DCBOOKS
Malayalam News Literature Website

‘പ്രേമനഗര’ത്തെ തേടി ജയിലില്‍ നിന്നും ഒരു കത്ത്!

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒറ്റപ്പാലം സ്വദേശി 64-കാരനായ സജീവന്‍ എന്ന തടവുകാരനെ പുസ്തകപ്രേമികളായ മലയാളികള്‍ അത്രവേഗം മറക്കാനിടയില്ല. കത്തെഴുതി ജയില്‍ ലൈബ്രറിയിലേക്ക് അദ്ദേഹം നേടിയെടുത്തത് 500-ലധികം പുസ്തകങ്ങളാണ്.
വാങ്ങിക്കൂട്ടിയതും സൗജന്യമായി കിട്ടിയതും ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങള്‍.

ഇപ്പോഴിതാ ബിനീഷ് പുതുപ്പണം എന്ന എഴുത്തുകാരനെ തേടിയും വിയ്യൂര്‍ ജയിലില്‍ നിന്നും സജീവന്റെ കത്ത് എത്തി. ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ നോവല്‍ എഴുത്തുകാരന്റെ കൈയ്യൊപ്പോടെ ജയില്‍ ലൈബ്രറിയിലേക്ക് അയച്ചു നല്‍കുമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സജീവന്റെ കത്ത്. ക്രിമിനല്‍ കേസില്‍ ശിക്ഷയനുഭവിക്കുന്ന തനിക്ക് സ്വന്തബന്ധങ്ങളില്‍ നിന്നും അകന്നുകഴിയുന്നതിനാല്‍ പുസ്തകങ്ങള്‍ മാത്രമാണ് തടവറയില്‍ ആശ്വാസം പകരുന്നതെന്നും സതീശന്‍ കത്തില്‍ പറയുന്നു. ‘ദ ഹിന്ദു’ പത്രത്തിലെ വാർത്തയിലൂടെയാണ് ആൾ ആദ്യമായി പ്രേമ നഗരത്തെ അറിയുന്നത്. ജയിലിലെ ജോലിയിൽ നിന്നു ലഭിക്കുന്ന വേതനം മുഴുവൻ പുസ്തകങ്ങൾക്കായി ചിലവിടുന്ന അപൂർവ മനുഷ്യൻ.

ബിനീഷ് പുതുപ്പണം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ”കൈയ്യൊപ്പോടു കൂടിയുള്ള ‘പ്രേമനഗരം’ വായിക്കാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ട വായനക്കാരാ.. പുസ്തകം ഉടനെ അയക്കാം.. തടവറ അക്ഷരങ്ങളുടെ ആനന്ദ ലോകമാകുന്നതിൽ സന്തോഷം.എല്ലാ തടവറകളിലും വായനയുടെ വസന്തം വിരിയട്ടെ…”- എന്ന് ആശംസിച്ചുകൊണ്ടാണ് ബിനീഷ് പുതുപ്പണം ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

 

 

പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.

പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.