ജാതിഅദൃശ്യതയുടെ ചരിത്രവര്‍ത്തമാനം
ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
സംവാദം- പി. സനല്‍മോഹന്‍, സണ്ണി എം. കപിക്കാട്, എം.എ. സിദ്ദിഖ് / ഡോ. ടി.എസ്.ശ്യാംകുമാര്‍
ഡോ. പി. സനല്‍ മോഹന്‍: കേരളചരിത്രത്തെ പറ്റിയുള്ള ഒരു മിത്താണ് കേരള നവോത്ഥാനം എന്നു പറയുന്നത്. ഇന്ത്യന്‍ നവോത്ഥാനം, ബംഗാള്‍ നവോത്ഥാനം എന്നീ നവോത്ഥാന പ്രസ്ഥാനങ്ങളെപ്പറ്റി 1970-കളില്‍ ബംഗാളില്‍നിന്നുള്ള ചരിത്രകാരന്മാര്‍ കൂലംകഷമായി പഠിക്കുകയും നവോത്ഥാനം എന്ന് പറഞ്ഞ ആ സാഹചര്യത്തെ വിമര്‍ശന വിധേയമായി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. കേരളചരിത്രം പഠിക്കുന്ന ആരുംതന്നെ അത്തരം ഒരു ഡിബേറ്റിന്റെ ഭാഗമായി ഇരുന്നിട്ടില്ല. ശുശോഭന്‍ ചന്ദ്ര സര്‍ക്കാരിന്റെ പഠനങ്ങള്‍ പിന്നീട് വന്ന തലമുറ ചോദ്യം ചെയ്തതോടുകൂടിയിട്ടാണ് ബംഗാള്‍ നവോത്ഥാനംതന്നെ ചോദ്യം ചെയ്യപ്പെടുന്നത്.
ജാതി, ജാതിയുടെ ദൃശ്യതയും അദൃശ്യതയും, എക്കാലവും ഇന്ത്യന്‍ അവസ്ഥയില്‍ ചര്‍ച്ചാവിഷയമായിത്തന്നെ തുടരും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ചര്‍ച്ചാവിഷയങ്ങളിലൊന്ന് അതായിരുന്നു. സാമൂഹികചിന്തകരായ പി. സനല്‍മോഹന്‍, സണ്ണി എം. കപിക്കാട്, എം. എ. സിദ്ദിഖ്, ഡോ. ടി. എസ്. ശ്യാംകുമാര്‍ (മോഡറേറ്റര്‍) എന്നിവര്‍ ഈ സംവാദത്തില്‍ പങ്കെടുത്തു.
ഡോ. ടി. എസ്. ശ്യാം കുമാര്‍: ഇന്ത്യയെ അറിയുക എന്നാല്‍ ഇന്ത്യയുടെ ജാതിവ്യവസ്ഥയെ അറിയുകഎന്നുതന്നെയാണ് അര്‍ത്ഥം. കേരളത്തെ സംബന്ധിച്ച് നമ്മള്‍ പുരോഗമനത്തിന്റെ എല്ലാ പടികളും കടന്ന ഒരു പുരോഗമന സമൂഹം എന്ന സവിശേഷ പദവിമൂല്യത്തെ സംബന്ധിച്ച് പറയാറുണ്ടെങ്കിലും, ജാതി പൊതുവിടത്തില്‍നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നുന്നുമെങ്കിലും നമ്മള്‍ഇപ്പോഴും അദൃശ്യമായ ജാതിമൂല്യങ്ങള്‍ക്കും കോയ്മമൂല്യങ്ങള്‍ക്കും കീഴിലാണ് ജീവിക്കുന്നത് എന്നതാണ് സത്യം. ജാതിപരമായ ഉച്ചനീചത്വങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നതുവഴി ജനാധിപത്യപരമായിട്ടുള്ള ഒരു സമൂഹത്തിലേക്ക് വഴിതെളിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എപ്പോഴും പലരും ഉന്നയിക്കുന്ന ഒരു വാദഗതി ജാതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുമെന്നുള്ളതാണ്. അത്തരം ചര്‍ച്ചകള്‍ സാമൂഹികമായ
വിടവുകളാണ് സൃഷ്ടിക്കുക എന്നും. ചില ആക്ഷേപങ്ങളെ മാറ്റിനിര്‍ത്തി സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള സാഹോദര്യ ജനാധിപത്യത്തിലേക്കുള്ള ഒരു വാതില്‍പ്പടിയായി വേണം നാം ഇത്തരം ചര്‍ച്ചകള്‍ കാണേണ്ടത് എന്നും ആമുഖമായിത്തന്നെ പറയട്ടെ. ജാതി എന്നത് ഒരു കോയ്മരൂപവും, അത് നമ്മുടെ സാഹിത്യത്തിലും ഭാവുകത്വത്തിലും നമ്മുടെ ജീവിതരൂപങ്ങളിലും എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സദാ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് എന്നും നമ്മള്‍ മനസ്സിലാക്കണം. ‘തീണ്ടലും തൊടീലും’ പോലെയുള്ള വ്യവസ്ഥകളില്‍നിന്ന് നാം മാറി നടന്നു എന്ന് സൂചിപ്പിക്കാറുണ്ടെങ്കിലും ജാതിവ്യവസ്ഥയ്ക്ക്
അകത്താണ് നമ്മുടെ ജീവിതം ഇപ്പോഴും കെട്ടിപ്പടുത്തിരിക്കുന്നത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ നിയമനപ്രക്രിയ വരുമ്പോള്‍ അയിത്തജാതിക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന പല ജനവിഭാഗങ്ങളും ഇപ്പോഴും അവഗണിക്കപ്പെടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതൊക്കെത്തന്നെ കേരളത്തില്‍ ഇപ്പോഴും തുടരുന്ന അദൃശ്യമായ, അതേ സമയത്തുതന്നെ ദൃശ്യമായ ഒരു ജാതിയുടെ മേല്‍ക്കോയ്മാ സ്വഭാവം വെളിപ്പെടുത്തുന്ന സംഗതികളാണ്. ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങള്‍ 90% സവര്‍ണ്ണരെ ഉള്‍പ്പെടുത്തി സവര്‍ണ്ണകോളനികള്‍ ആയി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതൊക്കെ ഇപ്പോഴും കേരളത്തില്‍ ഒരേസമയം ദൃശ്യമായും അതേസമയം അദൃശ്യരൂപം പൂണ്ടും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേര്‍ചിത്രമാണ്.
പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.