DCBOOKS
Malayalam News Literature Website

മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലമായകൃതി

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിന് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കഥയില്‍ മാധവികുട്ടി ഇങ്ങനെ എഴുതിയിരിക്കുന്നു;

‘ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി നിമിഷങ്ങളോളം അതിന്‍മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍നിന്നും രക്തം വാര്‍ന്ന് സ്ഫടികത്തിന്‍മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വീഴട്ടെ. ആ രക്തംകൊണ്ട് ഞാന്‍ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്നവിധത്തില്‍, ഓരോ വാക്കും ഒരനുരഞ്ഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനിഷ്ടപ്പെടുന്നു. എന്റെ ഉളളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍പ്പരപ്പിലേക്കുയര്‍ന്നുവന്ന് ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടു പോകുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുളള കഴിവുണ്ടാകണമെന്ന് എല്ലാക്കാലത്തും ഞാന്‍ ആഗ്രഹിച്ചു പോന്നു……’

ആത്മകഥയും അതേസമയം സ്വപ്‌ന സാഹിത്യവുമായി നിലകൊള്ളുന്ന എന്റെ കഥ 1973ലാണ് പ്രസിദ്ധീകരിച്ചത്. ‘മലയാളനാട്’ വാരികയുടെ 1971ലെ ഓണപ്പതിപ്പിലാണ് എന്റെ കഥ‘ ആദ്യമായി പ്രസിദ്ധീകരിച്ചുതുടങ്ങിയത്. പിന്നീട് ഓരോ ലക്കം കഴിയുന്തോറും സ്‌ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് എന്റെ കഥ മുന്നേറി. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുറേ പഴിചാരലുകള്‍ ഇതിന്റെ പേരില്‍ മാധവിക്കുട്ടിക്ക് അനുഭവപ്പെടേണ്ടിവന്നു. അത് പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ച് കഴിഞ്ഞ് കേരള സന്ദര്‍ശനം പേടിയായിത്തോന്നിയെന്ന് എന്റെ ലോകത്തില്‍ അവര്‍ പറയുന്നുണ്ട്. എന്റെ കഥയുടെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് എന്റെ ലോകം വായിക്കപ്പെടുന്നത്. അതും മലയാളനാടില്‍ത്തന്നെ മാധവിക്കുട്ടി എഴുതിത്തുടങ്ങി. ‘എന്റെ ലോകം’ എന്ന പംക്തിയിലൂടെ അനുഭവതീക്ഷ്ണങ്ങളായ കുറെ കാര്യങ്ങള്‍ അവര്‍ എഴുതി. എന്നാല്‍, ആ ലേഖനങ്ങള്‍ സമാഹരിക്കപ്പെടാതെ കിടന്നു. അവയെല്ലാംകൂടി ഡി സി ബുക്‌സാണ് എന്റെ ലോകം എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.

സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ക്കു വേണ്ടിയുള്ള പരീക്ഷണം നടത്തിയ എന്റെ കഥയുടെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1989ലാണ്.. പുസ്തകത്തിന്റെ അറുപത്തി നാലാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലകൃതിയാണ് എന്റെ കഥ.

മതിലുകള്‍ ,നരിച്ചീറുകള്‍ പറക്കുമ്പോള്‍ ,തരിശുനിലം, എന്റെ സ്‌നേഹിത, അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ , എന്റെ കഥ, ബാല്യകാലസ്മരണകള്‍ , വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍ , നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍ , ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ , നഷ്ടപ്പെട്ട നീലാംബരി, നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ സ്ത്രീകള്‍ , വണ്ടിക്കാളകള്‍ എന്നിവയാണ് മാധവിക്കുട്ടിയുടെപ്രധാന കൃതികള്‍ . ഇതിന് പുറമേ നിരവധി ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.