റൊമേയ്ന്‍ ഗാരിയുടെ ഓര്‍മ്മപുസ്തകം;- പ്രഭാതത്തിലെ പ്രതിജ്ഞ
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികനായ റൊമേയ്ന്‍ ഗാരിയുടെ ഓര്‍മ്മകളുടെ പുസ്തകമാണ് ‘പ്രൊമിസ് അറ്റ് ഡോണ്‍’. 1960-ല്‍ ഫ്രഞ്ച് ഭാഷയിലാണ് ആദ്യമായി ഈ ഓര്‍മ്മപുസ്തകം പ്രസിദ്ധീകൃതമായത്. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രഭാതത്തിലെ പ്രതിജ്ഞ.
തന്റെ ബാല്യകാലം മുതല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത കാലം വരെയുള്ള ഓര്‍മ്മകളാണ് റൊമേയ്ന്‍ ഗാരി പ്രഭാതത്തിലെ പ്രതിജ്ഞയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റഷ്യയിലെ തന്റെ ബാല്യകാലസ്മരണകള്‍ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ രചന ആരംഭിക്കുന്നത്. നാടകനടിയായിരുന്ന അമ്മയുടെ ജീവിതത്തെപ്പറ്റിയും ഈ ഓര്‍മ്മകളില്‍ പരാമര്‍ശിക്കപ്പെടുന്നു. പിന്നീട് ഫ്രാന്‍സിലെ നീസിലെ ജീവിതത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്. തന്റെ അമ്മയ്ക്ക് അദ്ദേഹത്തെപ്പറ്റിയുണ്ടായിരുന്ന സ്വപ്‌നങ്ങള്‍ അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഒരു വക്കിലായും വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായും ഫ്രഞ്ച് അംബാസിഡറായും ലോകമെമ്പാടും അറിയപ്പെടുന്ന ഒരു എഴുത്തുകാരനായും റൊമേയ്ന്‍ ഗാരി മാറണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആഗ്രഹിച്ചിരുന്നു.
തന്റെ മകന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഷ്ടപ്പെട്ട ഒരമ്മയുടെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെ കഥ കൂടിയാണ് എഴുത്തുകാരന്‍ തന്റെ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ നേരിട്ട പ്രതിസന്ധികളും അവ തരണം ചെയ്യാന്‍ പ്രാപ്തനാക്കിയത് തന്റെ അമ്മയാണെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓര്‍മ്മക്കുറിപ്പിന്റെ ആഖ്യാനശൈലിയിലും അവതരണത്തിലുമുള്ള വ്യത്യസ്തതകൊണ്ടും തന്റെ കൃതിയെ ഉദ്വേഗജനകമായ ഒരു നോവലിനെപോലും വെല്ലുന്ന ഒന്നാക്കി മാറ്റുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.
കൃഷ്ണ ജെ സി യാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഫ്രഞ്ച് വൈമാനികന്‍, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ റൊമേയ്ന്‍ ഗാരി 1914 മെയ് 21-നാണ് ജനിച്ചത്. എമില്‍ അജാര്‍, ഫോസ്‌കോ സിനിബാള്‍ഡി, ഷാറ്റന്‍ ബോഗട്ട് എന്നീ തൂലികാനാമങ്ങളില്‍ രചനകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടണ്ട്. നോവലുകള്‍, ലേഖനങ്ങള്‍ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയവ രചിച്ച റൊമേയ്ന്‍ ഗാരി രണ്ടു നാമധേയങ്ങളില്‍ പ്രിക്‌സ് ഗോണ്‍കോര്‍ട്ട് നേടിയ ഏക എഴുത്തുകാരനാണ്. നിയമപഠനത്തിനുശേഷം സലോണ്‍ ഡി പ്രൊവെന്‍സിലെ ഫ്രഞ്ച് എയര്‍ ഫോര്‍സില്‍നിന്ന് വൈമാനികനായ അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിനുവേണ്ടി പോരാടി. എ യൂറോപ്യന്‍ എജ്യുക്കേഷന്‍, പ്രൊമിസ് ആറ്റഡോണ്‍, ദി റൂട്ട്‌സ് ഒഫ് ഹെവന്‍, ദി ഗ്വില്‍റ്റി ഹെഡ്, വൈറ്റ് ഡോഗ് തുടങ്ങിയവ പ്രശസ്ത കൃതികള്‍. 1980 ഡിസംബര്‍ 2-ന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
Comments are closed.