DCBOOKS
Malayalam News Literature Website

എന്‍ എല്‍ പി യിലൂടെ ജീവിതവിജയം നേടാം

മനുഷ്യമനസ്സുപോലെയാണ് കമ്പ്യൂട്ടര്‍ എന്ന് പറയാറുണ്ടെങ്കിലും കമ്പ്യൂട്ടര്‍ പോലെയാണ് മനസ്സിന്റെ പ്രവര്‍ത്തനം എന്നുപറയുന്നതാവും ശരി. എന്തെന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കമ്പ്യൂട്ടറുകളില്‍ എന്നപോലെ നമ്മുടെ മനസ്സിലും വൈറസുകള്‍പോലെയുള്ള അനാവശ്യമായ സ്വഭാവങ്ങളും ശീലങ്ങളും കടന്നുകൂടും. അത് വിമാനയാത്ര എന്ന ഭയമാകാം, പുകവലി പോലുള്ള ഒരു ചീത്തസ്വഭാവമാകാം അല്ലെങ്കില്‍ കൂടുതലായി ആഹാരം കഴിക്കുക എന്നതുള്‍പ്പെടയുള്ള എന്തുമാകാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

കമ്പ്യൂട്ടറില്‍ വൈറസ്ബാധയുണ്ടായാല്‍ നാം ഉടനടി സര്‍വ്വീസുചെയ്യുകയോ ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കുകയോ ചെയ്യുന്നു. എന്നാല്‍ മനസ്സിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍നിന്ന് നമ്മുടെ മനസ്സിനെ വീണ്ടെടുക്കാനായി ആവിഷ്‌കരിക്കപ്പെട്ട ഒരു പദ്ധതിയാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് അഥവാ എന്‍.എല്‍.പി.

എന്‍ എല്‍ പി യിലൂടെ മനസ്സിനെ നേരാംവണ്ണം നിയന്ത്രിച്ച് എല്ലാ ചീത്ത സ്വാഭാവങ്ങളേയും ശീലങ്ങളേയും ഉപേക്ഷിക്കാന്‍ കഴിയും. അതിലൂടെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ മനസ്സിനെ മാറ്റിയെടുക്കാനും പുതിയരീതിയില്‍ ആക്കിത്തീര്‍ക്കാനും കഴിയുമെന്നതില്‍ സംശയമില്ല. ഇത്തരം ചികിത്സാരീതിയേക്കുറിച്ചുള്ള വിശദപഠനങ്ങളും നിരീക്ഷണങ്ങളും ചേര്‍ത്ത് ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പിസ്റ്റായും എന്‍.എല്‍.പിയുടെ ലൈസന്‍സ്ഡ് മാസ്റ്റര്‍ പ്രാക്ടീഷണറായും ദി സൊസൈറ്റി ഓഫ് എന്‍.എല്‍.പിയില്‍ അഡ്വാന്‍സ്ഡ് തെറാപ്യൂട്ടിക് സ്‌പെഷ്യലിസ്റ്റായും പ്രവര്‍ത്തിക്കുന്ന അലീസിയ ഈറ്റണ്‍ തയ്യാറാക്കിയ പുസ്തകമാണ് ഫിക്‌സ് യുവര്‍ ലൈഫ് വിത്ത് എന്‍.എല്‍.പി. ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ അനേകായിരങ്ങളെ സഹായിച്ചിട്ടുള്ള ഈ കൃതി ജീവിതവിജയം എന്‍.എല്‍.പിയിലൂടെ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദൈനംദിന ജീവിതത്തില്‍ വിജയം നേടാന്‍ സഹായിക്കുന്ന ഒട്ടനവധി എന്‍.എല്‍.പി മാതൃകകള്‍ വിവരിക്കുന്ന സമാഹാരമാണ് ജീവിതവിജയം എന്‍.എല്‍.പിയിലൂടെ. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ നമ്മുടെ മസസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഉള്‍ക്കാഴ്ച തരുന്നു.പിന്നീട് മനസ്സില്‍ കടന്നുകൂടുന്ന ഒരോ പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനേപ്പറ്റി പറയുന്നു. അതിനായി ചിലരുടെ അനുഭവകഥകളും ചില ടെക്‌നിക്കുകളും നിര്‍ദ്ദേശിക്കുന്നു. കൂടാതെ ആ ടെക്‌നിക്കുകള്‍ എങ്ങനെ നമ്മുടെ മനസ്സില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇവ നമ്മുടെ മനസ്സിനെ കൂടതല്‍ അയവുള്ളതും കൂടുതല്‍ ക്രിയാത്മകവും ഭാവിപ്രശ്‌നങ്ങളെ മെച്ചമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിവുറ്റതുമാക്കാന്‍ സഹായിക്കും.

ജീവിതത്തില്‍ വിജയിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജീവിതവിജയം എന്‍.എല്‍.പിയിലൂടെ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി എന്ന പുസ്തകം തര്‍ജ്ജമ ചെയ്ത പ്രൊഫ. സി.ഗോപിനാഥന്‍ പിള്ളയാണ് ഈ കൃതിയുടെയും വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

 

 

Comments are closed.