.R. Ambedkar’ എന്ന സെഷനില്‍ ജെറി പിന്റോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തെ ഉയര്‍ത്തിക്കാട്ടിയ സെഷനില്‍, സാഹിത്യകൃതികളോട് അംബേദ്കര്‍ക്കുണ്ടായിരുന്ന പ്രതിബദ്ധതയെയും സമഗ്രമായി ചര്‍ച്ച ചെയ്തു. പ്രാഗ്മാറ്റിസം, ഗാന്ധിയുടെ അഹിംസാവാദം, എന്നീ ആശയങ്ങളോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന അതൃപ്തിയെക്കുറിച്ച് അശോക് ഗോപാല്‍ സംസാരിച്ചു.

അംബേദ്കറുടെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തെയും അദ്ദേഹത്തിന്റെ ധാര്‍മ്മികവും ജനാധിപത്യപരവുമായ ഉള്‍ക്കാഴ്ചകളെയും ‘ബുദ്ധനും വര്‍ണാശ്രമ ധര്‍മ്മവും’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ചചെയ്തു.

മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും രാഷ്ട്രീയഭൂമിക പട്ടികജാതിക്കാരെ കേന്ദ്രീകരിച്ച്, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിച്ചു.

ഇന്ത്യയിലെ മുസ്ലീം നവീകരണത്തെക്കുറിച്ച് അംബേദ്കര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍, പാക്കിസ്ഥാന്‍ എന്ന ന്യായമായ ആവശ്യത്തിന് അദ്ദേഹം നല്‍കിയ പിന്തുണ, മുസ്ലീം സമൂഹത്തിനകത്തെ പരിഷ്‌കരണത്തിനുവേണ്ടി നടത്തിയ ആഹ്വാനങ്ങള്‍ എന്നിവയും അശോക് ഗോപാല്‍ വിശദീകരിച്ചു.
വിവേചനത്തിലെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളെയും സമത്വം കൈവരിക്കാനുള്ള അംബേദ്കറുടെ ചിരകാല സ്വപ്നത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സെഷന്‍ സമാപിച്ചത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.