നിഷ്‌കളങ്ക ബാല്യത്തിന്റെ കഥയുമായി ഉണ്ണിക്കുട്ടന്റെ ലോകം
കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?. അവരുടെ വികൃതിയും കളിചിരികളും ആസ്വദിക്കാത്തവരുണ്ടോ? കുട്ടികളില്‍ ഈശ്വരന്‍ കുടിയിക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അവരുടെ ലോകം മനോഹരവും അത്ഭുതകരവുമാണ്. ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു ചെറിയ കുടുംബത്തിലെ കൊച്ചുകുട്ടികളുടെ കാഴ്ച്ചപാടിലൂടെ അങ്ങനെയൊരു ലോകം വരച്ചുകാട്ടുന്ന നന്തനാരുടെ കൃതികളാണ് ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നിവ. ഈ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം.1973ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങുന്നത് 2010ലാണ്.
പേരു സൂചിപ്പിക്കും പോലെതന്നെ ഉണ്ണിക്കുട്ടന്‍ എന്ന ചെറിയ കുട്ടിയാണ് കഥയിലെ പ്രധാന കഥാപാത്രം. അവനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് നന്തനാര്‍ മനോഹരമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍ നായരുമടങ്ങുന്നതാണ് അവന്റെ ലോകം. ഉണ്ണിക്കുട്ടന്റെ കുഞ്ഞു മനസ്സില്‍ ആഹഌദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചു കൊച്ചു ദുഖങ്ങളുടെ കഥയാണ് സുന്ദരമായ ഈ നോവല്‍.
നോവലിസ്റ്റും കഥാകൃത്തും നാടകരചയിതാവുമായ നന്തനാര്‍ 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. യഥാര്‍ഥ പേര് പി.സി. ഗോപാലന്‍ .പഠിക്കാന്‍ സമര്‍ഥനായിരുന്നെങ്കിലും സാമ്പത്തിക പരാധീനതമൂലം ഇടയ്ക്കുവച്ച് ഔപചാരികപഠനം ഉപേക്ഷിച്ചു. 1942ല്‍ സൈനികസേവനമാരംഭിച്ചു. 1964ല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച് മൈസൂറില്‍ എന്‍ .സി.സി. ഇന്‍സ്ട്രക്റ്ററായി. 1967മുതല്‍ 1974ല്‍ മരിക്കും വരെ എഫ്.എ.സി.ടി.യില്‍ പബ്‌ളിസിറ്റി വിഭാഗത്തില്‍ ജോലിചെയ്തു.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും നന്തനാര്‍ രചിച്ചു. മൊയ്തീന്‍ ആണ് പ്രഥമകഥ. അറിയപ്പെടാത്ത മനുഷ്യജീവികള്‍ (1956) ആണ് ആദ്യത്തെ നോവല്‍. ആത്മാവിന്റെ നോവുകള്‍ , അനുഭൂതികളുടെ ലോകം (1965), ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966), ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ (1967), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടന്‍ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍ (1971), അനുഭവങ്ങള്‍ (1975) എന്നിവയാണ് നോവലുകള്‍ . ആകാശം തെളിഞ്ഞു, സ്‌നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകള്‍ക്കിടയിലെ ജീവിതം, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍ , നിഷ്‌കളങ്കതയുടെ ആത്മാവ്, മിസ്റ്റര്‍ കുല്‍ക്കര്‍ണി, ഒരു വര്‍ഷകാല രാത്രി, കൊന്നപ്പൂക്കള്‍ , ഇര, ഒരു സൗഹൃദസന്ദര്‍ശനം എന്നിവ ചെറുകഥാസമാഹാരങ്ങളുമാണ്.
Comments are closed.