ഭൂഗോളത്തില്‍ ഒരുതുണ്ട് ഭൂമി: രാഹുല്‍ രാധാകൃഷ്ണന്‍
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഭയവും നിരാശയും ഉത്കണ്ഠയും നിലയുറപ്പിച്ച ലോകക്രമത്തില്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് കാലിടറുകയാണ്. അഭയകേന്ദ്രങ്ങളിലെ അന്തേവാസികളായിത്തീരാന്‍ നീണ്ട വരികളില്‍ കാത്തിരിക്കുന്നവരുടെ സാഹചര്യവും വിഭിന്നമല്ല. ശ്വാസം അടക്കിപ്പിടിക്കാതെ, നിലയുറപ്പിക്കാന്‍ ഒരു തുണ്ടു ഭൂമി അന്വേഷിച്ച് നടക്കുന്നവരുടെ അസ്തിത്വത്തെ അഭിസംബോധന ചെയ്യാതെ ലോകത്തിനു മുന്നോട്ടു നീങ്ങാനാവില്ല എന്ന് തീര്‍ച്ചയാണ്.
ടര്‍ക്കിഷ് ഗോത്രങ്ങളില്‍ ഏറ്റവും പുരാതനമായ വംശമായ ഉയിഗൂര്‍ മുസ്ലിങ്ങള്‍, ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം വംശീയ വിഭാഗമാണ്. മധ്യ-കിഴക്കന്‍ ഏഷ്യയില്‍ വേരുകളുള്ള ഗോത്രവിഭാഗമായ ഇവരെ ചൈനയുടെ വംശീയ ആക്രമണത്തിന്റെ ഇരകളായി കണക്കാക്കുന്നു. സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് മേഖലയിലെ ഉയി ഗൂറുകള്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ചൈനീസ് സര്‍ക്കാര്‍ തുടര്‍ച്ചയായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 മുതല്‍, ചൈനീസ് ഭരണകൂടം, ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍മുസ്ലീങ്ങളെ യാതൊരു നിയമ നടപടികളും കൂടാതെ തടവിലാക്കി എന്നത് വംശീയാക്രമണത്തിന്റെ ഭീകരതയെ അടയാളപ്പെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനപ്രകാരമുള്ള കാരാഗൃഹവാസത്തിനും നിര്‍ബന്ധിത തിരോധാനത്തിനുമുള്ള ഒരു വലിയ സംവിധാനം ചൈന സൃഷ്ടിച്ചിരുന്നു. സ്വാഭാവികമായും വംശഹത്യയുടെ ഭാഗമായി നടത്തിയ പീഡനപരമ്പരയും ചൈനീസ് ഭരണത്തിന്റെ ക്യാമ്പുകളിലെ തടവുജീവിതവും ഉയിഗൂറുകളെ പലായനം അനിവാര്യമാണെന്ന നിശ്ചയത്തിലേക്കെത്തിച്ചു.
ഇത്തരത്തിലുള്ള ചെയ്തികള്‍ അഭിമുഖീകരിക്കേണ്ടി വന്ന സമകാലികനായ ഉയിഗൂര്‍ എഴുത്തുകാരനാണ് പെര്‍ഹാട്ട് ടുര്‍സന്‍. കവി കൂടിയായ അദ്ദേഹത്തിന് 2018-ല്‍ ചൈനീസ് അധികൃതര്‍ പതിനാറു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കുകയാണുണ്ടായത്. മനുഷ്യരുടെ ഒറ്റപ്പെടലിന്റെ വിമ്മിട്ടവും മാനവികതയുടെ സാര്‍വജനീനത്വവും വംശീയതയുടെ ക്രൂരതകളും പ്രതിപാദിക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ ‘The Back streets’ എന്ന നോവല്‍. 1990-കളിലാണ് ഈ പുസ്തകം എഴുതാന്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍, ഉയിഗൂര്‍ ഭാഷയിലുള്ള ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. പൊതുസമൂഹത്തില്‍നിന്ന് അപ്രത്യക്ഷനായ ടുര്‍സന്റെ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് നരവംശശാസ്ത്രജ്ഞനായ ഡാറണ്‍ ബൈലറും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാളും കൂടിയാണ്.
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.