DCBOOKS
Malayalam News Literature Website

കലയുടെയും രാഷ്ട്രീയത്തിന്റെയും പ്രകരണങ്ങള്‍

വി. വിജയകുമാര്‍

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

അമൂര്‍ത്തകലയെ കുറിച്ചുള്ള തന്റെ ആശയങ്ങളേയും കലാകാരനെന്ന നിലയിലുള്ള സ്വാതന്ത്ര്യത്തേയും സ്വയം നിര്‍ണ്ണയാവകാശത്തേയും അധികാരത്തിനു കീഴ്‌പ്പെടുത്താന്‍ ഒരിക്കലും സന്നദ്ധനാകാതിരുന്ന സ്ട്രസെമിന്‍സ്‌കിയുടെ ജീവിതം ആവിഷ്‌ക്കരിക്കുകയെന്നത് ആന്ദ്രേ വൈദയുടെ കലാദര്‍ശത്തിന്റെ എന്നതു പോലെ സമഗ്രാധിപത്യഭരണകൂടങ്ങളോടുള്ള നിലപാടിന്റെയും ഭാഗമായിരുന്നു. പോളിഷ് ചരിത്രത്തിലെ ഏറ്റവും ഹീനമായ അദ്ധ്യായങ്ങള്‍ക്കു സാക്ഷിയായ ഒരു കലാകാരന്‍ ഇവയൊന്നും മറക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയത്തോടെ സാക്ഷാത്ക്കരിച്ചതായിരിക്കണം ഈ ചലച്ചിത്രവും.

കലയുടെ പ്രതിജ്ഞാബദ്ധതആദ്യമായി കലയോടുള്ള പ്രതിജ്ഞാബദ്ധതയാണ്. സ്വയം നന്നാകാനുള്ള പ്രതിജ്ഞാബദ്ധതയാണത്. വ്യക്തിപരമായി നന്നാകുന്നത് സാമൂഹികമായും ഗുണകരമായതിനാല്‍ സ്വയം നന്നാകാനുള്ള പ്രതിജ്ഞാബദ്ധത സാമൂഹികമായും ഗുണകരമാണ്. കലയ്ക്ക് സത്യത്തോടും സൗന്ദര്യത്തോടും മംഗളകാരിയായ നന്മയോടും സഹഭാവങ്ങളുണ്ട്. കല അവയെ ചേര്‍ത്തുപിടിയ്ക്കുന്നു. അപ്പോള്‍, കലയിലെ കള്ളവും നുണയും കെട്ടിച്ചമയ്ക്കലുമെല്ലാം? നല്ല കലയിലെ നുണ ഏതൊരു സത്യത്തേക്കാളും സത്യവും ഏതൊരു യാഥാര്‍ത്ഥ്യത്തേക്കാളും യഥാര്‍ത്ഥവുമാണ്. അതു പലപ്പോഴും പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്നപ്പുറത്തുള്ള യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്തുന്നതാണ്. നല്ല കലയിലെ നുണ സത്യത്തേക്കാളും മഹത്തരമാണ്. എഴുത്തുകാരന്‍ എഴുതി നിറയ്ക്കുന്ന Pachakuthira September Editonവൈരൂപ്യവും തിന്മയും ചിത്രകാരന്‍ വരച്ചിടുന്ന അശ്ലീലവും? ഒരു നല്ല ചിത്രരചനയില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീലം അശ്ലീലമല്ല. നല്ല എഴുത്തില്‍ നിറയ്ക്കപ്പെടുന്ന തിന്മ പോലും അതിന്റെ വൈരുദ്ധ്യാത്മകപ്രവര്‍ത്തനത്തിലൂടെ കുടിലവും കലുഷവുമായ ഏതു മനസ്സിനേയും സാന്ത്വനപ്പെടുത്തുന്നതും പരിവര്‍ത്തിപ്പിക്കുന്നതുമാണ്. ഇരുട്ടിനെ പ്രത്യക്ഷമാക്കി കൊണ്ട് അത് വെളിച്ചത്തെ ഓര്‍മ്മിപ്പിക്കുന്നു. നിഹിലിസ്റ്റിനെ കല്‍പ്പന ചെയ്തുകൊണ്ട് സൃഷ്ടിപരമായി ഇടപെടേണ്ടതിനെ നിര്‍ദ്ദേശിക്കുന്നു. നല്ല കല വൈരൂപ്യത്തിന്റെ ചിത്രണത്തില്‍ പോലും സൗന്ദര്യമൂല്യങ്ങളെ ഉള്ളില്‍ പേറുന്ന കലയാണ്. കലകള്‍ വൈരുദ്ധ്യാത്മകതയെ പ്രകാശിപ്പിക്കുന്നതിലൂടെ സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും മംഗളഭാവത്തിന്റേയും വാഹകരാകുന്നു. നല്ല കല പ്രകൃതിയുടേയും ജീവിതത്തിന്റേയും വൈരുദ്ധ്യാത്മകയാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു.

അപ്പോള്‍, തെറ്റിപ്പോകുന്ന കലയോ? ചീത്ത കലയോ? ചീത്ത കല അതിനോടു തന്നെ പ്രതിജ്ഞാബദ്ധത പുലര്‍ത്താത്ത കലയാണ്. അത് അമംഗളകാരിയായ കലയാണ്. മറ്റേതോ ലക്ഷ്യത്തിനായി സ്വയം നശിപ്പിക്കുന്ന കലയാണ്. പലപ്പോഴും ഉപകരണവാദത്തിന്റെ കലയാണത്. തിന്മയിലേക്കു നയിക്കുന്ന കലയാണ്. സ്വയം പ്രതിജ്ഞാബദ്ധത പുലര്‍ത്താത്ത കല മറ്റൊന്നിനേയും സാന്ത്വനിപ്പിക്കുകയോ നന്നാക്കുകയോ പരിവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നില്ല. നല്ല കലയെ സ്വയം തന്നെ ഒരു ലക്ഷ്യമായി കാണാത്ത കല,സ്വയം ഉള്ളിലേക്കും തന്നെത്തന്നെയും നോക്കാത്ത കല തെറ്റിപ്പോകുന്ന കലയാണ്. സൗന്ദര്യമൂല്യങ്ങളെ സ്വയം ഉള്ളില്‍ വഹിയ്ക്കാത്ത കല ലോകത്തിനു സൗന്ദര്യം പ്രദാനം ചെയ്യുന്നില്ല.

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.