ഇനി ഞാന്‍ ഉറങ്ങട്ടെ
ആഖ്യാനശൈലിയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ രചനകളാണ് പി.കെ. ബാല കൃഷ്ണന്റേത്. മഹാഭാരതത്തെ ആസ്പദമാക്കി പി.കെ.ബാലകൃഷ്ണന്‍ രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. ഭാരതീയ ഇതിഹാസങ്ങള്‍ ധാരാളം സാഹിത്യസൃഷ്ടികള്‍ക്ക് പ്രചോദനം ആയിട്ടുണ്ടെങ്കിലും ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതി അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രചനാശൈലിയാല്‍ ശ്രദ്ധേയമാണ്. മഹാഭാരത്തതിലെ ജ്വലിക്കുന്ന ഓര്‍മ്മയായ കര്‍ണ്ണനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണന്റെ ധീരോദാത്തമായ ജീവിതത്തിന്റെ കാഴ്ചകളാണ് ഈ നോവല്‍ വായനക്കാരന് സമ്മാനിക്കുന്നത്.
കാലാതീതമായ പ്രമേയത്തിന് പുതിയമാനം നല്‍കുകയാണ് ഇനി ഞാന്‍ ഉറങ്ങട്ടെയിലൂടെ പി.കെ. ബാലകൃഷ്ണന്‍. മഹാഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും മഹാഭാരതത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. കര്‍ണ്ണന്റെ സമ്പൂര്‍ണ്ണ കഥയാണ് ഈ നോവലിന്റെ പ്രധാനഭാഗം. അതോടൊപ്പംതന്നെ ദ്രൗപദിയെപ്പറ്റി ഒരു സമാന്തര കഥാസങ്കല്പം നടത്തുകയും ചെയ്തിരിക്കുന്നു. പാണ്ഡവ-കൗരവ ശത്രുതയില്‍ കൗരവപക്ഷത്തു നില്‍ക്കേണ്ടി വന്ന കര്‍ണ്ണന് തന്റെ സഹോദരന്‍മാര്‍ക്കെതിരെ പൊരുതേണ്ടി വന്ന കഥ പറഞ്ഞ ഇനി ഞാന്‍ ഉറങ്ങട്ടെ മലയാള സാഹിത്യത്തിലെ ജ്വലിച്ചു നില്‍ക്കുന്ന നോവലാണ്.
1973ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന് 1974ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1978ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. 2002ല്‍ ആദ്യ ഡിസി പതിപ്പ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ 27-ാമത് പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്.
ചരിത്രഗവേഷകനും പത്രപ്രവര്‍ത്തകനും കൂടിയായ പി.കെ.ബാലകൃഷ്ണന്‍ 1926ല്‍ എറണാകുളത്തിനടുത്ത് എടവനക്കാട്ട് ജനിച്ചു. പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, പി.കെ. ബാല കൃഷ്ണന്റെ ലേഖനങ്ങള്‍, കാവ്യകല കുമാരനാശാനിലൂടെ, ചന്തുമേനോന്‍ ഒരു പഠനം, എഴുത്തച്ഛന്റെ കല- ചില വ്യാസഭാരതപഠനങ്ങളും, ജാതി വ്യവസ്ഥയും കേരളചരിത്ര വും, ടിപ്പു സുല്‍ത്താന്‍, നാരായണ ഗുരു എന്നിവയാണ് പി.കെ. ബാലകൃഷ്ണന്റെ ശ്ര ദ്ധേയമായ രചനകള്‍.
Comments are closed.