DCBOOKS
Malayalam News Literature Website

വീണ്ടും പൂക്കുന്ന നീര്‍മാതളം

നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി കാണാന്‍. നിലാവിലും നേര്‍ത്ത നിലാവായി ആ ധവളിമ പാമ്പിന്‍കാവില്‍നിന്ന് ഓരോ കാറ്റു വീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍കിടാവെന്നപോലെ വിറച്ചു. വിറയലില്‍ എത്രയോ ശതം പൂക്കള്‍ നിലംപതിച്ചു. നാലു മിനുത്ത ഇതളുകളും അവയ്ക്കു നടുവില്‍ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അതു വാസനിച്ചുനോക്കുമ്പോള്‍ വാസനയില്ലെന്നും നമുക്കു തോന്നിയേക്കാം. ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി. അതും ഒരാഴ്ചക്കാലത്തേക്കു മാത്രം.’ നേരിട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ സത്യത്തിന്റെ ഗൃഹാതുരുത്വ സ്മരണകളോടെയാണ് കമലാസുരയ്യ ‘നീര്‍മാതളം പൂത്തകാലം’ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയത്.

ബാല്യ കൗമാരങ്ങളില്‍ നിറം പകര്‍ന്ന ഓര്‍മ്മകള്‍ നേഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകര്‍ന്നുകിട്ടയി സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് നീര്‍മാതളം പൂത്ത കാലം. ഒര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്ന പുസ്തകം നെഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവര്‍ ചുരുക്കമാണ്.

പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്ന് ഉയര്‍ന്നു കഴിയുമ്പോള്‍ പൂക്കുകയും എന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ നിലം പതിക്കുകയും ചെയ്യുന്നവയാണ് നീര്‍മാതളപ്പൂക്കളെങ്കിലും മാധവിക്കുട്ടി പങ്കുവയ്ക്കുന്ന ഓര്‍മ്മകളുടെ നീര്‍മാതളങ്ങള്‍ എന്നെന്നും നാമ്പിടുകയും പൂക്കുകയും നിലനില്‍ക്കുന്നവയുമാണ്. സ്മരണകളുടെ അപൂര്‍വ്വത ഉണര്‍ത്തുന്ന പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂര്‍വ്വസ്മൃതികളുടെ സുഗന്ധം പരത്തുന്നു. നാലപ്പാട്ടെ തറവാട്ടില്‍ തുടങ്ങിയ തന്റെ ബാല്യകൗമാരങ്ങളുടെ ഓര്‍മ്മകള്‍ അമ്പത്തിയൊന്ന് ഭാഗങ്ങളിലായാണ് മാധവികുട്ടി കുറിച്ചിട്ടിരിക്കുന്നത്. ലളിതമായ ആഡംഭരവും അലങ്കാരങ്ങളുമൊന്നുമില്ലാതെയും യാഥാര്‍ത്ഥ്യത്തിന്റെ ഗന്ധംചാലിച്ചെഴുതിയവയുമാണ് ഇതിലെ ഓരോ വാക്കും.അതുകൊണ്ടുതന്നെയാണ് ഈ ഓര്‍മ്മ പുസ്തകം വായനക്കാര്‍ക്കും അവരുടെ ഗൃഹാതുരത്വസ്മരണകളായിമാറുന്നത്.

മലയാള സാഹിത്യ ലോകത്ത് സുഗന്ധം പരത്തി കടന്നു പോയ പ്രിയപ്പെട്ട കഥാകാരിയ്ക്ക് 1997ലെ വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ഈ കൃതി 1993 ലാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും മലയാളികള്‍ നെഞ്ചോടുചേര്‍ത്തു വയ്ക്കുന്ന പുസ്തകത്തിന്റെ അമ്പതാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്. മലയാളത്തിലെ ഓര്‍മ്മപുസ്തകങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നതും മാധവികുട്ടിയുടെ നീര്‍മാതളം പൂത്തകാലം തന്നെയാണ്.

മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കൃതികള്‍ രചിച്ച മാധവിക്കുട്ടിക്ക് ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, കേരള സാഹിത്യ അക്കാദമി ചെറുകഥാ അവാര്‍ഡ്, വയലാര്‍ വാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എന്റെ കഥ, മാനസി, ഒറ്റയടിപ്പാത, ഭയം എന്റെ നിശാവസ്ത്രം, മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ഡയറിക്കുറിപ്പുകള്‍, ചന്ദനമരങ്ങള്‍, കടല്‍മയൂരം, കമലദാസിന്‍രെ തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങി മുപ്പതോളം കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.