ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവല്‍
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തില്‍ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിര്‍വ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടര്‍ന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തില്‍ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തര്‍ദ്ധാനം ചെയ്തു. ചരിത്രകാരന്മാര്‍ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളില്‍ ഇവരുടെ പേരുകള്‍ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയില്‍ , പട്ടടയില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി…! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകള്‍ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകള്‍ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോകുന്നു….!
തെരുവിന്റെ മക്കള്‍ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയില്‍ ജീവിക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലില്‍ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകള്‍ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരുവിലെ സാധാരണ ജനങ്ങള്‍ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാപാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്. തെരുവിന്റെ കഥ ഒരിക്കലും അവസാനിക്കുന്നില്ല, അത് തുടരുകതന്നെയാണ്. പ്രസിദ്ധീകൃതമായി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്നും വായനക്കാരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
1960 ലാണ് ഒരു തെരുവിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1996ല്‍ ആദ്യ ഡി സി പതിപ്പിറങ്ങി പുസ്തകത്തിന്റെ 27-ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
Comments are closed.