DCBOOKS
Malayalam News Literature Website

ഇസ്ലാമോഫോബിയയും ക്രൈസ്തവ സമൂഹവും

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

ഫാ. ഡോ. വൈ. ടി. വിനയരാജ്

ഇസ്‌ലാമോഫോബിയ അതിരൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജഹാന്‍ഗീര്‍പുരിയും കര്‍ണാടകയും മാംസ ഭക്ഷണവും ഹിജാബും ഒക്കെ നമ്മുടെ മുന്‍പില്‍ വരച്ചിടുന്ന വംശീയതയുടെ രാക്ഷസീയതയെ തുറന്നെതിര്‍ക്കാതെ മുസ്ലിം മത സമൂഹങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്ന ക്രൈസ്തവ മത ചിന്തയെ ക്രിസ്തുവിശ്വാസ സമൂഹം തിരുത്തേണ്ടതുണ്ട്. ഇത് ക്രിസ്തീയമല്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. ക്രൈസ്തവരിലെ തന്നെ ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമ-ജുഡീഷ്യറി മേഖലകളില്‍ പ്രവര്‍ത്തിച്ചു ഖ്യാതി നേടി അന്താരാഷ്ട്ര കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എന്തിനേറെ പേരുകേട്ട ധ്യാന ചിന്തകരുമൊന്നും പക്ഷെ സംഘപരിവാറിന്റെ ഈ വിദ്വേഷ രാഷ്ട്രീയം കാണുന്നേയില്ല.

ബന്ധുത്വത്തിന്റെ ഇഴകള്‍ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതല്‍ക്കുതന്നെ ഇസ്ലാം മതവും ക്രിസ്തുമതവും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ Pachakuthiraതാല്പര്യങ്ങള്‍ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാല്‍ മറുവശത്തു നൈതികതയുടെ പ്രവാചകസംസ്‌കൃതി ആഗോള വ്യാപകമായി നിര്‍മ്മിച്ചെടുത്തതില്‍ ഈ രണ്ടു മതങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അത് ഞാന്‍ ഏറ്റവും വിലമതിക്കുന്ന കാര്യവുമാണ്. പക്ഷെ ഈ അടുത്ത കാലത്തായി ക്രൈസ്തവരുടെ ഇടയില്‍ പ്രത്യേകിച്ചും കേരള ക്രൈസ്തവ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ അഥവാ മുസ്ലിംവിരുദ്ധത മതപഠനങ്ങളെ ഗൗരവമായി കാണുന്നവര്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

ശത്രുതയുടെ ചരിത്രപാഠങ്ങള്‍ സെമിറ്റിക് മതങ്ങളായ യൂദ മതത്തിനും ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും സ്ഥല സംബന്ധവും മതഗ്രന്ഥ സംബന്ധവുമായ ഒട്ടേറെ ബന്ധങ്ങളുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശവും സംസ്‌കൃതിയും മരുഭൂപ്രകൃതിയും ഈ മതങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധുത്വമാണതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. യൂദമതമാണ് ആദ്യം ഉണ്ടായത്. ഇപ്പോഴത്തെ ബൈബിളിന്റെ ആദ്യഭാഗമായ മോശയുടെ നിയമപുസ്തകങ്ങളും പ്രവാചക പുസ്തകങ്ങളുമടങ്ങുന്ന എബ്രായ പാഠങ്ങളാണ് യൂദമതത്തിനാധാരം. മനുഷ്യസംസ്‌കൃതിയെ പരിപോഷിപ്പിച്ച ഒട്ടനവധി നൈതിക പാഠങ്ങള്‍ യൂദമതം സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതവും ഏഴാം നൂറ്റാണ്ടോടുകൂടി ഇസ്ലാം മതവും രാഷ്ട്രീയ അധികാരഘടനയില്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ യൂദമത തത്ത്വചിന്തകള്‍ കൂടുതല്‍ ദേശീയവും വംശീയവുമായി മാറുന്നതുകാണാം. യൂദവംശമാണ് യഥാര്‍ത്ഥ ദൈവജനമെന്നും ദൈവീകഉടമ്പടിയുടെ ഭാഗമായി ലഭിച്ച ഇസ്രായേല്‍ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമുള്ള പഠനങ്ങള്‍ ഇന്ന് സയണിസത്തിലാണ് എത്തിനില്‍ക്കുന്നതെന്നു യിസ്രെയേല്‍-പലസ്തിന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ നമുക്ക് മനസ്സിലാക്കാനാവും.

പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

 

 

Comments are closed.