DCBOOKS
Malayalam News Literature Website

നരഭോജികളുടെ ജീവചരിത്രം

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

സി.വി. രമേശന്‍

മൂന്ന് പ്രാവശ്യം ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്ന അപൂര്‍വ്വം സംവിധായികമാരില്‍പ്പെടുന്ന അഗ്നിഷ്‌ക ഹോളണ്ട്, പോളണ്ടിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകരിലൊരാളും, സ്വന്തം രാജ്യത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള ഫാസിസ്റ്റ് അതിക്രമങ്ങളെ സിനിമകള്‍ വഴി പ്രതിരോധിക്കുന്ന, ലോകത്തിലെ പ്രധാന സംവിധായികയുമാണ്. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ ജൂത ഉന്മൂലനങ്ങളും സ്റ്റാലിന്റെ കാലത്തെ ഫാസിസ്റ്റ് അതിക്രമങ്ങളുമടങ്ങുന്ന, വൈവിദ്ധ്യ പൂര്‍ണ്ണമായ പ്രമേയങ്ങള്‍ അവര്‍ ആവിഷ്‌ക്കരിച്ചു.

മാസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഉക്രെയിനെതിരെയുള്ള റഷ്യയുടെ ആക്രമണത്തിനെതിരെ ലോകമൊന്നാകെ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വളാടിമീര്‍ പുടിന്‍ ഏകപക്ഷിയമായി ആരംഭിച്ച ആക്രമണം, റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ഉക്രെയിന്റെ സാമ്പത്തികരംഗം അടിമുടി തകര്‍ത്തു കഴിഞ്ഞു. നിരവധി ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. പുടിന്റെ ഭീഷണികള്‍ക്ക് മുമ്പില്‍ തലകുനിക്കാതെ, ഉക്രെയിന്‍ പ്രസിഡന്റ്  സെലന്‍സ്‌കിയും രാജ്യത്തെ ജനങ്ങളും റഷ്യന്‍ സൈന്യത്തിന് നേരെ ശക്തമായ പ്രതിരോധമാണ് തീര്‍ത്തു കൊണ്ടിരിക്കുന്നത്. 1922ല്‍ സോവിയറ്റ് യുണിയനില്‍ ചേര്‍ന്ന ഉക്രെയിന്‍, 1991 ല്‍ നടന്ന സോവിയറ്റ് തകര്‍ച്ചയോടെയാണ് സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്. തുടര്‍ന്ന്, Commonwealth of IndependentStatesലും പിന്നീട് NATO ലും അംഗമായ ഉക്രെയിനില്‍, വര്‍ഷങ്ങളായി റഷ്യ നേരിട്ടും അല്ലാതെയും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2022 ഫിബ്രവരിയില്‍ റഷ്യ നേരിട്ട് ഉക്രെയിന്‍ ആക്രമിക്കുന്നതോടെയാണ്, ഇപ്പോള്‍ നടന്നുകൊണ്ടിരി ക്കുന്ന റഷ്യ -ഉക്രെയിന്‍ യുദ്ധത്തിന് തുടക്കമാകുന്നത്.

ഈ സാഹചര്യത്തിലാണ് റഷ്യ, ഉക്രെയിന്‍ ജനതയോട് കാണിച്ച ക്രൂരതകളുടെ ചരിത്രം ലോകം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അവയില്‍, ലോക മനസ്സാക്ഷിയെ ഇപ്പോഴും ഞെട്ടിക്കുന്ന, 1932-33 കാലത്ത് ഉക്രെയിനില്‍ നടന്ന ഹോളോഡോമോര്‍ കൂട്ടക്കൊല വീണ്ടും സജിവ ചര്‍ച്ചയ്ക്ക് വിഷയമാവുകയാണ്. ഉക്രെയിന്‍ ഭാഷയില്‍ Holodomor എന്നാല്‍ ‘പട്ടിണിക്കിട്ട് കൊല്ലുക’ എന്നാണര്‍ത്ഥം. സ്റ്റാലിന്റെ സോവിയറ്റ് യൂനിയന്‍ ഭരണത്തില്‍, 1932 നും 1933 നുമിടയില്‍, ഉക്രെയിനില്‍ മന:പൂര്‍വ്വം സൃഷ്ടിച്ച പട്ടിണിയില്‍ മരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തിനും ഒരു കോടിക്കുമിടയിലാണെന്നാണ് യുനൈറ്റഡ് നേഷന്‍സിന്റെ കണക്കുകള്‍ സുചിപ്പിക്കുന്നത്. 1926 മുതല്‍ 1939 വരെയുള്ള കാലത്ത് റഷ്യയില്‍ ജനസംഖ്യ 16.9%വര്‍ധിച്ചപ്പോള്‍, ഉക്രെയിനില്‍ അത് 6.6% മാത്രമായിരുന്നു എന്ന വസ്തുത 1932-33 കാലത്തെ വന്‍ ആള്‍നാശമാണ് അടിവരയിടുന്നത്. ഈ ദുരന്തം കഴിഞ്ഞ് തൊണ്ണൂറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, ഉക്രെയിന്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മോചനം നേടിയിട്ടില്ല. റഷ്യ, ഉക്രെയിന്‍ ആക്രമിച്ച ഈ പുതിയ സാഹചര്യത്തില്‍, ഹോളോഡോമോര്‍ കൂട്ടക്കൊല പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്.

പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

 

 

Comments are closed.