DCBOOKS
Malayalam News Literature Website

മസ്തിഷ്‌കം കഥ പറയുന്നു

മസ്തിഷ്‌കക്ഷതം ബാധിച്ച് ആരോടും മിണ്ടാതെ കിടക്കുന്ന ഒരു രോഗി താന്‍ ജീവിതത്തില്‍ ഒരിക്കലും മുമ്പ് ചെയ്തിട്ടില്ലാത്തതുപോലെ അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി… കൈ മുറിച്ച് മാറ്റിയ മറ്റൊരു രോഗിക്ക് മുറിച്ചുമാറ്റിയ കൈ അവിടെയുണ്ടെന്ന് തോന്നുകയും സംവേദനത്വം അനുഭവപ്പെടുകയും ചെയ്തു… സര്‍ഗ്ഗാത്മകത അല്പം കൂടുലുള്ള ഒരാള്‍ സംഖ്യകളിലേക്ക് നോക്കുമ്പോള്‍ അവയെ അവയുടെ വര്‍ണ്ണപരിവേഷത്തോടെ കാണാന്‍ തുടങ്ങി…

കെട്ടുകഥകളേക്കാള്‍ വിചിത്രമായ തരത്തില്‍ നിഗൂഢമാണ് ഓരോ മനുഷ്യ മസ്തിഷ്‌കവും. ആ മഹാത്ഭുതത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകമാണ് ഡോ. വി.എസ്.രാമചന്ദ്രന്‍ രചിച്ച ‘The Tell-Tale Brain’. ലോകമെമ്പാടും ഏറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഇതിന്റെ മലയാള പരിഭാഷയായ മസ്തിഷ്‌കം കഥ പറയുന്നു എന്ന പുസ്തകത്തിനും മികച്ച സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്.

മനസ്സ്, ശരീരം, മസ്തിഷ്‌കം എന്നിവയ്ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികകളെ ലളിതമായി, സാധാരണക്കാരുടെ ഭാഷയില്‍ യുക്തിയുക്തം അവതരിപ്പിക്കുകയാണ് മസ്തിഷ്‌കം കഥ പറയുന്നു എന്ന പുസ്തകം. നാം ലോകത്തെ കണ്ടറിയുന്നതെങ്ങനെ?, എന്താണ് മനസ്സും ശരീരവും തമ്മിലുള്ള ബന്ധം?, ഒരാളുടെ ലൈംഗികവ്യക്തിസ്വത്വം നിര്‍ണ്ണയിക്കുന്നതെന്താണ്?, ഓട്ടിസം എന്ന മാനസിക വളര്‍ച്ചാ വൈകല്യത്തിന്റെ കാരണമെന്തൊക്കെ?, മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സര്‍ഗ്ഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാവും? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണീ പുസ്തകം.

ഇന്ത്യന്‍ വംശജനും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ നാഡീ ശാസ്ത്രജ്ഞനുമായ ഡോ. വി.എസ്.രാമചന്ദ്രനാണ് മസ്തിഷ്‌കം കഥ പറയുന്നു തയ്യാറാക്കിയിരിക്കുന്നത്. വിവിധ മാനസികരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധര്‍മ്മവും പ്രവര്‍ത്തനവും പരിശോധിക്കുകയാണ് വി.എസ്.രാമചന്ദ്രന്‍ ചെയ്യുന്നത്. സ്വതന്ത്രചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ രവിചന്ദ്രന്‍ സി ആണ് പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

 

Comments are closed.