‘വാക്കിന്റെ മൂന്നാംകര’
ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച എഴുത്തുകാരനാണ് പി.കെ. രാജശേഖരന്‍. വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം മാതൃഭുമി ആഴ്ചപ്പതിപ്പിലൂടെ എഴുതിയ ‘വാക്കിന്റെ മൂന്നാംകര’ എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡി സി ബുക്‌സ് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയും ചെയ്തു.
വാക്കിന്റെ മൂന്നാംകര എന്ന പേരിലെഴുതിയ പംക്തിയിലെ ലേഖനങ്ങള്‍ക്കൊപ്പം അക്കാലത്തിനു മുന്നും പിന്നുമായി എഴുതിയ മറ്റ് ആഖ്യായികാനുഭവങ്ങളും ചേര്‍ത്താണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ലോകോത്തര നോവലുകളിലൂടെയും നോവലിസ്റ്റുകളിലൂടെയുമുള്ള സഞ്ചാരമാണ് ഈ കൃതി. വാക്കിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂന്നാംകരയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് പി. കെ. രാജശേഖരന്‍. മലയാളി വായിച്ചിരിക്കേണ്ട, അറിയേണ്ട അനുഭവങ്ങളുടെ മലമടക്കുകളിലേക്ക് ഒരു സാഹസികയാത്രകനെപ്പോലെ നയിക്കുകയാണ് അദ്ദേഹം.
നോവലിനുവേണ്ടി പി കെ രാജശേഖരന്‍ എഴുതിയ സത്യവാങ്മൂലം;
നോവലിന് ഒരു സത്രത്തിന്റെ ഉപമ ഇണങ്ങും. പാന്ഥര്‍ വന്നുകൂടി ഓരോരോ കഥയും പറഞ്ഞു താന്‍താന്‍ വഴിപിരിഞ്ഞുപോവുകയും വീണ്ടും സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരു പെരുവഴിയമ്പലം. കാലത്തിന്റെയും ചരിത്രത്തിന്റെയും ബഹുപഥസന്ധിയില്‍ നില്‍ക്കുന്ന ആ പാര്‍പ്പിടത്തില്‍ അനേകര്‍, അനേകതലമുറകള്‍ പാര്‍ക്കുന്നു, കഥാപാത്രങ്ങള്‍ മാത്രമല്ല, വായനക്കാരും. ബഹുസ്വരങ്ങളുടെ ആ സമാഗമനകൂടാരത്തില്‍ കുടിപാര്‍പ്പുകാരിലൊരാളോ പല സ്വരങ്ങളിലൊന്നോ ആണ് സത്രപാലകനായ നോവലിസ്റ്റും. മുറികള്‍ ഒന്നുതന്നെയെങ്കിലും പാര്‍ക്കുന്നവരും പാര്‍പ്പുകാലങ്ങളും പലതായതുകൊണ്ട് ഉറക്കങ്ങളും ഉണര്‍വുകളും കിനാവുകളും വ്യത്യസ്തമായിത്തീരുന്നതിനാല്‍ സംസ്‌കാരംതന്നെയായ ആ സത്രത്തിലെ പാര്‍പ്പിന്റെയും അലഞ്ഞുതിരിയലിന്റെയും സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, വായനയെ ആനന്ദത്തിലേക്കു പരിഭാഷപ്പെടുത്തുകയും യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവത്തെയും വൈയക്തികാസ്തിത്വത്തിന്റെ അര്‍ത്ഥത്തെയും സ്ഥലകാലഭാഷാബോധങ്ങളെയും എല്ലായ്‌പ്പോഴും പുനര്‍നിര്‍വചിക്കുകയും ചെയ്യുന്ന നോവലിന്റെ പല ഭാഷകളിലും പല രൂപങ്ങളിലുമുള്ള ബഹുലതയിലെ എന്റെ രഹസ്യജീവിതാനുഭൂതികളുടെയും ബോധ്യങ്ങളുടെയും പരസ്യപ്പെടുത്തല്‍; പരിഭാഷ. അപ്രവചനീയമാംവിധം വികസിച്ചുകൊണ്ടിരിക്കുന്ന ആ പ്രപഞ്ചത്തിലെ വരിഷ്ഠസൃഷ്ടികളിലെന്നപോലെ വിചിത്രസൃഷ്ടികളിലും സൗന്ദര്യശാസ്ത്രസങ്കല്പങ്ങള്‍ ഉച്ചനീചത്വം കല്പിച്ചവയിലും അവയ്ക്കിടയിലെ അതിര്‍ത്തിരേഖ മായ്ച്ചുകളഞ്ഞവയിലുമുള്ള സഞ്ചാരങ്ങളുടെ ഭാഷാഭൂപടമാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2008-2011 കാലത്ത് ”വാക്കിന്റെ മൂന്നാംകര’ എന്ന പേരിലെഴുതിയ പംക്തിയിലെ ലേഖനങ്ങള്‍ക്കൊപ്പം അക്കാലത്തിനു മുന്നും പിന്നുമായി എഴുതിയ മറ്റ് ആഖ്യായികാനുഭവങ്ങളും ചേര്‍ത്താണ് അതേ പേരില്‍ ഈ (അ)പൂര്‍ണസമാഹാരം പ്രസിദ്ധപ്പെടുത്തുന്നത്. ആ പംക്തിയിലെ ലേഖനങ്ങളില്‍ കുറെയെണ്ണം ”വാക്കിന്റെ മൂന്നാംകര’ (2008), ”നരകത്തിന്റെ ഭൂപടങ്ങള്‍’ (2010) എന്നീ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനികതയില്‍നിന്ന് ഉത്തരാധുനികതയിലേക്കുള്ള സ്ഥാനാന്തരണത്തിന്റെയോ ഭാവുകത്വപരിണാമത്തിന്റെയോ ആ ഘട്ടത്തില്‍ മലയാളനോവലില്‍ പൊടുന്നനെ ഒരു ശൂന്യത വന്നുപെട്ടു. കവിതയിലും ചെറുകഥയിലും പ്രത്യക്ഷപ്പെട്ടതുപോലുള്ള പരിവര്‍ത്തനേച്ഛകളും പരീക്ഷണവ്യഗ്രതകളും നോവലിലുണ്ടായിരുന്നില്ല. നോവല്‍വിപണിയിലാകട്ടെ പഴയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വന്നുനിറഞ്ഞു. ആ പ്രതിസന്ധിഘട്ടത്തിലാണ് ആഖ്യായികയുടെ ചരിത്രത്തെയും മറ്റു ഭാഷകളില്‍ സംഭവിക്കുന്ന പുതിയ വികാസങ്ങളുടെ സ്വഭാവത്തെയുംകുറിച്ച് ഓര്‍മിപ്പിക്കുക എന്ന വിമര്‍ശകോത്തരവാദിത്വത്തില്‍ ”വാക്കിന്റെ മൂന്നാംകര’ എന്ന പംക്തി ഞാന്‍ എഴുതിത്തുടങ്ങിയത്. പാശ്ചാത്യനോവലുകളെപ്പറ്റി മാത്രം എഴുതുന്നുവെന്ന് ആ സമയത്ത് മലയാളത്തിലെ പല എഴുത്തുകാരും പരാതിപ്പെടുകയും മലയാളത്തില്‍ സാഹിത്യനിരൂപകരില്ലെന്ന് സാഹിത്യചര്‍ച്ചകളിലും പ്രസംഗവേദികളിലും പരിഭവിക്കുകയും പിണങ്ങുകയും ചെയ്തിരുന്നു. അമൂര്‍ത്തത്തോടും അനശ്വരത്തോടുമുള്ള മുന്‍കരുതലോടെ അനൈഹികമോ അതിഭൗതികമോ ആയ ലോകത്തെക്കാള്‍ അനുഭവവേദ്യപരവും മതനിരപേക്ഷവുമായ ലോകത്തിലൂന്നിനിന്ന് തൊട്ടും രുചിച്ചും ഇടപഴകിയുമറിയാവുന്ന ജീവിതത്തെയും പ്രതീകാത്മകമായ അടഞ്ഞ പ്രപഞ്ചത്തിനുപകരം നിരന്തര പരിവര്‍ത്തിതവും മൂര്‍ത്തവും തുറന്ന അന്ത്യത്തോടുകൂടിയതുമായ ചരിത്രത്തെയും ഭാവനയുടെ വിചിത്രമാര്‍ഗങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന, കാലവും ആഖ്യാനകവും മാത്രം സത്തകളായുള്ള നോവലിന്റെ ഗംഭീരതകളുടെയും സാധ്യതകളുടെയും മാതൃകകള്‍ ചൂണ്ടിക്കാണിക്കലായിരുന്നു ആ പംക്തിയുടെ ഉദ്ദേശ്യം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യച്ചുമതലയുള്ള കമല്‍റാം സജീവായിരുന്നു അതിനു പ്രേരണ നല്‍കിയത്. നന്ദി പറയേണ്ടവര്‍ പലരുണ്ട്, അക്കാലത്ത് കിട്ടാന്‍ വിഷമമായിരുന്ന നോവലുകള്‍ ഹോങ്കോങ്ങില്‍നിന്ന് എത്തിച്ചുതന്ന പരേതനായ കഥാകൃത്തും വിവര്‍ത്തകനുമായ സുഹൃത്ത് എ.വി. ഗോപാലകൃഷ്ണന്‍, ഡി.സി. ബുക്‌സിലെ ടോമി ആന്റണി, സാഹിത്യനിരൂപകനും ഡല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് അധ്യാപകനുമായ പി. കൃഷ്ണനുണ്ണി തുടങ്ങിയവര്‍. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തനജീവിതകാലത്താണ് ‘വാക്കിന്റെ മൂന്നാംകര’ എന്ന പംക്തിയിലെ പല ലേഖനങ്ങളും എഴുതിയത്. ന്യൂഡല്‍ഹിയിലെ പുസ്തകശാലകളും പഴയ ഡല്‍ഹിയിലെ ദരിയാഗഞ്ജില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പഴയ പുസ്തകച്ചന്തയും മൂന്നാംകര തേടലിനു സഹായിച്ചിട്ടുണ്ട്.
നോവലിലെ അന്വേഷണങ്ങളുടെയും അലച്ചിലുകളുടെയും അനുഭവങ്ങളുടെ പരിഭാഷകളായ ഈ ലേഖനങ്ങളെ സാധ്യമാക്കിയതും പരിഭാഷയാണ്. ഭാരതീയേതരമായ ഭാഷകളിലെ നോവലുകളിലുള്ള ഈ പാരായണാനുഭവങ്ങള്‍ക്ക് ഇംഗ്ലിഷ് വിവര്‍ത്തനത്തിന്റെ മധ്യസ്ഥതയുണ്ട്. നോവലുകളെപ്പറ്റിയുള്ള ഈ പുസ്തകത്തില്‍ രണ്ടു കഥാകൃത്തുക്കള്‍കൂടിയുണ്ട്, ചെറുകഥയുടെ ആദ്യപ്രയോക്താക്കളിലൊരാളായ എഡ്ഗര്‍ അലന്‍ പോയും കഥയെഴുത്തിനെ നിത്യവിസ്മയമാക്കിയ ഹോര്‍ഹെ ലൂയി ബോര്‍ഹസും. അവരില്‍നിന്ന് വായുവും വെള്ളവും നേടാത്ത നോവലിസ്റ്റുകളില്ലാത്തതുകൊണ്ടുകൂടിയാണ് ആ സ്വകാര്യപ്രിയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷമായ ഏതെങ്കിലും ക്രമത്തിലല്ല, വായനയുടെ ക്രമരാഹിത്യത്തിന്റെ ക്രമത്തിലാണ് ഇവിടെ ലേഖനങ്ങള്‍ വിന്യസിച്ചിട്ടുള്ളത്, ചിട്ടയില്ലാത്ത ഒരു ലൈബ്രറിപോലെ.
Comments are closed.