DCBOOKS
Malayalam News Literature Website

പാരമ്പര്യ സുറിയാനി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍

ഭക്ഷണം വിശപ്പുമാറാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് ഈ ബോധ്യത്തില്‍ നിന്നാണ് പാചകകല ഉടലെടുത്തതും വികാസം പ്രാപിച്ചതും. ചേരുവകളും അളവുകളും വ്യത്യസ്തപ്പെടുത്തി, പാചകരീതികള്‍ ഒന്നിച്ചുചേര്‍ത്തു പലതരം പരീക്ഷണങ്ങള്‍ ഈ രംഗത്ത് എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ പാചകം ഒരു കലയായി കാണുന്നവര്‍ക്കുള്ള പുസ്തകങ്ങളാണ് ബാവ ആര്‍. ലൂക്കോസിന്റെ സുറിയാനി പാചകം, സുറിയാനി കുക്കറി എന്നിവ.

സമ്പന്നമായ ഒരു പാചക പാരമ്പര്യമാണ് കേരളത്തിനുള്ളത് കേരളത്തിന്റേത് മാത്രം എന്ന് അവകാശപ്പെടാവുന്ന നിരവധി വിഭവങ്ങള്‍ നമുക്കുണ്ട്. ഇതിന് പുറമേ വിദേശരുചികള്‍ സ്വാംശീകരിച്ചു പരിഷ്‌കരിച്ചും പുതുരുചികള്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങളിലൂടെ പ്രസിദ്ധയാണ് ബാവ ലൂക്കോസ്. 35 വര്‍ഷത്തിലധികമായി പാചകത്തെ ഒരു തപസ്യയായി കരുതുന്ന ബാവ ലൂക്കോസ് രുചികരമായ വിഭവങ്ങള്‍ ഒരുക്കുന്നതിന് പുറമേ അവ കലാപരമായി ഒരുക്കിയും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്ന സുറിയാനി വിഭവങ്ങളെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളാണ് സുറിയാനി പാചകം, സുറിയാനി കുക്കറി എന്നിവ. സുറിയാനി പാചകം മലയാളത്തിലും, സുറിയാനി കുക്കറി ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍, മുട്ട, ഞണ്ട്, കക്കാ, താറാവ്, പന്നി, തുടങ്ങിയവകൊണ്ടുള്ള വിവിധതരം വിഭവങ്ങള്‍, ചക്കക്കുറു, ശീമച്ചക്ക, മത്തനില, ചെറുപയര്‍, വാഴയ്ക്കാ, ചേമ്പ്, ചേന, തുടങ്ങിയവകൊണ്ടുള്ള വിവിധ വിഭവങ്ങള്‍, വിവിധതരം അച്ചാറുകള്‍, പലഹാരങ്ങള്‍, ചമ്മന്തികള്‍, പായസങ്ങള്‍ തുടങ്ങിയവയുടെ പാചകവിധികള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. പാചകത്തില്‍ പുതുമ തേടുന്ന ഏവരും സ്വന്തമാക്കേണ്ട പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.