DCBOOKS
Malayalam News Literature Website

പുസ്തകങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്

ഓര്‍ഹന്‍ പാമുക് എടുത്ത സെല്‍ഫി: പാമുക്, അസ്‌ലി അക്യവസ് എന്നിവരോടൊപ്പം രതീമ രവി ഡിസിയും രവി ഡി സിയും
ഓര്‍ഹന്‍ പാമുക് എടുത്ത സെല്‍ഫി: പാമുക്, അസ്‌ലി അക്യവസ് എന്നിവരോടൊപ്പം രതീമ രവി ഡി സിയും രവി ഡി സിയും

മാർച്ച് ലക്കം പച്ചക്കുതിരയില്‍

രവി ഡി സി

സാഹിത്യ പ്രവര്‍ത്തനമെന്നത് തന്നെ നിലനിര്‍ത്തുന്ന സമൂഹത്തോടും തന്നോടുതന്നെയും സത്യസന്ധത പുലര്‍ത്തേണ്ടതായ ഒരു കര്‍മ്മമാണെന്ന് പ്രത്യക്ഷത്തില്‍തന്നെ ഓര്‍മ്മപ്പെടുത്തുന്ന വിസ്മയകരമായ ഒരു വ്യതിരിക്തത ആ അന്തരീക്ഷത്തില്‍ ഞാന്‍ അനുഭവിക്കുകയുണ്ടായി. പാമുകിനെപ്പോലെയുള്ള ലോകമെമ്പാടും സ്വീകാര്യത ലഭിക്കുന്ന എഴുത്തുകാരുടെ രചനകള്‍ എപ്രകാരം സംഭവിക്കുന്നു എന്നും അത്തരം രചനകള്‍ എന്തുകൊണ്ട് ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നു എന്നും മനസ്സിലാക്കാന്‍ അവിടെ ചിലവഴിച്ച മണിക്കൂറുകള്‍ എനിക്ക് ധാരാളമായിരുന്നു.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ദുരന്തവാര്‍ത്തകള്‍ പുറത്തുവന്ന സമയം ആദ്യം മനസ്സിലേക്കെത്തിയത് അവിടത്തെ ഭൂപ്രകൃതിതന്നെയാണ്. ആ ഭൂമി പിളര്‍ന്ന് പതിനായിരക്കണക്കിന് മനുഷ്യരാണ് മണ്ണിനടിയിലായത്. അപ്പോള്‍ത്തന്നെ അവിടെയുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ശ്രമിച്ചു. ഓര്‍ഹന്‍ പാമുകിനെയാണ് ആദ്യം ബന്ധപ്പെടാന്‍ ശ്രമിച്ചത്. അവിടെ പരിചയക്കാരായ ചില പുസ്തകപ്രസാധകരുമുണ്ട്. ഇന്ത്യയിലെ ടര്‍ക്കിഷ് അബാസിഡറടക്കമുള്ള മറ്റു ചിലരും. ഇവരെയെല്ലാവരെയും Pachakuthira Digital Editionഫോണ്‍ വഴിയും ഇ.മെയില്‍ വഴിയും ബന്ധപ്പെടാനുള്ള ശ്രമം നടത്തി. പാമുക് അടക്കമുള്ള സുഹൃത്തുക്കള്‍ ഭൂകമ്പം ബാധിക്കപ്പെട്ട ഭാഗത്തുള്ളവരായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ ആശ്വാസം.

ഇസ്താംബുള്‍ മാത്രമല്ല, കാപിഡോക്കിയ അടക്കമുള്ള തുര്‍ക്കിയിലെ മറ്റുചില പ്രദേശങ്ങളിലൂടെയും സ്വയം കാര്‍ ഡ്രൈവുചെയ്തുകൊണ്ട് യാത്ര ചെയ്ത പരിചയം എനിക്കുണ്ടായിരുന്നു. അവിടങ്ങളില്‍ ഭൂകമ്പം കാര്യമായി ബാധിച്ചിരുന്നില്ല. തുര്‍ക്കി-സിറിയ അതിര്‍ത്തിപ്രദേശങ്ങളിലാണ് അത് വന്‍ദുരന്തമുണ്ടാക്കിയത്. പക്ഷേ ആ ചെറുരാജ്യങ്ങളിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരെയും അത് പലവിധത്തില്‍ ബാധിച്ചു. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബബന്ധങ്ങളിലോ വ്യക്തി ബന്ധങ്ങളിലോപെട്ട പലരും പലയിടത്തായി മണ്ണിനടിയിലായി. ഇത്തരം ആഘാതത്തില്‍നിന്ന് വ്യക്തികള്‍ക്ക് രക്ഷപ്പെടുക എളുപ്പമല്ല. ഓര്‍ഹന്‍ പാമുകുമായി ബന്ധപ്പെടുമ്പോള്‍ അദ്ദേഹം പറഞ്ഞതും ഇതൊക്കെത്തന്നെയാണ്. തന്റെ ഈ മാനസികാവസ്ഥ ‘ന്യുയോര്‍ക്ക് ടൈംസി’ല്‍ ഒരു ലേഖനമായി എഴുതാനുള്ള ശ്രമത്തിലാണെന്ന് അപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി. എന്തെങ്കിലും എഴുതുകമാത്രമാവും ഇപ്പോഴത്തെ മാനസികാഘാതത്തില്‍നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാനുള്ള ഏകവഴി എന്ന് അദ്ദേഹം കരുതുന്നു. തുര്‍ക്കി ജനതയെ മൊത്തമായി ട്രോമറ്റെസ് ചെയ്ത ആഘാതത്തില്‍നിന്ന് അദ്ദേഹത്തിനു മാത്രമായി രക്ഷപ്പെടുക ക്ഷിപ്രസാധ്യമായ കാര്യമല്ലല്ലോ.

2008-ല്‍, കൊറിയയുടെ തലസ്ഥാനമായ സോളില്‍ വച്ചാണ് ലോകപ്രശസ്ത സാഹിത്യകാരനും നോബല്‍സമ്മാന ജേതാവുമായ ഓര്‍ഹന്‍ പാമുകിനെ ഞാന്‍ ആദ്യം കാണുന്നത്. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ഞാനും സഞ്ചാരത്തിന്റെ ഭാഗമായി അദ്ദേഹവും സോളിലെത്തിയതായിരുന്നു. രണ്ടുപേരും താമസിച്ചത് ഒരേ ഹോട്ടലിലായിരുന്നതുകൊണ്ട് യാദൃച്ഛികമായി കണ്ടുമുട്ടാനും അവസരമുണ്ടായി.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.