DCBOOKS
Malayalam News Literature Website

തുറന്ന മനസ്സുമായി ഇസ്ലാമിലൂടെ ഒരു യാത്ര

പരമ്പരാഗത ഇസ്ലാമിക സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സ്ത്രീ ചില അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‌ക്കേണ്ടവളാണ്. എന്നാല്‍ സബിത ഈ അതിരുകള്‍ക്കപ്പുറത്തേക്ക് ശ്രദ്ധപായിക്കുകയാണ്. സബിത കണ്ടെത്തുന്ന ഇസ്ലാം പുരുഷകേന്ദ്രീകൃതമല്ല. സ്ത്രീയുടെ ഭാഗത്തുനിന്നുകൊണ്ട് അവള്‍ തന്റെ മാതൃത്വത്തിനുവേണ്ടി വാദിക്കുന്നു. അവളുടെ കഥയാണ് ഖദീജാ മുംതാസ്  ബര്‍സ എന്ന നോവലിലൂടെ പറയുന്നത്. മുത്തലാഖ് വിഷയം കത്തിനില്‍ക്കുമ്പോള്‍ ബര്‍സ വീണ്ടും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നാണ് അര്‍ത്ഥം. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ യാത്ര ചെയ്യുന്ന സബിതയുടെ ജീവിതരേഖകള്‍ ആണ് ബര്‍സ. പുരുഷകേന്ദ്രിതമായ ഇസ്ലാമിനെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണിതില്‍. ഇസ്ലാമില്‍ ഒരു സ്ത്രീക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയും എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാലും അവള്‍ ഇസ്ലാമിന്റെ അതിരുകള്‍ക്കുള്ളില്‍ ത്തന്നെയായിരിക്കുമെന്നും സ്ഥാപിക്കുന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

എ പി കുഞ്ഞാമുവാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. 2010ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ നോവലാണ് ബര്‍സ. 2007ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 9-മത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകളായാണ് ഖദീജാ മുംതാസ് ജനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ബര്‍സയ്ക്ക് പുറമെ ആതുരം എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ ദൈവമല്ല, മാതൃകം എന്നീ ഓര്‍മ്മക്കുറിപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

 

Comments are closed.