കരിക്കോട്ടക്കരി
” ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലില്‍ ഇവിടെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ മക്കളെയെങ്കിലും എനിക്ക് പുലയരായി വളര്‍ത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്…’ ( കരിക്കോട്ടക്കരി-പേജ് 95)
പുലയ സമുദായക്കാരുടെ കാനാന്‍ ദേശമെന്നറിയപ്പെട്ടുന്ന വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രമമായ കരിക്കോട്ടക്കരിയിലെയും അവിടുത്തെ ദേശവാസികളുടെയും പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്റെയും ജീവിതചുറ്റുപാടുകളും ജീവിത സംഘര്‍ങ്ങളും വരച്ചുകാട്ടുന്ന, 2014 ലെ ഡി സി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവലാണ് വിനോയ് തോമസിന്റെ കരിക്കോട്ടക്കരി.
ഇറാനിമോസ് എന്ന വെളുത്ത കുടുംബത്തില്‍ പിറന്ന കറുത്തവന്റെ അധമ ബോധവും, ഒടുവില്‍ സ്വന്തം തായ്‌വേര് അവന്‍ കണ്ടെത്തുന്നതുമാണ് നോവലിന്റെ പ്രമേയമെങ്കിലും സ്വത്വ നഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥകൂടിയാണ് വിനോയ് തോമസ് കരിക്കോട്ടക്കരിയിലൂടെ തുറന്നുകാട്ടുന്നത്. കേരളത്തിലെ എണ്ണപ്പെട്ട പുരാതന ക്രൈസ്തവ കുടുംബങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അധികാരത്തില്‍ കുടുംബത്തെ കേന്ദ്രബിന്ദുവാക്കികൊണ്ട് എഴുതിയ കരിക്കോട്ടക്കരി കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും പുതുമനിലനിര്‍ത്തുന്ന സൃഷ്ടിയാണ്.
‘കരിക്കോട്ടക്കരി കുടിയേറ്റമേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വസന്ധിയും പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആവിഭാവവും ആിഷ്‌കരിക്കുന്നു’ എന്ന് സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, പനമ്പള്ളി അരവിന്ദാക്ഷ മേനോന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയ നോവലിന്റെ നാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.
Comments are closed.