DCBOOKS
Malayalam News Literature Website

ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ

ഭൗതികേച്ഛകളില്‍നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധന്‍ അറിയപ്പെടുന്നത്.  ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ പറയുന്ന രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും.

ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് ഈ നോവല്‍. പാലായനങ്ങളിലും, യുദ്ധങ്ങളിലും, ജയപരാജയങ്ങളിലും വഴി മറയ്ക്കുന്നവന്‍ എന്നര്‍ത്ഥം വരുന്ന പേര്ധാരിയായ സ്വപുത്രന്റെ മരണത്തിലും വരെ നിരാസക്തമായ ഒരു നിസ്സന്ഗത പുലര്‍ത്തുന്ന ഗോപ എന്ന കഥാപാത്രം ഞാനും ബുദ്ധനും’ എന്ന ഈ കഥയിലൂടെ മലയാള സാഹിത്യത്തിലെ എന്നേക്കുമുള്ള കരുത്തുറ്റ ഒരു പെണ്‍മുഖമായി മാറുന്നു. ഭരതവാക്യത്തില്‍ ഗോപ ബുദ്ധനെ സംബോധന ചെയ്യുന്നത് ‘ശൗദ്ധോദനീ ‘ എന്നല്ല, ബോധിസത്വനായ മായാദേവീ പുത്രാ എന്നാണ്.അമ്മവഴിയോര്‍മ്മിപ്പിക്കുന്ന വിളിയാണത്.’ നിന്റെ മകനായിരുന്നു അവന്‍ .നിന്റെ….. ‘ എന്ന അവസാനത്തെ ഉറപ്പിക്കല്‍ ഗോപ ബുദ്ധന് അനുവദിക്കുന്ന ഔദാര്യമാണ്.രാഹുലന്റെ സത്യത്തെ സംഘര്‍ഷ നിമിഷങ്ങളിലെപ്പോഴെങ്കിലും വെളിപ്പെടുത്തിപ്പോയിരുന്നെങ്കില്‍ മഹാപരിത്യാന്മത്തിന്റെ മഹാസങ്കടങ്ങളുണ്ടാക്കിയ അനാസക്തി തന്നെയാണ് ബുദ്ധമാര്‍ഗത്തിന്റെ ഹേതുവെന്ന് വിശ്വസിക്കാന്‍ ഗോപ നമ്മോട് ആവശ്യപ്പെടുന്നു.

ബുദ്ധ നീതിസാര കഥകളോ ജാതക കഥകളോ ഉള്‍ക്കൊള്ളുന്ന അന്യാപദേശ താത്പര്യമല്ല ഈ നോവല്‍ ഉള്‍ക്കൊള്ളുന്നത് എന്നത് ചേര്‍ത്തു വായിച്ചാല്‍ നോവല്‍ രാഷ്ട്രീയമാണ് പറയുന്നത് എന്നു കാണാം.

 

Comments are closed.