ശാസ്ത്രവും ആദ്ധ്യാത്മവിദ്യയും സമന്വയിക്കുന്ന പുസ്തകം
പരമ്പരാഗത മനശാസ്ത്ര തത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ.ബ്രിയാന്‍ ചികിത്സയ്ക്കായ് തന്റെ മുന്‍പിലെത്തിയ കാതറിന്‍ എന്ന 27കാരിയുടെ പൂര്‍വ്വജന്മ കാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളേയും ചികിത്സാരീതികളെയും മാറ്റിമറിച്ചു. അതോടെ കൊളംബിയ യൂണിവേഴ്‌സിറ്റി, യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നും സൈക്കോളജിയില്‍ ബിരുദവും എംഡിയും നേടിയ അദ്ദേഹം തന്റെ ശാസ്ത്രീയ പഠനങ്ങള്‍ക്കുമപ്പുറം ഒരു വലിയ സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞു.
മരണാനന്തര നിലനില്‍പ്പിനേക്കുറിച്ചും പൂര്‍വ്വജന്മ സ്മരണകളെക്കുറിച്ചും ധാരാളം തെളിവുകളുണ്ടെങ്കിലും മനഃശാസ്ത്രജ്ഞന്മാരും മനോരോഗചികിത്സകരും ഇത് പരിശോധിക്കുവാനോ തെളിയിക്കുവാനോ ഇതുവരെ തയ്യാറായിട്ടില്ല. ഒരു പക്ഷേ തയ്യാറായാല്‍ തന്നെ അതിനെ ശാസ്ത്ര ലോകം അംഗീകരിക്കുകയുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ് തനിക്കുണ്ടായ അനുഭവത്തെ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് ‘മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ്’ എന്ന പുസ്തകത്തിലുടെ ഡോ.ബ്രിയാന്‍ ചെയ്തത്.
പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭായാണ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍. ശാസ്ത്ര അദ്ധ്യാപകനായ രാധാകൃഷ്ണ പണിക്കരാണ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
എല്ലാവരിലുമുള്ള ജനനം, മരണം, പുനര്‍ജന്മം എന്നിവയെക്കുറിച്ചുള്ള വിശ്വാസങ്ങളെ തകിടം മറിക്കുന്ന വെളിപ്പെടുത്തലുകളാണ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ എന്ന ഗ്രന്ഥത്തില്‍ മനശാസ്ത്രജ്ഞനായ ഡോ. ബ്രിയാന്‍ എല്‍. വീസ് നടത്തിയിരിക്കുന്നത്.
ജനനത്തിനു മുമ്പും മരണത്തിനു ശേഷവുമുള്ള മനുഷ്യന്റെ നിലനില്‍പ്പിനേക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ നിങ്ങള്‍ വായിക്കുന്നതെല്ലാം സത്യവും വസ്തുതാപരവും മാത്രമാണെന്നും, ഇതെഴുതാന്‍ നാലുവര്‍ഷവും തൊഴില്‍ പരമായി ഉണ്ടായേക്കാവുന്ന ആപത്തിനെ നേരിടുവാനുള്ള ധൈര്യം സംഭരിക്കുവാനും യാഥാസ്ഥിതികതയ്‌ക്കെതിരായി കാര്യങ്ങള്‍ വെളിപ്പെടുത്താനുമായി വേറൊരു നാല് വര്‍ഷംകൂടി വേണ്ടിവന്നുവെന്നും ബ്രിയാന്‍ തുറന്നുപറയുന്നു.
നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിട്ടുണ്ടെന്നും മനസ്സിന്റെ അഗാധരഹസ്യങ്ങളായ ആത്മാവും മരണാനന്തര ജീവിതവും പില്‍ക്കാല ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നും നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍ എന്ന പുസ്തകത്തില്‍ ഡോ. ബ്രിയാന്‍ വീസ് വിവരിക്കുന്നു.
Comments are closed.